മുന്‍ തിരൂര്‍ സി.ഐക്കെതിരെ വാച്യാന്വേഷണം തുടങ്ങി പ്രമോഷന്‍ തടസപ്പെടും

മുന്‍ തിരൂര്‍ സി.ഐക്കെതിരെ വാച്യാന്വേഷണം തുടങ്ങി പ്രമോഷന്‍ തടസപ്പെടും

മലപ്പുറം: പത്രപ്രവര്‍ത്തക യൂണിയന്‍ മലപ്പുറം ജില്ലാ സെക്രട്ടറി കെ.പി.എം.റിയാസിനെ തിരൂര്‍ സിഐ ആയിരുന്ന ടി.പി ഫര്‍ഷാദ് മര്‍ദ്ദിച്ച സംഭവത്തില്‍ വകുപ്പുതല നടപടിക്കു മുന്നോടിയായി വാച്യാന്വേഷണം തുടങ്ങി. ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രനാണ് അന്വേഷണം നടത്തുന്നത്. വാച്യാന്വേഷണത്തിന്റെ ഭാഗമായി സിഐ ഫര്‍ഷാദ്, റിയാസ്, സാക്ഷികള്‍ എന്നിവരുടെ മൊഴിയെടുക്കും. തുടര്‍ന്ന് തെളിവെടുപ്പിനു ശേഷമാണു വിചാരണ നടത്തുക. വാച്യാന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഡിഐജിക്കു സമര്‍പ്പിക്കും.
വാച്യാന്വേഷണം സിഐ ഫര്‍ഷാദിന്റെ പ്രമോഷന്‍, അംഗീകാരം തുടങ്ങിയ വകുപ്പുതല നടപടികളെ ബാധിക്കും. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഡിവൈഎസ്പി മോഹനചന്ദ്രന്‍ അറിയിച്ചു.
റിയാസിനെ മര്‍ദ്ദിച്ച സംഭവത്തില്‍ സിഐയ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി ജില്ലാ പൊലീസ് മേധാവിക്കു നല്‍കിയ പരാതിയുടെയും പ്രക്ഷോഭങ്ങളുടെയും അടിസ്ഥാനത്തിലാണ് വാച്യാന്വേഷണത്തിന് ഉത്തരവിട്ടത്.
റിയാസ് തന്റെ നാടായ തിരൂര്‍ പുറത്തൂര്‍ പുതുപ്പള്ളിയില്‍ വീടിന്റെ തൊട്ടടുത്ത കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോഴാണ് ജൂലൈ 8ന് ഫര്‍ഷാദിന്റെ അതിക്രമം. കടയില്‍ ആളുള്ളതിനാല്‍ തൊട്ടപ്പുറത്തുള്ള കസേരയില്‍ ഒഴിഞ്ഞുമാറി ഇരിക്കുകയായിരുന്നു റിയാസ്. ഈ സമയം ഇവിടെയെത്തിയ പൊലീസ് സംഘം വാഹനം നിര്‍ത്തി കടയിലേക്ക് കയറുകയും സിഐയുടെ നേതൃത്വത്തില്‍ റിയാസിനെ ലാത്തികൊണ്ട് ക്രൂരമായി തല്ലിച്ചതക്കുകയുമായിരുന്നു. പരുക്കേറ്റ റിയാസ് ഒരാഴ്ചയോളം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തേ ഫര്‍ഷാദിനെ തിരൂരില്‍നിന്നു സ്ഥലംമാറ്റിയിരുന്നു.
മനുഷ്യാവകാശ കമ്മിഷനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവിയോട് കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടികളുണ്ടാകുമെന്ന് കമ്മിഷന്‍ അറിയിച്ചു.
സിഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് കംപ്ലയ്ന്റ്‌സ് അതോറിറ്റിയിലും യൂണിയന്‍ പരാതി നല്‍കിയിട്ടുണ്ട്.

മര്‍ദ്ദന ദൃശ്യങ്ങള്‍ പതിഞ്ഞ
സിസിടിവി ഹാര്‍ഡ് ഡിസ്‌ക്
പൊലീസ് കൊണ്ടുപോയി

തിരൂര്‍: സിഐ ഫര്‍ഷാദിനെതിരെ അന്വേഷണം നടക്കുന്നതിനിടെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് പൊലീസ് കൊണ്ടുപോയി. റിയാസിനു മര്‍ദ്ദനമേറ്റ പുറത്തൂര്‍ പുതുപ്പള്ളിയിലെ കടയിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് ആണ് കഴിഞ്ഞ ദിവസം പൊലീസ് സംഘം എത്തി ഊരി കൊണ്ടുപോയത്. സൈബര്‍ സെല്ലില്‍നിന്നാണെന്നും പ്രധാന തെളിവ് ആയതിനാല്‍ സുരക്ഷിതമായി സൂക്ഷിക്കാനാണ് കൊണ്ടുപോകുന്നതെന്നും കടയുടമയെ അറിയിച്ചതായാണ് വിവരം. ഒരു പ്രകോപനവുമില്ലാതെ അകാരണമായി സിഐ മര്‍ദ്ദിക്കുന്ന കൃത്യമായ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതി?ഞ്ഞിരുന്നു. ഇതു സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, വാച്യാന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ഹാര്‍ഡ് ഡിസ്‌ക് ആവശ്യപ്പെട്ടിട്ടില്ലെന്നും ഡിസ്‌ക് കൊണ്ടുപോയ വിവരം അറിയില്ലെന്നും ഡിവൈഎസ്പി മോഹനചന്ദ്രന്‍ പറഞ്ഞു.
സിഐയ്‌ക്കെതിരെയുള്ള തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണിതെന്ന് സംശയിക്കുന്നതായി പത്ര പ്രവര്‍ത്തക യൂണിയന്‍ ജില്ലാ ഭാരവാഹികള്‍ ആരോപിച്ചു.

 

Sharing is caring!