ഫോണ്‍ ചോര്‍ത്തല്‍; കേന്ദ്ര സര്‍ക്കാര്‍ നിലപാട് ദുരൂഹം: ഇ ടി. മുഹമ്മദ് ബഷീര്‍ എം.പി

ഇസ്രായേല്‍ സോഫ്റ്റ്വെയര്‍ ആയ പെഗാസസ് ഉപയോഗിച്ച് പ്രമുഖ വ്യക്തികളുടെ ഫോണ്‍ സംഭാഷണം ചോര്‍ത്തിയ സംഭവം വളരെ ഗൗരവമുള്ളതാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള നിലപാട് ദുരൂഹമാണെന്നും മുസ്ലിം ലീഗ് പാര്‍ലമെന്റ് പാര്‍ട്ടി ലീഡര്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.

സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് സുപ്രീം കോടതി ജഡ്ജ്, കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഫോണ്‍ വിവരങ്ങളാണ് ചോര്‍ത്തിയതായി അറിയുന്നത്. ഇത് സാധാരണ ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റവും ചാരപ്രവര്‍ത്തനവും കൂടിയാണ്.

സര്‍ക്കാര്‍ ഇതിനെ വളരെ ലാഘവത്തോടെയാണ് കാണുന്നതെന്നു മാത്രമല്ല ഇതെല്ലാം കെട്ടുക്കഥകളാണ് എന്ന രീതിയിലാണ് പ്രതികരിച്ചിരിക്കുന്നത്. സര്‍ക്കാറിന്റെ ഈ നിലപാട് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതാണ്.
ഇതിന്റെ നിജസ്ഥിതി അറിയുന്നത് വരെ രാജ്യം തന്നെ മുള്‍മുനയിലാണ്.
ഇക്കാര്യത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അനേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം.

ഇക്കാര്യം പ്രതിപക്ഷ കക്ഷികളോടപ്പം ചേര്‍ന്നു പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ മുസ്ലിം ലീഗ് സജീവമായ പങ്ക് നിര്‍വഹിക്കുമെന്നും ഇ. ടി പറഞ്ഞു.

 

 

Sharing is caring!