നിയന്ത്രണങ്ങളിലെ ഇളവ് ദുരുപയോഗം ചെയ്യരുത്: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

നിയന്ത്രണങ്ങളിലെ ഇളവ് ദുരുപയോഗം ചെയ്യരുത്: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിനൊപ്പം പൊതുജനങ്ങളുടെ സാധാരണ ജീവിതം ഉറപ്പുവരുത്തുന്നതിനായി നിലവില്‍ നിയന്ത്രണങ്ങളില്‍ ഏര്‍പ്പെടുത്തിയ ഇളവുകള്‍ ഒരു കാരണവശാലും ദുരുപയോഗം ചെയ്യരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അഭ്യര്‍ഥിച്ചു. വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത സജീവമായി നിലനില്‍ക്കുകയാണ്. ഈ ഘട്ടത്തില്‍ ആരോഗ്യ ജാഗ്രത പാലിക്കുന്നതിലൂടെ മാത്രമെ സ്വയരക്ഷയും കുടുംബത്തിന്റെ ആരോഗ്യ സംരക്ഷണവും ഉറപ്പാക്കാനാകൂ.

വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. രണ്ട് മാസ്‌കുകളുടെ ശരിയായ ഉപയോഗം അത്യാവശ്യമാണ്. സാമൂഹ്യ അകലം ഉറപ്പാക്കുന്നതിലും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൃത്യമായ ഇടവേളകളില്‍ കഴുകി വൃത്തിയാക്കുന്നതിലും വീഴ്ച പാടില്ല. വീടുകളില്‍ അതീവ ജാഗ്രത തുടരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു.

രോഗ വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Sharing is caring!