മലപ്പുറം എസ്.പിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പൊലീസ് മെഡല്‍

മലപ്പുറം എസ്.പിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പൊലീസ് മെഡല്‍

തിരുവനന്തപുരം: രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ അടക്കം അന്വേഷണ മികവിന് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പൊലീസ് മെഡല്‍.
വാടക വീട്ടില്‍ നിന്നും കഠിനാധ്വാനം കൊണ്ട് പഠിച്ച് പരീക്ഷ എഴുതി ഐപിഎസ് നേടി എടുത്ത സാധാരണക്കാരനാണ് സുജിത് ദാസ്. ജനങ്ങളുടെ ഹൃദയത്തില്‍ ഇടംപിടിക്കാന്‍ വേണ്ടത് അവരുടെ വിഷമതകള്‍ മനസ്സിലാക്കി പെരുമാറുക എന്ന പോളിസിക്കാരനാണ് കോട്ടയം മുട്ടമ്പലം സ്വദേശിയായ സുജിത് ദാസ്.

അതുകൊണ്ട് തന്നെ അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പുരസ്‌ക്കാരം തേടി എത്തുമ്പോള്‍ സുജിത് ദാസ് കൂടുതല്‍ വിനയാന്വിതനാകുന്നു. പാലക്കാട് ജില്ലയില്‍ നിന്നും സ്ഥലം മാറി മലപ്പുറം ജില്ലയില്‍ എത്തുമ്പോള്‍ അധികം പ്രതീക്ഷകള്‍ ഒന്നുമില്ലായിരുന്നു സുജിത് ദാസിന്. എന്നാല്‍, ജനഹൃദയങ്ങളില്‍ ഇടംപടിക്കാന്‍ അദ്ദേഹത്തിന് ഇന്ന് സാധിച്ചിട്ടുണ്ട്. മികച്ച അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ പേരെടുക്കാന്‍ സുജിത്തിനെ കൊണ്ട് സാധിച്ചിട്ടുണ്ട്. ജില്ലയിലെ പൊലീസിന്റെ ഏകോപനത്തില്‍ മികച്ചു നി്ല്‍ക്കുന്ന അദ്ദേഹം പ്രമാദമായ കേസുകളും തെളിയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

പാലക്കാട് ജില്ലയില്‍ അട്ടപ്പാടിയിലെ അടക്കം മാഫിയകളെ ചുരുങ്ങിയ കാലം കൊണ്ട് അമര്‍ച്ച ചെയ്താണ് സുജിത് ദാസ് മലപ്പുറത്തേക്ക് എത്തുന്നത്. വളാഞ്ചേരിയിയില്‍ നിന്നും കാണാതായ കഞ്ഞിപ്പുര ചോറ്റൂരിലെ സുബീറ ഫര്‍ഹത്തിന്റേ(21) തിരോധാനത്തില്‍ തുമ്പുണ്ടാക്കിയത് എസ്പി അടങ്ങുന്ന അന്വേഷണ സംഘമായിരുന്നു. സുബീറയെ അയല്‍വാസി തന്നെയായ പ്രതി വരിക്കോടന്‍ വീട്ടില്‍ മുഹമ്മദ് അന്‍വര്‍(38) കൊലപ്പെടുത്തി കുഴിച്ചിടുകയായിരുന്നു. ഈ കേസിലെ കുറ്റവാളിയെ കണ്ടെത്തിയ അന്വേഷണ മികവിന് കൂടിയാണ് ഇപ്പോള്‍ കേന്ദ്ര പൊലീസ് മെഡല്‍ ലഭിച്ചിരിക്കുന്നത്.

