അന്ധതയെ തോല്‍പിച്ച ജലാലുദ്ദീന്‍ അദനിക്ക് പെരുന്നാള്‍ സമ്മാനമായി കാര്‍ സമ്മാനിച്ചു

അന്ധതയെ തോല്‍പിച്ച ജലാലുദ്ദീന്‍ അദനിക്ക് പെരുന്നാള്‍ സമ്മാനമായി കാര്‍ സമ്മാനിച്ചു

മലപ്പുറം: മധുവിധു നാളുകളെ കളറാക്കാന്‍ ജലാലുദ്ദീന്‍ അദനി ഇനി വളയം പിടിക്കും. വിധി നല്‍കിയ ഇരുട്ടിനെ വിദ്യയുടെ വെളിച്ചം കൊണ്ട് തുരത്തിയ ജലാലുദ്ദീന്‍ അദനിക്ക് എട്ട് ലക്ഷം രൂപയുടെ സ്വിഫ്റ്റ് കാറാണ് തടാകം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കുഞ്ഞിമുഹമ്മദ് ഹാജി പെരുന്നാള്‍ സമ്മാനമായി നല്‍കിയത്. ഒരു മാസം മുമ്പ് ജലാലുദ്ദീന്‍ അദനിയുടെ വിവാഹ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് ഇദ്ദേഹം മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ ബുഖാരിയെ വിളിച്ച് കാര്‍ നല്‍കാന്‍ താത്പര്യം പ്രകടിപ്പിച്ചത്. മലപ്പുറം മഅദിന്‍ ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ ഖലീല്‍ ബുഖാരി തങ്ങള്‍ ജലാലുദ്ദീന്‍ അദനിക്ക് വാഹനം കൈമാറി.
അന്ധതയുടെ ലോകത്ത് നിന്നും അക്ഷരങ്ങള്‍ പോലും പരിചയമില്ലാതെയാണ് ജലാലുദ്ദീന്‍ അദനി മഅദിന്‍ അക്കാദമിയിലെത്തിയത്. പഠനകാലയളവില്‍ അറബി സാഹിത്യത്തില്‍ ജെ.ആര്‍.എഫ് കരസ്ഥമാക്കി ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഇപ്പോള്‍ അറബി സാഹിത്യത്തില്‍ തന്നെ പി.എച്ച്.ഡി ചെയ്തുകൊണ്ടിരിക്കുകയാണ്. അറബി, മലയാളം, ഇംഗ്ലീഷ് ഭാഷകള്‍ക്ക് പുറമെ സ്പാനിഷ്, ഫ്രഞ്ച് ഭാഷകള്‍ കൂടി പഠിക്കുന്ന തിരക്കിലാണിപ്പോള്‍. ബ്രെയില്‍ ലിപിയില്‍ 15 ഗ്രന്ഥങ്ങള്‍ സ്വന്തം കൈകൊണ്ട് എഴുതിയിട്ടുണ്ട്. തനിക്ക് കാഴ്ചയായി കൂട്ടിനിപ്പോള്‍ നുസൈബയുമുണ്ട്.
പഠനാവശ്യങ്ങള്‍ക്കും മറ്റും ഉപകാരപ്രദമാകുന്ന വാഹനം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ഭിന്നശേഷി മേഖലയിലുള്ളവര്‍ക്ക് ഇതൊരു പ്രചോദനമാണെന്നും ജലാലുദ്ദീന്‍ അദനി പറയുന്നു.
സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗത്തെ ഉന്നതിയിലേക്ക് കൊണ്ടുവരാനും വിദ്യയുടെ നെറുകയിലെത്തിക്കാനും ജലാലുദ്ദീന്‍ അദനിയുടെ നേട്ടങ്ങള്‍ കാരണമാകുമെന്നും അദ്ദേഹത്തിന് വാഹനം നല്‍കിയ തടാകം ഫൗണ്ടേഷനെ അഭിനന്ദിക്കുന്നുവെന്നും ഇതിലൂടെ സമൂഹത്തിന് നല്‍കുന്ന സന്ദേശം വളരെ വലുതാണെന്നും ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.
ഫോട്ടോ ക്യാപ്ഷന്‍ : വിദ്യ കൊണ്ട് അന്ധതയെ തോല്‍പിച്ച ജലാലുദ്ദീന്‍ അദനിക്ക് തടാകം ഫൗണ്ടേഷന്‍ സമ്മാനിച്ച സ്വിഫ്റ്റ് കാര്‍ മഅദിന്‍ കാമ്പസില്‍ വെച്ച് ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി കൈമാറുന്നു.

Sharing is caring!