താനൂരുകാരുടെ ദാഹം തീര്‍ക്കാന്‍ മന്ത്രി വി.അബ്ദുഹിമാന്
താനൂരുകാരുടെ ദാഹം തീര്‍ക്കാന്‍ സിറ്റിംഗ് എം.എല്‍.എയും മന്ത്രിയുമായ വി.അബ്ദുഹിമാന് രംഗത്ത്.
300 കോടി രൂപയുടെ സമഗ്ര കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ട പ്രവൃത്തികള്‍ക്കായി താനൂര്‍ നഗരസഭയില്‍ 30 സെന്റ് ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതായി മന്ത്രി വി. അബ്ദുറഹ്മാന് പറഞ്ഞു. ഭൂമി ദാന സമ്മതപത്രം തിങ്കളാഴ്ചയ്ക്കകം ഉടമസ്ഥര്‍ സര്‍ക്കാരിന് കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി. ഒന്നാം പിണറായി സര്‍ക്കാര്‍ താനൂരിലെ ജനങ്ങള്‍ക്ക് ഉറപ്പു നല്കിയ 300കോടി രൂപയുടെ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ടം 95 കോടി ചെലവഴിച്ച് പൂര്‍ത്തീകരിച്ചു. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ വിതരണ ശൃംഖലയില്‍ താനൂര്‍, നിറമരുതൂര്‍ ഉണ്യാല്‍ എന്നിവിടങ്ങളിലാണ് ടാങ്ക് നിര്‍മിക്കേണ്ടത്. ഉണ്യാലില്‍ ടാങ്ക് നിര്‍മിക്കുന്നതിനുള്ള സ്ഥലം ഫിഷറീസ് വകുപ്പില്‍ നിന്നും ഏറ്റെടുത്ത് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായും മന്ത്രി താനൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
താനൂര്‍ മോര്യയില്‍ കണ്ടെത്തിയ സ്ഥലത്തിന് ജല അതോറിറ്റിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. താനൂരിന്റെ കിഴക്കന്‍ മേഖലയിലും തീരദേശ മേഖലയിലും കുടിവെള്ളക്ഷാമം രൂക്ഷമായതിനാല്‍ ശുദ്ധജല വിതരണ പദ്ധതി ഏറ്റവും വേഗത്തില്‍ പൂര്‍ത്തീകരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 65 കോടി രൂപ താനൂരിന് മാത്രമായി അനുവദിച്ചിട്ടുണ്ട്. തുടങ്ങാത്ത പദ്ധതികള്‍ ഉപേക്ഷിക്കാന്‍ കിഫ്ബി തീരുമാനവുമുണ്ട്. അതുകൊണ്ടുതന്നെ സമഗ്ര കുടിവെള്ള പദ്ധതി വൈകിപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
വിഷയവുമായി ബന്ധപ്പെട്ട അബ്ദുറഹിമാന്
തന്റെ ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ പൂര്‍ണ രൂപം താഴെ:
താനൂരിന്റെ ദാഹം തീര്‍ക്കാന്‍ ഇനി ഇതേ വഴിയുള്ളൂ. താനൂര്‍ നഗരസഭയിലെ കുടിവെള്ള ടാങ്കിനാവശ്യമായ 30 സെന്റ് സ്ഥലം പദ്ധതി യാഥാര്ത്ഥ്യമാകണമെന്നാഗ്രഹിക്കുന്ന ഏതാനും സുഹൃത്തുക്കളുടെ സഹായത്തോടെ സ്വന്തം നിലയില്‍ വിലയ്ക്കു വാങ്ങി സര്‍ക്കാരിനു നല്കുന്നു. വാട്ടര്‍ അതോറിറ്റിക്ക് ഉടനെ കൈമാറും.
താനൂര്‍ നഗരസഭയും നാലു പഞ്ചായത്തുകളും (ചെറിയമുണ്ടം പൊന്മുണ്ടം താനാളൂര്‍ നിറമരുതൂര്‍) അടങ്ങുന്ന താനൂര്‍ കുടിവെള്ള പദ്ധതി 100 കോടി ചിലവില്‍ ഒന്നാം ഘട്ടം പൂര്‍ത്തിയായി. ചെറിയമുണ്ടത്ത് ദിനംപ്രതി 45 ദശലക്ഷം ലിറ്റാര്‍ വെള്ളം ശുദ്ധീകരിച്ചെടുക്കാവുന്ന പ്ലാന്റും ടാങ്കും സ്ഥാപിച്ചു കഴിഞ്ഞു. ഭാരതപ്പുഴയില്‍ തൃപ്രങ്ങോട് കോളനിക്കടവില്‍ കിണറും പംബിംഗ് സംവിധാനവും ഒരുക്കിക്കഴിഞ്ഞു . വൈദ്യുതി കണക്ഷന് ഒന്നേകാല്‍ കോടിയുടെ പ്രവൃത്തി നടക്കുന്നു.
ഭാരതപ്പുഴയില്‍ നിന്ന് 14 കി.മി. പിന്നിട്ടാണ് പൈപ്പ് ലൈന്‍ ചെറിയമുണ്ടത്തെത്തുന്നത്. പദ്ധതിയുടെ ഒരു ഗുണഭോക്താവുപോലുമില്ലാത്ത തൃപ്രങ്ങോട് തലക്കാട് പഞ്ചായത്തുകള്‍ പൂര്‍ണ സഹകരണം നല്കി. ടാങ്കും പ്ലാന്റും സ്ഥാപിക്കാനുള്ള സ്ഥലം ചെറിയമുണ്ടം പഞ്ചായത്ത് അനുവദിച്ചു തന്നു. അങ്ങനെ ഒന്നാം ഘട്ടം റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തീകരിച്ചു.
