183ാമത് മമ്പുറം ആണ്ടുനേര്‍ച്ചക്ക് നാളെ കൊടികയറ്റം

മലപ്പുറം: കേരളീയ മുസ്ലിംകളുടെ ആത്മീയാചാര്യനും ജാതി-മത ഭേദമന്യെ സര്‍വരുടെയും ആശാകേന്ദ്രവുമായിരുന്ന മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 183-ാമത് ആണ്ടുനേര്‍ച്ചക്ക് ഇന്ന് കൊടികയറ്റം.
കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകള്‍ ക്രമീകരിച്ചിട്ടുള്ളത്. വിശ്വാസികള്‍ക്കായി തത്സമയ സംപ്രേഷണവും ഒരുക്കിയിട്ടുണ്ട്. പതിനായിരങ്ങള്‍ക്ക് ആത്മനിര്‍വൃതി പകരുന്ന മമ്പുറം ആണ്ടുനേര്‍ച്ചയുടെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന് മമ്പുറം സയ്യിദ് അഹ്മദ് ജിഫ്രി കൊടികയറ്റം നടത്തുന്നതോടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആണ്ടുനേര്‍ച്ചക്ക് തുടക്കമാവും. മഖാം സിയാറത്തിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. രാത്രി നടക്കുന്ന മജ്ലിസുന്നൂര് ആത്മീയ സദസ്സിന് സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി നേതൃത്വം നല്‍കും.
നാളെ രാത്രി മതപ്രഭാഷണം നടക്കും. സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അന്‍വര്‍ മുഹ്യിദ്ദീന് ഹുദവി പ്രഭാഷണം നടത്തും.
12 ന് വ്യാഴാഴ്ച രാത്രി നടക്കുന്ന മമ്പുറം സ്വലാത്ത് സദസ്സിന് കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും.
തുടര്‍ന്നുള്ള ദിവസങ്ങളിലും മതപ്രഭാഷണങ്ങള്‍ നടക്കും. 13 ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും അന്‍വര്‍ അലി ഹുദവി പുല്ക്കോട് പ്രഭാഷണവും നടത്തും. 14 ന് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 15 ന് ഞായറാഴ്ച സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രഭാഷണവും നടത്തും.
16-ന് തിങ്കളാഴ്ച രാത്രി നടക്കുന്ന പ്രാര്‍ത്ഥനാ സദസ്സ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനാകും. കോഴിക്കോട് വലിയ ഖാദി സയ്യിദ് അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ആമുഖ പ്രാര്‍ത്ഥന നടത്തും. പ്രാര്‍ത്ഥനാ സദസ്സിന് സയ്യിദ് ഫദ്ല് തങ്ങള്‍ മേല്‍മുറി നേതൃത്വം നല്‍കും.
17-ന് ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന മൗലിദ്, ഖത്മ്, ദുആ സദസ്സോടെ ഒരാഴ്ച നീണ്ടു നില്ക്കുന്ന ആണ്ടുനേര്‍ച്ചക്ക് സമാപ്തിയാകും. പ്രാര്‍ത്ഥനക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും.
നേര്‍ച്ച ദിവസങ്ങളില്‍ ഉച്ചക്ക് മഖാമില്‍ മൗലിദ് സദസ്സും നടക്കും. കോവിഡ് പ്രത്യേക സാഹചര്യം പരിഗണിച്ച് നേര്‍ച്ചകളും സംഭാവനകളും സ്വീകരിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളും ഏര്‍പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ യു. ശാഫി ഹാജി ചെമ്മാട്, സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, പി.ഇസ്ഹാഖ് ബാഖവി ചെമ്മാട്, ഹംസ ഹാജി മൂന്നിയൂര്‍, സി.കെ മുഹമ്മദ് ഹാജി പുകയൂര്‍ എന്നിവര്‍ പങ്കെടുത്തു.
RECENT NEWS

മലപ്പുറം പോലീസിന്റെ മിന്നൽ പരിശോധന; കൊണ്ടോട്ടിയിൽ 50 കിലോ കഞ്ചാവ് പിടികൂടി
കൊണ്ടോട്ടി: വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന 50 കിലോ കഞ്ചാവ് മലപ്പുറം ഡാൻസാഫ് നടത്തിയ പരിശോധനയിൽ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറൂഖ് സ്വദേശി കെ പി ജിബിൻ (26), കടലുണ്ടി പെരിയമ്പലം സ്വദേശി [...]