ജലഛായത്തില്‍ വാന്‍ഗോഗിനെ ജനിപ്പിച്ചവന്‍ മലപ്പുറത്തുണ്ട്

ജലഛായത്തില്‍ വാന്‍ഗോഗിനെ ജനിപ്പിച്ചവന്‍ മലപ്പുറത്തുണ്ട്

മലപ്പുറം: മലപ്പുറം ക്ളാരി ഓട്ടുപാറപ്പുറത്തെ ചാലിയത്ത് നാരായണന്റെയും ജ്യോതിയുടെയും മകനായ ഡിപ്ലോമ വിദ്യാര്‍ത്ഥി സഞ്ജയ് (19 ) ഇന്ന് ഒരു റെക്കോര്‍ഡിനുടമയാണ്. വിശ്വപ്രിസിദ്ധ ചിത്രകാരന്‍ വാന്‍ഗോഗിന്റെ ഏറെ വ്യാഖ്യാനങ്ങള്‍ക്ക് പാത്രമായ ‘സ്റ്റാറി നൈറ്റ്’ എന്ന എണ്ണച്ചായ കലാസൃഷ്ടി ജലഛായത്തില്‍ തനിമ ചോരാതെ പുനര്സൃഷ്ഠിച്ചാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഈ വിദ്യാര്‍ത്ഥി ഇടം നേടിയത്.
വാന്‍ഗോഗിന്റെ ചിത്രങ്ങളിലെ വര്‍ണ്ണങ്ങളുടെ വിന്യാസവും അവയുടെ കാഴ്ച്ചാനുഭൂതിയുമാണ് സഞ്ജയ്യെ സ്റ്റാറി നൈറ്റ് എന്ന പ്രസിദ്ധ ചിത്രം തന്നെ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. വിഷമകരമായ വര്‍ണ്ണ വിന്യാസങ്ങളാല്‍ കാലങ്ങള്‍ക്കിപ്പുറവും മനുഷ്യ വൈകാരികതകളെ പ്രതീക വത്കരിക്കാന്‍ ഉപയുക്തമായ കലാസൃഷ്ടിയായായാണ് സ്റ്റാറി നൈറ്റ് കലാസ്വാദകര്‍ വിശേഷിപ്പിക്കാറ്.

വര്‍ണ്ണങ്ങളുടെ മായിക ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയതു ഒന്നാം ക്ലാസ്സില്‍ തന്നെ പഠിപ്പിച്ച യൂസഫ് മാഷാണെന്നു സഞ്ജയ് പറയുന്നു. പുസ്തകത്തിലെ കൗതുകം നിറഞ്ഞ പടങ്ങള്‍ തന്റെ നോട്ട്ബുക്കിലേക്ക് പകര്‍ത്തി തുടങ്ങിയ ഈ ചെറുപ്പാക്കാരന്റെ വര ഇന്ന് റെക്കോര്‍ഡുകള്‍ സ്വന്തമാക്കി മുന്നേറുകയാണ്. ഏഴാം ക്ലാസ്സുവരെ സ്‌കൂള്‍ തല മതസരങ്ങളില്‍ പങ്കെടുക്കാന്റുണ്ടായിരുന്നുവെങ്കിലും പിന്നീട് വരയ്ക്ക് ഇടവേള നല്‍കി. പിന്നീട് കലയെക്കുറിച്ചും കലാജീവിതങ്ങളെക്കുറിച്ചുമുള്ള വായന തന്റെ വരയെ സ്വാധീനിച്ചു തുടങ്ങിയെന്നു സഞ്ജയ് പറയുന്നു.

ഇതിനിടയിലാണ് ബുക്ക് റെക്കോര്‍ഡ്സിന്റെ അപേക്ഷ ക്ഷണിച്ച വാര്‍ത്ത സോഷ്യല്‍ മീഡിയ വഴി അറിഞ്ഞത്. ഉടന്‍ തന്നെ തന്റെ പ്രിയപ്പെട്ട കലാകാരന്മാരില്‍ ഒരാളുടെ വിശ്വപ്രസിദ്ധമായ ചിത്രം തന്നെ പുനരുത്പാദിപ്പിക്കാനുള്ള ശ്രമം നടത്താമെന്ന ആശയം അവാര്‍ഡിന്റെ സംഘാടകരെ അറിയിച്ചു. വരയ്ക്കാന്‍ ഒരാഴ്ച്ച സമയം അനുവദിച്ചുവെങ്കിലും ലോക്‌ഡൌണ്‍ കാരണം വരക്കാനുള്ള പേപ്പര്‍ ലഭിക്കാത്തതിനാല്‍ ആദ്യഘട്ടത്തില്‍ അത് മുടങ്ങി. എങ്കിലും പിനീട് സംഘാടകര്‍ വീണ്ടും അനുവദിച്ച ഏഴ് ദിവസത്തിനുള്ളില്‍ തന്നെ ഏറെ ബുദ്ധിമുട്ടേറിയ ആ ലക്ഷ്യം സഞ്ജയ് നിറവേറ്റുകയായിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ തന്നെ റെക്കോര്‍ഡ് നേട്ടത്തിന്റെ മെഡലും സര്‍ട്ടിഫിക്കറ്റും സഞ്ജയിയെ തേടിയെത്തി.
വരക്കൊപ്പം ജീവിതം കരുപ്പിടിപ്പിക്കാന്‍ തൊഴില്‍ സമ്പാദിക്കുക എന്ന ലക്ഷ്യത്തിനായി ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ പഠിക്കുകയാണ് സഞ്ജയ് ഇപ്പോള്‍.

 

Sharing is caring!