കോവിഡ് 19: ആശ്വാസമായി ഉന്നതി പദ്ധതി

ജില്ലയില്‍ കോവിഡ് രോഗമുക്തി നേടിയിട്ടും വിവിധ ശാരീരിക വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്ക് നടപ്പാക്കുന്ന ‘ഉന്നതി പദ്ധതി’ കോവിഡ് മുക്തര്‍ക്ക് ഏറെ ആശ്വാസകരമാകുന്നു. പദ്ധതിയിലൂടെ ഇതിനകം  1000 ല്‍ അധികം ആളുകള്‍ക്കാണ് ചികിത്സ ലഭ്യമായത്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ എന്നിങ്ങനെ ജില്ലയിലെ  93 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പദ്ധതി ഇതുവരെ  നടപ്പാക്കി. ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പടെ  വിദേശ രാജ്യങ്ങളിലെ മലയാളികളും അന്യസംസ്ഥാനങ്ങളിലെ മലയാളികളും  ഉന്നതിയുടെ സേവനത്തിനായി ബന്ധപ്പെടുന്നുണ്ട്.

കോവിഡ് മുക്തി നേടി രണ്ടാഴ്ച്ച കഴിഞ്ഞിട്ടും വിവിധ ശാരീരിക വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്ക് വീട്ടില്‍ ബന്ധുക്കളുടെ സഹായത്തോടെ ഫിസിയോതെറാപ്പിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ വ്യായാമങ്ങളും അനുബന്ധ ചികിത്സകളും നിര്‍ദേശിക്കുന്ന പദ്ധതിയാണ് ‘ഉന്നതി.’ കേരളാ അസോസിയേഷന്‍ ഫോര്‍ ഫിസിയോതെറാപിസ്റ്റ്‌സ് കോ-ഓര്‍ഡിനേഷനും (കെ.എ.പി.സി)  വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ചേര്‍ന്നാണ്  പദ്ധതി നടപ്പാക്കുന്നത്.  മെയ് 18 നാണ്  പദ്ധതി ആരംഭിച്ചത്. കെ.എ.പി.സി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മറ്റെല്ലാ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നുണ്ട്.

കോവിഡ് മുക്തി നേടിയ ശേഷം ക്ഷീണം, ശ്വാസ തടസം, നില്‍ക്കുമ്പോള്‍ ബാലന്‍സ് നഷ്ടപ്പെടല്‍,  തലകറക്കം, ചുമ,  പേശി വേദന, പക്ഷാഘാതം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നവര്‍ക്ക് ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം ഓണ്‍ലൈനായി ലഭ്യമാക്കുന്നതാണ് പദ്ധതി. പോസ്റ്റ് കോവിഡ് ഫിസിയോതെറാപ്പി ടെലി കൗണ്‍സലിങും ചികിത്സാ നിര്‍ദേശങ്ങളും നല്‍കുന്ന ഉന്നതി പദ്ധതിയിലേക്ക് ബന്ധപ്പെടുന്നവരോട് പ്രാഥമിക വിവരങ്ങള്‍ ചോദിച്ചതറിഞ്ഞതിനു ശേഷം ആവശ്യമെങ്കില്‍ ഓര്‍ത്തോഫിസിയോ, കാര്‍ഡിയോതൊറാസിക് ഫിസിയോ,  ന്യൂറോഫിസിയോ തുടങ്ങിയ സ്‌പെഷ്യാലിറ്റി  ഫിസിയോപാനലിലേക്കും കണക്ട് ചെയ്യും. കോവിഡാനന്തര രോഗികളുടെ ചലനപ്രശ്‌നങ്ങളും കായികശേഷിയും വീണ്ടെടുത്ത് അവരെ പഴയ ജീവിതക്ഷമതയിലേക്ക് തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സേവനം ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാം. ഫോണ്‍: 9400380920, 9746770744, 8129021135.

Sharing is caring!