ജില്ലയില്‍ പ്രതിരോധ കുത്തിവെപ്പ് ഊര്‍ജിതമാക്കുന്നു. വാക്‌സിന്‍ വിതരണത്തിന്  പ്രത്യേക ക്യാമ്പയിന്‍ തുടങ്ങി

ജില്ലയില്‍ പ്രതിരോധ കുത്തിവെപ്പ് ഊര്‍ജിതമാക്കുന്നു.  വാക്‌സിന്‍ വിതരണത്തിന്  പ്രത്യേക ക്യാമ്പയിന്‍ തുടങ്ങി

ജില്ലയില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഊര്‍ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. 60 വയസിനുമേല്‍ പ്രായമുള്ള ഇതുവരെ ഒരു ഡോസ് പോലും വാക്‌സിന്‍ എടുക്കാത്ത മുഴുവന്‍ ആളുകള്‍ക്കും 18 വയസിനു മേല്‍ പ്രായമുള്ള എല്ലാ കിടപ്പു രോഗികള്‍ക്കും  ഓഗസ്റ്റ് 15 നകം ഒരു ഡോസ്  കോവിഡ് വാക്‌സിനെങ്കിലും നല്‍കുന്നതിനുള്ള പ്രത്യേക ക്യാമ്പയിനാണ് നടക്കുന്നത്.

ഇതിനായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെയും ഒരു ഡോസ് പോലും വാക്‌സിന്‍ ലഭിച്ചിട്ടില്ലാത്ത 60  വയസ് കഴിഞ്ഞവരുടെയും  18 വയസ് കഴിഞ്ഞ വാക്‌സിന്‍ എടുക്കാത്ത കിടപ്പു രോഗികളുടെയും ലിസ്റ്റ് ജനപ്രതിനിധികളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായത്തോടെ തയ്യാറാക്കി അവര്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടന്നുവരികയാണ്. കിടപ്പു രോഗികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റുകള്‍ സജ്ജീകരിക്കും. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ വാക്‌സിന്‍ ഇതുവരെ ലഭിക്കാത്ത 18 വയസ് കഴിഞ്ഞ കിടപ്പുരോഗികളുടെ വീടിനു സമീപം കുത്തിവെപ്പ് ക്യാമ്പുകള്‍ സംഘടിപ്പിച്ച് അവിടേക്ക് പരിസരത്തെ 60 വയസ് കഴിഞ്ഞ ഒരു കുത്തിവെപ്പ് പോലും എടുക്കാത്തവരെയും കൂടി എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തും.  ഇതിനായി ഓരോ പ്രദേശത്തെയും 18 വയസ് കഴിഞ്ഞ കിടപ്പുരോഗികളുടെയും  60 വയസ് കഴിഞ്ഞവരുടെയും ലിസ്റ്റ് തയ്യാറാക്കി അതില്‍ ഒരു ഡോസ്‌പോലും ലഭിക്കാത്തവരെ പ്രത്യേകം കണ്ടെത്തി അവരെ കുത്തിവെപ്പ് ക്യാമ്പുകളിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനമാണ് നടത്തുക. കോവിഡ് ബാധിച്ചാല്‍ ഈ രണ്ട് വിഭാഗക്കാര്‍ക്കും രോഗം കൂടുതല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ അത്തരം സാഹചര്യം ഒഴിവാക്കുകയും മരണ സാധ്യത കുറയ്ക്കുകയും ചെയ്യുക എന്നതാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. ജില്ലയില്‍ കാമ്പയിന്‍ വിജയിപ്പിക്കുന്നതിന് ജനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരും ഇതരവകുപ്പുകളും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.

Sharing is caring!