ആഢ്യന്‍പാറക്കടുത്ത് ഒമ്പത് കുടുംബങ്ങളോട് മാറാന്‍ നിര്‍ദ്ദേശം

ആഢ്യന്‍പാറക്കടുത്ത് ഒമ്പത് കുടുംബങ്ങളോട് മാറാന്‍ നിര്‍ദ്ദേശം

നിലമ്പൂര്‍: ഉരുള്‍പൊട്ടിയതായി സൂചനയെ തുടര്‍ന്ന് ആഢ്യന്‍പാറക്കടുത്ത് ഒമ്പത് കുടുംബങ്ങളോട് മാറാന്‍ നിര്‍ദ്ദേശം. ചാലിയാര്‍ പഞ്ചായത്തിലെ മുട്ടിയേല്‍ ആന ക്കുളത്താണ് വെള്ളിയാഴ്ച്ച 2.45 ഓടെ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുള്ളത് പോലെ കനത്ത മലവെള്ളപ്പാച്ചിലുണ്ടായത്. 2018-ല്‍ ഉരുള്‍പൊട്ടലില്‍ ആറുപേരുടെ ജീവനെടുത്ത ചെട്ടിയാന്‍പാറയ്ക്ക് കുറച്ച് കൂടി മുകളില്‍ ആനക്കുളം ഭാഗത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായതായി സൂചനയുള്ളതായി പ്രദേശവാസിയായ കൂരിക്കാടന്‍ ഫൈസല്‍ പറഞ്ഞു. അത്തിക്കല്‍ പാലിശ്ശേരി ഹബീബയുടെ വീട്ടുമുറ്റത്തു കൂടിയാണ് മലവെള്ളപാച്ചില്‍ എത്തിയത്. ആറോളം കുടുംബങ്ങള്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കൃഷിയിടങ്ങളും നശിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് നിന്ന് ഒമ്പത് കുടുംബങ്ങളോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാന്‍ റവന്യു അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാഞ്ഞിരപ്പുഴ പാലത്തിന് സമീപമുള്ള അബ്ദുള്‍ ഗഫൂര്‍ ആലിക്കല്‍, മുഹമ്മദ് ആലിക്കല്‍, അബ്ദുള്‍റഷീദ് ആലിക്കല്‍, സഫിയ മുല്ലതൊടി, ഹഫ്‌സത്ത് നാലകത്ത്, ആനക്കുളം ഭാഗത്തെ ജോസഫ് ചാഞ്ഞപ്ലാക്കല്‍, നബീസ പരപ്പില്‍, ചന്ദ്രന്‍ ചേലക്കോടന്‍, ഗണേഷ് കുമാര്‍ തെക്കേടത്ത് തുടങ്ങിയവരുടെ കുടുംബങ്ങളോടാണ് മാറിത്താമസിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
അതേ സമയം അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാനായി നാലു ബോട്ടുകള്‍ നിലമ്പൂര്‍ മേഖലയില്‍ സജ്ജമാക്കിവെച്ചതായി റവന്യു അധികൃതര്‍ അറിയിച്ചു. 18 വില്ലേജുകളിലായി 48 ദുരിതാശ്വാസ ക്യാമ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്. 26 വരെയുള്ള ദിവസങ്ങളില്‍ മേഖലയില്‍ യെല്ലോ അലര്‍ട്ടാണ്.

Sharing is caring!