മമ്പുറം ആണ്ടുനേര്‍ച്ച: മതപ്രഭാഷണങ്ങള്‍ക്ക് തുടക്കമായി

മമ്പുറം ആണ്ടുനേര്‍ച്ച: മതപ്രഭാഷണങ്ങള്‍ക്ക് തുടക്കമായി

തിരൂരങ്ങാടി: ന്യൂനപക്ഷങ്ങളുടെ അവകാശ സംരംക്ഷണത്തിന് യോജിച്ചുള്ള പോരാട്ടം അനിവാര്യമാണെന്ന് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍. 183-ാമത് മമ്പുറം ആണ്ടുനേര്‍ച്ചയുടെ ഭാഗമായി നടക്കുന്ന മതപ്രഭാഷണ പരമ്പര ഉദ്ഘടാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ സംവിധാനം ശക്തിപ്പെടണമെങ്കില്‍ ന്യൂനപക്ഷ-പിന്നോക്ക ജനവിഭാഗങ്ങളുടെ പുരോഗതി കൂടി അനിവാര്യമാണ്. ജാതി-മതങ്ങള്‍ക്കതീതമായി എല്ലാവരെയും സംഘടിപ്പിച്ചു ജനകീയ മുന്നേറ്റം നടത്തുകയും സാമൂഹിക വിപ്ലവം സാധ്യമാക്കുകയും ചെയ്ത മമ്പുറം തങ്ങളുടെ അവകാശ പോരാട്ടങ്ങള്‍ പുതുതലമുറകള്‍ക്ക് കൂടി പാഠമാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇബ്രാഹീം ഫൈസി തരിശ് അധ്യക്ഷത വഹിച്ചു. സി.എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ് സ്വാഗതം പറഞ്ഞു. അന്‍വര്‍ മുഹ്യിദ്ദീന്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തി.
ഇന്ന് മഖാമില്‍ നടക്കുന്ന വ്യാഴാഴ്ച സ്വലാത്തിന് കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും. നാളെ മതപ്രഭാഷണം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അന്‍വര്‍ അലി ഹുദവി പുല്‍ക്കോട് പ്രഭാഷണ നടത്തും.
17-ന് ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന മൗലിദ്, ഖത്മ്, ദുആ സദസ്സോടെ ആണ്ടുനേര്‍ച്ചക്ക് സമാപ്തിയാകും. നേര്‍ച്ച ദിവസങ്ങളില്‍ ഉച്ചക്ക് മഖാമില്‍ മമ്പുറം മൗലിദ് സദസ്സും നടക്കുന്നുണ്ട്.

തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക ക്രമീകരണങ്ങള്‍

മമ്പുറം: മഖാം സന്ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്കായി മഖാം കമ്മിറ്റി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മഖാമില്‍ സന്ദര്‍ശനം നടത്തുന്നതിനും പ്രാര്‍ത്ഥന നിര്‍വഹിക്കുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനായി കൂടുതല്‍ വളണ്ടിയേഴ്സിനെയും സജ്ജീകരിച്ചിട്ടുണ്ട്. ഇടവേളകളില്‍ മഖാമും പരിസരവും അണുവിമുക്തമാക്കുന്നുമുണ്ട്. കൂടാതെ ചടങ്ങുകളുടെ തത്സമയ സംപ്രേഷണവും നേര്‍ച്ചകളും സംഭാവനകളും സ്വീകരിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനവുമുണ്ട്.

Sharing is caring!