ആളും ആരവവുമില്ലാതെ കരിപ്പൂര്‍

ആളും ആരവവുമില്ലാതെ കരിപ്പൂര്‍ വിമാനത്തവളം. കേന്ദ്ര സര്‍ക്കാരും കോവിഡും വിലങ്ങിട്ടതോടെയാണ് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം നഷ്ടങ്ങളിലേക്ക് ഇടിച്ചിറങ്ങിയത്. വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍ ആദ്യം ചിറകരിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കരുതലില്‍ ഉണര്ന്നുതുടങ്ങവേ മഹാമാരി വീണ്ടും കരിനിഴല്‍വീഴ്ത്തി. കഴിഞ്ഞ ലോക്ഡൗണിനുശേഷം സര്‍വീസുകള്‍ പുനരാരംഭിക്കവെയാണ് 2020 ആഗസ്ത് ഏഴിന് വിമാന അപകടമുണ്ടായതും വലിയ വിമാനങ്ങളുടെ സര്‍വീസിന് വീണ്ടും വിലക്കേര്‍പ്പെടുത്തിയതും. വര്‍ഷം 20 ലക്ഷത്തിലധികം യാത്രക്കാര്‍ ഉപയോഗിച്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണവും വരുമാനവും ശോഷിച്ചു.
അഞ്ചുവര്‍ഷത്തിനിടെ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞവര്‍ഷം ഇത് നാലിലൊന്നായി ചുരുങ്ങി. 2020-21 വര്‍ഷത്തില്‍ 5,36,211 യാത്രക്കാരേ കരിപ്പൂരിനെ യാത്രക്ക് ഉപയോഗിച്ചുള്ളൂ. 2019–20ല്‍ 8,13,212 യാത്രക്കാരാണുണ്ടായത്. 2016 മുതല്‍ വര്‍ഷം 10 ലക്ഷത്തില്‍താഴെ യാത്രക്കാരേ കരിപ്പൂരിനെ രാജ്യാന്തരയാത്രക്ക് ഉപയോഗിച്ചുള്ളൂ.
2015-16 വര്‍ഷത്തില്‍ 21,36,824 പേര് യാത്രചെയ്തു. 2016-17 വര്‍ഷത്തില്‍ റണ്‍വേ പ്രവൃത്തിയെത്തുടര്‍ന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവച്ചതോടെയാണ് യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് തുടങ്ങിയത്. 10,00,412 പേരാണ് അന്ന് യാത്രചെയ്തത്. 2017–18ല്‍ 9,11,312 പേരും 2018–19ല്‍ 9,00,013 പേരും.
ദിവസം 30 സര്‍വീസുണ്ടായിരുന്നത് ഇപ്പോള്‍ അഞ്ചെണ്ണമായി. പാര്‍ക്കിങ്, ലാന്‍ഡിങ്, നാവിഗേഷന്‍ ചാര്‍ജ് ഇനത്തില്‍ വിമാനക്കമ്പനികളില്‍നിന്ന് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് ലഭിച്ചിരുന്ന തുകയും മൂന്നിലൊന്നായി. യാത്രക്കാരുടെ ഫീ ഇനത്തിലും കോടികളുടെ വരുമാനം നഷ്ടമായി. 2015–16ല്‍ യാത്രക്കാരുടെ ഫീ ഇനത്തില്‍ ലഭിച്ചത് 42 കോടി രൂപയായിരുന്നെങ്കില്‍ 2016–17ല്‍ അത് 20 കോടിയായി കുറഞ്ഞു. 2017–18, 2018–19 വര്‍ഷങ്ങളില്‍ 18 കോടി രൂപയായി. 2019–20ല്‍ 16 കോടിയും 2020–21ല്‍ 10 കോടി രൂപയുമായി.
32 വര്‍ഷംമുമ്പ് പ്രവര്‍ത്തനമാരംഭിച്ച വിമാനത്താവളത്തില്‍ കാര്‍ഗോ വഴിയുള്ള ചരക്ക് നീക്കത്തിലും ഗണ്യമായ കുറവുണ്ടായി. കാര്‍ഗോ വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയതും പ്രതിസന്ധിയാണ്. പ്രവാസികളും ഏറെ പ്രയാസത്തിലായി. താളംതെറ്റിയ വിമാന സര്‍വീസ്, വലിയ വിമാനങ്ങള്‍ നിര്‍ത്തിയതോടെ ഇരട്ടിച്ച യാത്രാദുരിതം, ടിക്കറ്റ് നിരക്ക് അഞ്ചും ആറും ഇരട്ടി വര്‍ധിപ്പിച്ചത്… ഇങ്ങനെ നീളുന്നു ദുരിതം. കേന്ദ്രത്തിലെ യുപിഎ, എന്‍ഡിഎ സര്‍ക്കാരുകള്‍ കരിപ്പൂരിനെ തിരിഞ്ഞുനോക്കിയില്ല. അപകടത്തെ തുടര്‍ന്ന് നിര്‍ത്തിയ വലിയ വിമാനങ്ങളുടെ സര്‍വീസ് എന്ന് പുനരാരംഭിക്കുമെന്ന് അറിയില്ല. വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്ന നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് ആശ്വാസമാണ്.
RECENT NEWS

പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർത്തു: കെ എസ് യു
മലപ്പുറം: പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. വിദ്യാർത്ഥികളിൽ നിന്ന് പണം ഈടാക്കി പരീക്ഷ നടത്താനും, ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടിയും പ്രതിഷേധാർഹമാണ്. [...]