ഉള്‍വനത്തിലെ കോളനിയിലെ പൂര്‍ണ ഗര്‍ഭിണിയടക്കം രണ്ട് യുവതികളെ അഗ്നിരക്ഷാസേന സാഹസികമായി ആശുപത്രിയിലെത്തിച്ചു

നിലമ്പൂര്‍: മുണ്ടേരി ഉള്‍വനത്തിലെ ഇരുട്ടുകുത്തി കോളനിയിലെ പൂര്‍ണഗര്‍ഭിണിയടക്കം രണ്ട് ആദിവാസി യുവതികളെ അഗ്നിരക്ഷാസേന അതിസാഹസികമായി മലവെള്ളപ്പാച്ചിലില്‍ കുത്തിയൊലിക്കുന്ന ചാലിയാറിന്റെ മറുകരയെത്തിച്ച ആശുപത്രിയിലാക്കി. പൂര്‍ണഗര്‍ഭിണിയായ രാധികയെ (25)യും നെഞ്ചുവേദന അനുഭവപ്പെട്ട സിന്ധു (32) വിനെയുമാണ് രക്ഷിച്ചത്. നിലമ്പൂര്‍ തഹസില്‍ദാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ അഗ്നിരക്ഷാസേന രക്ഷാദൗത്യവുമായി കുതിച്ചെത്തിയത്. റബര്‍ ഡിങ്കി ബോട്ട് ഉപയോഗിച്ചാണ് സിന്ധുവിനെയും രാധികയേയും മറുകര എത്തിച്ചത്.
നിലമ്പൂര്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ സി കെ നന്ദകുമാര്‍, പി ബാബുരാജ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസ് ഡ്രൈവര്‍ എം മെഹബൂബ് റഹ്മാന്‍, സുരേഷ് കുമാര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ നിഷാന്ത് ടി കെ, അഫ്‌സല്‍ കെ, ഇല്യാസ് പി, മനേഷ് കെ ഹോംഗാര്‍ഡ് ആയ ജിമ്മി വിന്‍സന്റ് സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
2019ലെ പ്രളയത്തില്‍ കോളനിയിലേക്കുള്ള കോണ്‍ക്രീറ്റ് പാലം തകരുകയും ചാലിയാര്‍ പുഴ ഗതിമാറിയൊഴുകി കോളനിയിലെ വീടുകള്‍ തകരുകയും ചെയ്തിരുന്നു. അന്നു മുതല്‍ വനത്തില്‍ താല്‍ക്കാലിക ഷെഡുകള്‍കെട്ടിയാണ് ആദിവാസികളുടെ താമസം. ആദിവാസി യുവാക്കള്‍ ചങ്ങാടം കെട്ടിയാണ് കോളനിയെ പുറംലോകവുമായി ബന്ധപ്പെടുത്തിയത്. മുന്‍ കളക്ടര്‍ ജാഫര്‍മാലിക്കിന്റെ നേതൃത്വത്തില്‍ ജില്ലയിലെ റവന്യൂ ജീവനക്കാര്‍ താല്‍ക്കാലിക തൂക്കുപാലം നിര്‍മ്മിച്ചിച്ചാണ് ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടത്. എന്നാല്‍ കഴിഞ്ഞ മഴക്കാലത്ത് ഈ പാലവും തകര്‍ന്ന്് ഉപയോഗശൂന്യമായി. ഇതോടെ കോളനിക്കാര്‍ക്ക് വീണ്ടും ചങ്ങാടം തന്നെയായി ആശ്രയം. കാലവര്‍ഷം കനത്തതോടെ ചങ്ങാടം ഇറക്കാനാവാതെ മുണ്ടേരി ഉള്‍വനത്തിലെ കോളനിക്കാര്‍ ഒറ്റപ്പെട്ട അവസ്ഥയാണിപ്പോള്‍.

 

Sharing is caring!