രാജ്യത്തിന് മാതൃക കാണിക്കാന്‍ മലപ്പുറം നഗരസഭയുടെ പുതിയ പദ്ധതി

രാജ്യത്തിന് മാതൃക കാണിക്കാന്‍ മലപ്പുറം നഗരസഭയുടെ പുതിയ പദ്ധതി

മലപ്പുറം: വിദ്യാഭ്യാസ രംഗത്ത് വന്‍കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കി മലപ്പുറം നഗരസഭ ‘മിഷന്‍ 1000’ പദ്ധതി നടപ്പിലാക്കുന്നു. മലപ്പുറം നഗരസഭാ പ്രദേശത്ത് നിന്നും 5 വര്‍ഷം കൊണ്ട് 1000 പേര്‍ക്ക് ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുന്നതിന് വേണ്ട പശ്ചാത്തലം ഒരുക്കുന്നതാണ് പദ്ധതി. ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍.ഐ.ടി.), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം.) ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ (ഐ.സി.എ.ആര്‍.), നാഷണല്‍ അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റികള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് (ഐ.ഐ.എഫ്.ടി.) നാഷണല്‍ ലോ യൂണിവേഴ്സിറ്റികള്‍ കൂടാതെ രാജ്യത്തെ 49 കേന്ദ്രസര്‍വകലാ ശാലകളില്‍ ഉള്‍പ്പെടെ നഗരസഭാ പ്രദേശത്തെ വിദ്യാര്‍ത്ഥികളെ എത്തിക്കുന്നതി നുള്ള പദ്ധതിയാണ് ‘മിഷന്‍ 1000’. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ ഇംപോര്‍ട്ടന്‍സ് (ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങള്‍) പ്രവേശനവുമായി ബന്ധപ്പെട്ട മുഴുവന്‍ നടപടി ക്രമങ്ങളും അഞ്ചുവര്‍ഷത്തെ പദ്ധതി മുഖാന്തരം ഓരോ വര്‍ഷവും വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ദര്‍മാരുടെ നേതൃത്വത്തില്‍ നഗരസഭ നല്‍കും. അഡ്മിഷന്‍ രീതി, പ്രവേശന പരീക്ഷക്ക് വേണ്ട തയ്യാറെടുക്കല്‍, അപേക്ഷിക്കേണ്ട രീതി, സമയം എന്നിവ പ്രത്യേകം പ്രത്യേകം വിദ്യാര്‍ത്ഥികളെ ക്ലസ്റ്ററുകളായി തിരിച്ച് തുടര്‍ച്ചയായി നഗരസഭ നല്‍കും. കൂടാതെ കോവിഡ് പഞ്ചാത്തലം മാറുന്ന സാഹചര്യത്തില്‍ ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സന്ദര്‍ശനാനുമതി ലഭ്യമാക്കി നഗരസഭാ പ്രദേശത്തെ മികച്ച മാര്‍ക്ക് വാങ്ങി വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവര്‍ താല്‍പര്യപ്പെടുന്ന ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് നേരില്‍ കാണുന്നതിന് വേണ്ട അനുമതി നഗരസഭ രൂപീകരിക്കുന്ന സ്പെഷ്യല്‍ ടാസ്‌ക്ക് ഫോഴ്സ് വഴി ലഭ്യമാക്കി വിദ്യാര്‍ത്ഥിയുടെ യാത്രാചെലവ് നഗരസഭ വഹിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാപനത്തെ നേരില്‍ കാണുന്നതിനുള്ള പദ്ധതിയും ഉള്‍പ്പെടുന്നതാണ് ‘മിഷന്‍ 1000’.
രാജ്യത്ത് ആദ്യമായിട്ടായിരിക്കും ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒരു പ്രാദേശിക ഭരണകൂടം ഇത്തരത്തിലുള്ള ഒരു പദ്ധതി നടപ്പില്‍ വരുത്തുന്നത്. നഗരസഭാ പ്രദേശത്ത് നിന്ന് മുന്‍പ് ഇത്തരം സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് എക്സലന്‍സ് ഗാതറിംഗ് സംഘടിപ്പിക്കും. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളെയും മുന്‍പ് ഇത്തരം സ്ഥാപനങ്ങളില്‍ പഠിച്ച വിദ്യാര്‍ത്ഥികളെയും ബന്ധിപ്പിക്കുന്ന എക്സലന്‍സ് സിറ്റിംഗ് നഗരസഭ നേതൃത്വം നല്‍കും.
ഓരോ വര്‍ഷവും പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ സംഗമം സംഘടിപ്പിച്ച് തൊട്ടടുത്ത വര്‍ഷം മുന്‍വര്‍ഷം പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ വഴി ക്യാമ്പസ് ഇന്‍ട്രാക്ഷന്‍ മീറ്റിംഗുകളും നടത്തി അഞ്ച് വര്‍ഷം കൊണ്ട് മലപ്പുറത്തെ ഉന്നത വദ്യാഭ്യാസ രംഗത്ത് അവസരം ലഭിച്ചവരുടെ ‘ടോപ്പേഴ്സ് ഹബ്’ ആക്കി മാറ്റുന്നതാണ് പദ്ധതി.
പദ്ധതിയുടെ ആദ്യ സംഗമവും നഗരസഭ പ്രദേശത്ത് നിന്നും മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ സംഗമവും ആഗസ്റ്റ് 14 ശനി രാവിലെ 9 മണി മുതല്‍ മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തും. കേന്ദ്രസര്‍വ്വകലാശാലയിലെ വിദഗ്ദര്‍, വിദ്യാഭ്യാസ വിചക്ഷണര്‍ ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുക്കും.

Sharing is caring!