വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ  അനുമതി നൽകണം : ഇ. ടി. മുഹമ്മദ് ബഷീർ എം.പി

വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ  അനുമതി നൽകണം : ഇ. ടി. മുഹമ്മദ് ബഷീർ എം.പി

എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവത്തിക്കാനും പ്രവർത്തന സമയം ദീർഘിപ്പിച്ചു നൽകുന്നതിനും സർക്കാർ  അനുമതി  നൽകണമെന്ന് ആവശ്യപ്പെട്ടു മുസ്ലിം ലീഗ് ദേശീയ  ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി മുഖ്യമന്ത്രിക്കു കത്തയച്ചു.
ഇപ്പോഴുള്ള നിയന്ത്രങ്ങൾ കേരളത്തിൽ ഏറ്റവും കൂടുതൽ പേർ സ്വയം തൊഴിൽ കണ്ടെത്തുന്നതും കൂടുതൽ പേർ തൊഴി ലെടുക്കുന്നതുമായ വ്യാപാര മേഖലയെ തകർക്കാൻ മാത്രമേ സഹായിക്കൂ.
കോടിക്കണക്കിന് രൂപയുടെ ഉൽപ്പന്നങ്ങളാണ് കടകളിൽ നശിക്കുന്നത്. നിരവധി വ്യാപാരികൾ ആത്മഹത്യയുടെ വക്കിലാണ്. വ്യാപാരികളുടെ വായ്പ, വാടക തുടങ്ങിയ ബാധ്യതകളിൽ ഇളവ് ലഭിക്കാൻ സർക്കാർ ഇടപെടണമെന്നും എംപി കത്തിൽ ആവശ്യപ്പെട്ടു.
ഇപ്പോഴത്തെ കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തണം. ദീർഘവീക്ഷണത്തോടെയുള്ള നടപടികളാണ് വേണ്ടത്. കുറഞ്ഞ ദിവസങ്ങൾ മാത്രം സമയ പരിധിവെച്ച് തുറന്നു കൊടുക്കുമ്പോൾ ജനം ആ ദിവസങ്ങളിലെ നിശ്ചിത സമയങ്ങളിൽ ആവശ്യങ്ങൾക്കായി പുറത്തിറങ്ങാൻ നിർബന്ധിതരാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. കർശന നിയന്ത്രണങ്ങളുടെ പേരിൽ പല സ്ഥലങ്ങളിലും പോലീസിന്റെ വേട്ടയാടലും പിഴ ചുമത്തലും തകൃതിയായി നടക്കുന്നു. നിസ്സാര കാര്യത്തിന് പോലും പിഴ ചുമത്തുന്നു. വൈരുധ്യങ്ങളുടെ ടി.പി. ആർ കണക്കാക്കിയാണ് സർക്കാർ ഓരോ പ്രദേശങ്ങളെയും കാറ്റഗറി തരംതിരിക്കുന്നത്.
ശാസ്ത്രീയ പഠനങ്ങളോ മാനദണ്ഡങ്ങളോ ഇല്ലാതെ നടപ്പിലാക്കുന്ന ഇത്തരം നിയന്ത്രണങ്ങൾ ഗുണത്തെക്കാൾ ഏറെ ദോഷമേ ഉണ്ടാക്കൂ. കോവിഡ് വ്യാപനം കൂട്ടാൻ ഇത്തരം അശാസ്ത്രീയ നിയന്ത്രണങ്ങൾ ഇടയാക്കുന്നുണ്ടെന്നും എംപി ചൂണ്ടിക്കാട്ടി.
കേരളം ഒഴികെ ഉള്ള സംസ്ഥാനങ്ങളിൽ ടി.പി.ആർ കുറഞ്ഞു വരുമ്പോൾ കേരളം  ഇന്ത്യയിൽ തന്നെ മുൻപന്തിയിൽ നിൽക്കുന്നത്  പരിശോധിക്കണം. മറ്റു സംസ്ഥാനങ്ങളിൽ നടന്ന മാതൃകാപരമായ പ്രതിരോധ പ്രവർത്തനങ്ങൾ നമ്മുടെ സംസ്ഥാനവും നടപ്പിലാക്കണമെന്നും എം.പി കത്തിൽ ആവശ്യപ്പെട്ടു.

Sharing is caring!