പഞ്ചായത്ത് പ്രസിഡന്റിനെ തീരുമാനിക്കുന്നതില്‍ തര്‍ക്കം, മക്കരപ്പറമ്പില്‍ ലീഗ് നേതാക്കളെ പൂട്ടിയിട്ട് യൂത്ത് ലീഗ് പ്രതിഷേധം

മക്കരപ്പറമ്പ: പുതിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നു മുസ്ലിം ലീഗ് നേതാക്കളെ ഓഫീസില്‍പൂട്ടിയിട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. നിലവിലെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ചോലക്കല്‍ കോയ കഴിഞ്ഞ ജൂണ്‍ 21 നാണ് മരണപ്പെട്ടത്, ഇതേ തുടര്‍ന്ന് വീണ്ടും പുതിയ പ്രസിഡന്റിനെ തീരുമാനിക്കുന്ന വിഷയത്തിലാണ് പഞ്ചായത്ത് ലീഗ് നേതൃത്വവും യൂത്ത് ലീഗും അഭിപ്രായ ഭിന്നതയുണ്ടായത് ,
യൂത്ത് ലീഗ് പ്രതിനിധിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത് മനപൂര്‍വം ഒഴിവാക്കിയെന്നാണ് ആരോപണം.യൂത്ത് ലീഗിനെ പരിഗണിക്കാതെ മറ്റൊരാളെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ നേതൃത്വം ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് തര്‍ക്കമുണ്ടായതും നേതാക്കളെ ഓഫിസിനുള്ളില്‍ പൂട്ടിയിട്ടതും. ജില്ലാ ലീഗ് സെക്രട്ടറി ഉമ്മര്‍ അറക്കല്‍, പഞ്ചായത്ത് ലീഗ് പ്രസിഡന്റ്, മറ്റ് ഭാരവാഹികള്‍, പഞ്ചായത്തിലെ യു ഡി എഫ് അംഗങ്ങള്‍ എന്നിവരെയാണ് പൂട്ടിയിട്ടത്. പോലീസ് ആവശ്യപ്പെട്ടിട്ടും യോഗം നാടക്കുന്ന ഹാളിന്റെ പൂട്ട് തുറന്ന് കൊടുക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറായില്ല. യുഡിഎഫിന്റെ പതിനൊന്ന് മെമ്പര്‍മാരും ജില്ലാ മുസ്ലിം ലീഗിന്റെ സെക്രട്ടറിയും പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി, പ്രസിഡന്റ്, മറ്റ് ഭാരവാഹികളും പുറത്തിറങ്ങാനാവാതെ മണിക്കൂറോളം ഓഫീസില്‍ കുടുങ്ങി, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൂട്ട് തുറന്നുകൊടുക്കാതെ പ്രതിഷേധം ശക്തമാക്കി.നിലവിലെ വനിതവൈസ് പ്രസിഡന്റിനെപ്രസിഡന്റായി നിയമിക്കാനായിരുന്നു മുസ്ലിം ലീഗ് നേതൃത്വം തീരുമാനിച്ചത്.
എന്നാല്‍ ജനറല്‍ സീറ്റില്‍ ഇതിന്റെ ആവശ്യമില്ലെന്നും യുവാക്കള്‍ക്ക് അര്‍ഹമായപരിഗണന നല്‍കണമെന്നും യൂത്ത്ലീഗ് ആവശ്യപ്പെട്ടു.യോഗം നടക്കുന്ന ലീഗ് ഓഫിസിന്റെ കവാടമാണ് പൂട്ടിയിട്ടത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പുറത്തിറങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും ചെയ്തു. മങ്കട പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.

 

 

Sharing is caring!