കവളപ്പാറ ദുരന്തത്തിന് വര്‍ഷം: നടുക്കുന്ന ദുരന്ത സ്മരണകള്‍ ഉള്ളിലൊതുക്കി ഒരു ജനത

കവളപ്പാറ ദുരന്തത്തിന് വര്‍ഷം: നടുക്കുന്ന ദുരന്ത സ്മരണകള്‍ ഉള്ളിലൊതുക്കി ഒരു ജനത

നിലമ്പൂര്‍: കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്നു ഇന്നു രണ്ടു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നടുക്കുന്ന ദുരന്ത സ്മരണകള്‍ ഉള്ളിലൊതുക്കി ഒരു ജനത. .2019-ഓഗസ്റ്റ്് എട്ടിനാണ് മലയോര മേഖലയെ ഉരുള്‍പൊട്ടലിന്റെയും പ്രളയത്തിന്റെയും രൂപത്തില്‍ വിഴുങ്ങിയത്. കവളപ്പാറ മുത്തപ്പന്‍കുന്നില്‍ ഉരുള്‍പൊട്ടി താഴ്വാരത്ത് അധിവസിച്ചിരുന്ന നാല്‍പ്പത്തിയഞ്ചോളം വീടുകള്‍ മണ്ണിനടിയിലായി. രാത്രി എട്ടു മണിയോടെയുണ്ടായ ദുരന്തത്തില്‍ ഓടിരക്ഷപ്പെടാന്‍ പോലുമാകാതെ അന്‍പത്തിയൊന്‍പത് ജീവനുകള്‍ മുത്തപ്പന്‍കുന്നില്‍ അമര്‍ന്നുപോയി. ഏതാണ്ടു ഒരുമാസത്തോളം നീണ്ടു നിന്ന തെരച്ചിലില്‍ നാല്‍പ്പത്തിയൊന്‍പത് മൃതദേഹങ്ങള്‍ കണ്ടെടുക്കാനായി. പതിനൊന്ന് ജീവനുകള്‍
കണ്ടെടുക്കാനായില്ല. ഒരു കുടുംബത്തിലെ തന്നെ നാലും അഞ്ചും അംഗങ്ങള്‍ പോലും ദുരന്തത്തിനിരകളായി.
കവളപ്പാറയിലേയും പരിസര പ്രദേശങ്ങളിലെയും ദുരന്തബാധിതരായ 128 കുടുംബങ്ങളുടെ പുനരധിവാസം സര്‍ക്കാര്‍ ഏറെക്കുറെ സാധ്യമാക്കിയിട്ടുണ്ട്. ജനറല്‍ വിഭാഗത്തിലുള്ള 33 കുടുംബങ്ങള്‍ക്ക് ഭൂദാനത്തും 24 കുടുംബങ്ങള്‍ക്കു ഞെട്ടിക്കുളത്തും പുനരധിവാസം സാധ്യമാക്കി. റീബില്‍ഡ് നിലമ്പൂര്‍ വാങ്ങി നല്‍കിയ ഭൂമിയില്‍ മുസ്ലിം ജമാഅത്ത് പന്ത്രണ്ട് വീടുകളും നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. മുതുകുളത്ത് പതിനഞ്ച് കുടുംബങ്ങളും വണ്ടൂര്‍ കാരാട് നാലു കുടുംബങ്ങളും താമസമാക്കിയിട്ട് മാസങ്ങളായി. മറ്റു ചില കുടുംബങ്ങള്‍ സര്‍ക്കാര്‍ സഹായം വാങ്ങി സ്വന്തം നിലയ്ക്ക് ഭൂമി കണ്ടെത്തി വീടുകള്‍ നിര്‍മിച്ച് താമസിക്കുന്നുമുണ്ട്. ഞെട്ടിക്കുളത്ത് ജനറല്‍ വിഭാഗത്തിലുള്ള കുടുംബങ്ങളുടെ ഇരുപത്തിനാല് വീടുകളുടെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. കവളപ്പാറയിലെ 33 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കു ഉപ്പട ആനക്കല്ലില്‍ വീടുകളുടെ നിര്‍മാണവും നടന്നുവരുന്നുണ്ട്. വീട് നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ കവളപ്പാറ കോളനിക്കാര്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി പോത്തുകല്ലിലെ ദുരിതാശ്വാസ ക്യാമ്പില്‍ത്തന്നെയാണ് കഴിയുന്നത്. എന്നാല്‍ സര്‍ക്കാര്‍ ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ചതും കവളപ്പാറയില്‍ ഉള്‍പ്പെടുന്നതുമായ പ്രദേശത്തെ അറുപതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ വൈകുകയാണ്. ഇതില്‍ കവളപ്പാറ കോളനിക്കാരടക്കം ഇരുപത്തിയഞ്ച് കുടുംബളെ പുനരധിവസിപ്പിക്കുതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ച് വരുന്നതായാണ് പുതിയ വിവരം. ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ പേറി നിരവധി കുടുംബങ്ങള്‍ ദുരന്ത ഭൂമിയുടെ പരിസര പ്രദേശങ്ങളില്‍ ഭീതിയോടെ ഇപ്പോഴും താമസിക്കുന്നുണ്ട്. കാലവര്‍ഷം ശക്തമാകുമ്പോള്‍ ഇവര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും താമസം മാറ്റും. മഴയുടെ ശക്തി കുറയുമ്പോള്‍ തങ്ങളുടെ മണ്ണിലേക്കു തിരികെ വരികയും ചെയ്യും.

Sharing is caring!