വെട്ടിച്ചിറയിലെ ഡെന്റല്‍ ക്ലിനിക്കില്‍ ഡോക്ടറുടെ സഹായിയായി ജോലി ചെയ്തിരുന്ന സുബീറ ഫര്‍ഹത്തിനെ മാര്‍ച്ച് 10 മുതലാണ് കാണാതായത്. വീട്ടില്‍ നിന്നു രാവിലെ ക്ലിനിക്കിലേക്കിറങ്ങിയതായിരുന്നു. ജോലിക്ക് എത്താതിരുന്ന ഫര്‍ഹത്തിന്റെ വിവരങ്ങള്‍ ക്ലിനിക്കില്‍ നിന്നു ഡോക്ടര്‍ അന്വേഷിച്ചപ്പോഴാണ് കാണാതായ വിവരം വീട്ടുകാര്‍ അറിയുന്നത്. വിദേശത്ത് ജോലിയുള്ള കഞ്ഞിപ്പുര കിഴക്കത്ത് പറമ്പാട്ട് കബീറിന്റെ മകളായ സുബീറ ഫര്‍ഹത്ത് വിവാഹമോചിതയാണ്. ആഭരണത്തിന് വേണ്ടിയാണ് സുബീറയെ കൊലപ്പെടുത്തിയതും.

തിരൂര്‍ ഡിവൈഎസ്പി കെ.എ.സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കേസില്‍ അന്വേഷണം നടത്തിയത്. ഏകോപനമായിരുന്നു സുജിത് ദാസിന്. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസിലും സജിത് ദാസിന്റെ പേരു ഉയര്‍ന്നു കേട്ടു. അപകട മരണത്തിന് പിന്നിലെ കാരണം തിരഞ്ഞു പോയപ്പാഴാണ് അര്‍ജുന്‍ ആയങ്കിയിലേക്കു കൂട്ടരിലേക്കും അന്വേഷണം എത്തിയത്.
2015 ഐപിഎസ് ബാച്ചിലുള്ള സുജിത് ദാസ് ഐപിഎസ് നിലവില്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിയാണ്. കോഴിക്കോട് ഡിസിപി, ആലപ്പുഴ എസ്പി, പൊലീസ് ആസ്ഥാനത്ത് അഡീഷണല്‍ അസി. ഇന്‍സ്‌പെക്ടര്‍ ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

ഒമ്പത് മലയാളി പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഇത്തവണ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ചത്. ഉത്രവധക്കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി ഹരിശങ്കര്‍ അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. രാജ്യത്താകെ ഒട്ടാകെ 152 പേര്‍ക്കാണ് മെഡല്‍ ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ ഇവര്‍ മൂന്നുപേരെ കൂടാതെ ഇസ്പെക്ടര്‍മാരായ സിജു ബി കെ, സി അലവി, ഷിന്റോ കുര്യന്‍ എന്നിവര്‍ക്കും ഡിവൈഎസ്പിമാരായ വി വി ബെന്നി, പി വിക്രമന്‍ എന്നിവര്‍ക്കും പുരസ്‌ക്കാരം ലഭിച്ചു.

എന്‍ഐഎയില്‍ നിന്നും അഞ്ചും, സിബിഐയില്‍ നിന്ന് 13 പേരും മെഡല്‍ നേടി. 28 വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 152 പൊലീസുകാര്‍ക്കാണ് മെഡലിന് അര്‍ഹരായത്. മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ പട്ടികയില്‍ ഇടം പിടിച്ചത്. 11 പേര്‍ വീതം. ഉത്തര്‍പ്രദേശില്‍ നിന്ന് 10, രാജസ്ഥാനില്‍ നിന്നും കേരളത്തില്‍ നിന്നും 9 പേര്‍ വീതം, തമിഴ്നാട്ടില്‍ നിന്ന് 8, ബിഹാറില്‍ നിന്ന് 7, ഡല്‍ഹി, കര്‍ണാടക, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് 6 പേര്‍ വീതം, മറ്റ് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി ഒരോ ഉദ്യോഗസ്ഥര്‍ വീതവും പട്ടികയില്‍ ഇടം നേടി.
കുറ്റാന്വേഷണ വൈദഗ്ധ്യത്തിലെ നിലവാരം ഉയര്‍ത്തുക, പൊലീസ് ഉദ്യോഗസ്ഥരിലെ അത്തരം കഴിവുകള്‍ അംഗീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി 2018ലാണ് ഈ മെഡല്‍ ഏര്‍പ്പെടുത്തിയത്

 

Sharing is caring!