ആഡംബര കാറില്‍ അഞ്ച് കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍

നിലമ്പൂര്‍: ആഡംബര കാറില്‍ കടത്തുന്നതിനിടെ അഞ്ച് കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. വഴിക്കടവ് പൂവത്തിപ്പൊയില്‍ സ്വദേശികളായ കീടത്ത് വീട്ടില്‍ അഫ്‌സല്‍ ( 29), പൂളികുഴിയില്‍ റഹ്മാന്‍ (29) എന്നിവരാണ് മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും നിലമ്പൂര്‍ റേഞ്ച് എക്‌സൈസ് പാര്‍ട്ടിയും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ പിടിയിലായത് . നിലമ്പൂര്‍ കനോലി പ്ലോട്ടിന് സമീപം വെച്ച് പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ആഡംബര കാറില്‍ അതിവേഗതയില്‍ എക്‌സൈസിനെ മറികടന്ന് കുതിക്കുകയായിരുന്നു. വടപുറത്തുള്ള സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ സംഘം വാഹനം ഒളിപ്പിച്ചതായി മനസ്സിലാക്കിയ എക്‌സൈസ് സംഘം പിന്തുടര്‍ന്ന് എത്തിയപ്പോള്‍ അവിടെ നിന്നും വാഹനമുപയോഗിച്ച് രക്ഷപ്പെടാന്‍ പ്രതികള്‍ ശ്രമിച്ചു. ഇതിനിടെ അതിസാഹസികമായി എക്‌സൈസ് ജീപ്പ് കുറുകെയിട്ട് കാര്‍ തടഞ്ഞാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. . തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍കഞ്ചാവ് കണ്ടെടുത്തത്. വഴിക്കടവില്‍ ബേക്കറി ബിസിനസ് നടത്തുന്ന അഫ്‌സല്‍ ലോക്ക് ഡൗണില്‍ ബിസിനസ് തകര്‍ച്ച നേരിട്ടപ്പോള്‍ കഞ്ചാവ് വില്‍പനയിലേക്കിറങ്ങുകയായിരുന്നു. തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് കടത്തികൊണ്ടു വരുന്നത്. ഈയിടെ ഗള്‍ഫില്‍ നിന്നെത്തിയ റഹ്മാന്‍ ഇയാളുടെ സഹായിയായി കൂടുകയായിരുന്നു. അഫ്‌സലിന്റെ കച്ചവടത്തെക്കുറിച്ച് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇയാള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തിലുള്ള ഇന്റലിജന്‍സ് വിഭാഗവും അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. ഷിജുമോന്റെ നേതൃത്വത്തിലുള്ള നിലമ്പൂര്‍ റേഞ്ച് ടീമും എക് സൈസ് സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ സംയുക്ത പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ സി.ശ്രീകുമാര്‍ , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജയാനന്ദന്‍ ഇ.ടി, പി.സി.ജയന്‍, ഇ.പ്രവീണ്‍ , സബിന്‍ ദാസ് , സി.റിജു , സി.ടി ഷംനാസ് , അബ്ദുള്‍ റഷീദ് ,സനീറ എന്‍.കെ, എക്‌സൈസ് ഡ്രൈവര്‍ രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

 

Sharing is caring!