അടുത്ത ഘട്ടം വിതരണ ശൃംഖലയാണ്. ഇത് ജലജീവന്‍ മിഷന് വഴി നടപ്പാക്കാന്‍ നാല് പഞ്ചായത്തുകളും വാട്ടര്‍ അതോറിറ്റിയുമായി ധാരണയിലായി. നഗരസഭയില്‍ ജലജീവന്‍ പദ്ധതി ഇല്ലാത്തതിനാല്‍ താനൂര്‍ നഗരസഭക്ക് മാത്രം 65 കോടി കിഫ്ബി വഴി അനുവദിച്ചു. ജലജീവന്‍ മിഷന് നാലു പഞ്ചായത്തുകള്‍ക്കായി 130 കോടിയോളം രൂപയുടെ പദ്ധതി അനുമതി നല്കി.
വിതരണ ശൃംഖലക്ക് ഉപടാങ്കുകള് നിര്‍മ്മിക്കണം. ചെറിയമുണ്ടം പൊന്മുണ്ടം പഞ്ചായത്തുകളില്‍ ടാങ്കുകളുടെ ആവശ്യമില്ല.
താനാളൂരില്‍ ടാങ്ക് ആവശ്യമാണെങ്കില്‍ നിര്‍മ്മിക്കാന്‍ സ്ഥലവും ടാങ്കിനുള്ള മൂന്നര കോടി രൂപയും മുന്‍കൂറായി നല്കി. നിറമരുതൂരില്‍ ഫിഷറീസ് വകുപ്പിന്റെ ഭൂമിയില്‍ അനുമതി വാങ്ങി ടാങ്ക് നിര്‍മാണത്തിനുള്ള ടെണ്ടര്‍ നല്‍കിക്കഴിഞ്ഞു.
ഇനി ടാങ്കുനിര്മ്മിക്കേണ്ടത് താനൂര്‍ നഗരസഭയിലാണ്. ഏറ്റവും ഉയരം കൂടിയ കിഴക്കന്‍ മേഖലയില്‍ തന്നെ ഇത് സ്ഥാപിക്കണം. ഭൂമി നല്‍കാമെന്ന് നഗരസഭ ഉറപ്പ് നല്‍കിയിട്ട് 4 വര്‍ഷം പിന്നിട്ടു. ടാങ്കിനുള്ള പണം വാട്ടര്‍ അതോറിറ്റി കരുതി വെച്ചിട്ട് 4 വര്‍ഷമായി. എന്നാല്‍ ഇത് വരെ സ്ഥലം ലഭ്യമാക്കിയിട്ടില്ല. നിറമരുതൂര്‍ ടാങ്കിനോടൊപ്പം താനൂരിലെ ടാങ്കും കൂടി പണിതാല്‍ മാത്രമേ തീരദേശത്തിന്റെ വിതരണ ശ്യംഖല പൂര്‍ത്തിയാക്കാനാവൂ.
മൂന്ന് മാസത്തിനകം ടാങ്ക് നിര്‍മ്മാണം തുടങ്ങിയില്ലെങ്കില്‍ പദ്ധതി ഇല്ലാതാകും.
അത്കൊണ്ട് ഇനിയും കാത്തിരിക്കാന്‍ സമയമില്ല. ടാങ്കിനുള്ള സ്ഥലം കണ്ടെത്തിയേ മതിയാവൂ. അത്കൊണ്ടാണ് ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പം നിന്ന് ഭൂമി വാങ്ങി സര്‍ക്കാരിന് കൈമാറാന്‍ തീരുമാനിച്ചത്.
ജനങ്ങള്‍ക്ക് നല്കിയ ഒരു വാഗ്ദാനമാണ് സമ്പൂര്‍ണ കുടിവെള്ള പദ്ധതി. അത് പാലിക്കണം. ഒരു നാടിന്റെ ദാഹമകറ്റാന്‍ മറ്റു വഴികളില്ല. ഇനിയും കാത്തിരുന്നിട്ട് കാര്യമില്ല.
തികച്ചും സദുദ്ദേശത്തോടെയാണ് ഇത് ചെയ്യുന്നത്. ആരോടും മത്സരിക്കാനല്ല.
വെറുതെയുള്ള വിവാദങ്ങളില്‍ കുടുങ്ങി ഒരു പദ്ധതി ഇല്ലാതാകരുത് എന്ന് കരുതി മാത്രമാണ്. നാടിന്റെ ഏറ്റവും വലിയ ഈ ആവശ്യം നടപ്പാക്കണം. അതിന് എല്ലാവരുടേയും പിന്തുണ വേണം.
നമുക്ക് ഒന്നിച്ച് നിന്ന് ശ്രമിക്കാം. ഓരോ വീട്ടിലും കുടിവെള്ളത്തിന്റെ ടാപ്പ് തുറക്കുന്ന ദിവസം വന്നെത്താന്‍ നമുക്ക് ഒരുമിച്ചു മുന്നേറാം….
RECENT NEWS
തിരൂരിൽ കാറിടിച്ച് പരുക്കേറ്റ് ചികിൽസയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു
തിരൂർ: തലക്കടത്തൂരിൽ നിയന്ത്രണം വിട്ട കാർ വിദ്യാർഥിയെ ഇടിച്ചതിനുശേഷം മതിലിനും കാറിനും ഇടയിൽ കുടുങ്ങി ഗുരുതര പരിക്ക് പറ്റിയ വിദ്യാർത്ഥി മരണപ്പെട്ടു. തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിന്റെ മകൻ മുഹമ്മദ് റിക്സാൻ (7) ആണ് മരണപെട്ടത്. ഇന്നലെ രാവിലെ [...]