മലപ്പുറം സ്വദേശി നഴ്സ് ജിദ്ദയില്‍ മരണപ്പെട്ടു

ജിദ്ദ: മലപ്പുറം സ്വദേശിയായ നേഴ്സ് ജിദ്ദയില്‍ ചികിത്സയിലായിരിക്കേ മരണപ്പെട്ടു. എടക്കര മുസ്ലിയാരങ്ങാടി സ്വദേശിയും കിംഗ് ഫഹദ് ആശുപത്രി ജീവനക്കാരിയുമായ നസീമ (43) ആണ് മരിച്ചത്. സുലൈമാനിയ ഈസ്റ്റ് ജിദ്ദ ആശുപത്രിയില്‍ വെച്ച് ബുധനാഴ്ച രാവിലെ എട്ടു മണിക്കായിരുന്നു അന്ത്യം. സൗദി എടക്കര വെല്‍ഫയര്‍ അസോസിയേഷന്‍ ജിദ്ദ ചാപ്റ്റര്‍ പ്രസിഡന്റും ഹൈദര്‍ ഹാജിയുടെ മകനുമായ ഷാഹിദ് റഹ്മാന്‍ എന്ന നാണി ഭര്‍ത്താവാണ്. ഒമ്പത് വയസ്സ് പ്രായമുള്ള യാസീന്‍ ഏക മകനാണ്.

ഒന്നര മാസം മുമ്പ് ബാധിച്ച കോവിഡ് പൂര്‍ണമായി ഭേദമായിരുന്നെങ്കിലും മറ്റു ആരോഗ്യ പ്രശ്‌നങ്ങളാല്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയവെയാണ് മരണം. നസീമ ഒരു വര്‍ഷം മുമ്പ് കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. അതുസംബന്ധിച്ച ശാരീരിക പ്രശനങ്ങള്‍ മൂലം ഇരുപത് ദിവസങ്ങളായി ആശുപത്രി വെന്റിലേറ്ററില്‍ തുടരുകയായിരുന്നു.

കഴിഞ്ഞ 15 വര്‍ഷത്തോളമായി ജിദ്ദയില്‍ പ്രവാസിയായ നസീമ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയായിരുന്നു. ‘നസീമയുടെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ഒന്ന് കണ്ണോടിച്ചപ്പോഴാണ് അവരുടെ കാരുണ്യത്തിന്റെ ഹൃദയം മനസ്സിലായത്. അശരണരേയും അഗതികളേയും പാവപ്പെട്ടവരേയും സഹായിക്കാനുള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതാണ് മിക്കവാറും പോസ്റ്റുകള്‍’: നസീമയെ അനുസ്മരിച്ചു കൊണ്ട് ഒരാള്‍ ഫേസ്ബുക്കില്‍ രേഖപ്പെടുത്തി.

അടുത്തടുത്ത ദിവസങ്ങളിലായി ഉണ്ടായ രണ്ട് വ്യത്യസ്ത ദുഃഖസംഭവങ്ങളില്‍ വിതുമ്പുകയാണ് ജിദ്ദയിലെ മലയാളി സമൂഹം. ചൊവ്വാഴ്ച ഉണ്ടായ കൊലപാതകം സമൂഹത്തിന് നടുക്കം പകര്‍ന്നിരുന്നു. മലപ്പുറം കോട്ടക്കല്‍ സ്വദേശിയെ ജിദ്ദയില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ ആഘാതത്തില്‍ നിന്ന് മുക്തമാവും മുമ്പേ തൊട്ടടുത്ത ദിവസം ഉണ്ടായ സങ്കടകരമായ മരണം മൂകത പരത്തുകയാണ്. കോട്ടക്കല്‍ വലിയപറമ്പ് സ്വദേശി കുഞ്ഞലവി ഉണ്ണീന്‍ നമ്പ്യാടത്ത് (45) ആണ് കിഴക്കന്‍ ജിദ്ദയിലെ അല്‍സാമിര്‍ ഏരിയയില്‍ വെച്ച് കൊല്ലപ്പെട്ട നിലയില്‍ കാറില്‍ കണ്ടെത്തിയത്.

Sharing is caring!