പയ്യനാട് സ്റ്റേഡിയം അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയാക്കും: മന്ത്രി വി. അബ്ദുറഹ്‌മാന്‍

പയ്യനാട് സ്റ്റേഡിയം അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയാക്കും: മന്ത്രി വി. അബ്ദുറഹ്‌മാന്‍

മഞ്ചേരി പയ്യനാട് സ്റ്റേഡിയം കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയാക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു. സ്റ്റേഡിയത്തിലേയും സ്പോര്‍ട്സ് കോംപ്ലക്സിലേയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു മന്ത്രി. കൊച്ചി സ്റ്റേഡിയത്തിനൊപ്പം പയ്യനാട് സ്റ്റേഡിയവും അന്താരാഷ്ട്ര മത്സരങ്ങള്‍ക്കുള്ള മികച്ച വേദിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അഖിലേന്ത്യാ ഫുഡ്ബോള്‍ ഫെഡറേഷനുമായുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. സ്പോര്‍ട്സ് കോംപ്ലക്സില്‍ വിഭാവനം ചെയ്ത മുഴുവന്‍ സംവിധാനങ്ങളും പ്രാവര്‍ത്തികമാക്കും. സിന്തറ്റിക് ട്രാക്ക്, സ്വിമ്മിങ് പൂള്‍, ഹോക്കി കോര്‍ട്ട് തുടങ്ങിയ പദ്ധതികള്‍ കിഫ്ബി ബോര്‍ഡിന്റെ പരിഗണനയിലാണ്. ഇത് വേഗത്തിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനം കുറയുകയും വാക്സിനേഷന്‍ പൂര്‍ത്തിയാകുകയും ചെയ്യുന്നതോടെ സ്റ്റേഡിയങ്ങള്‍ മത്സരങ്ങള്‍ക്കായി തുറന്നു കൊടുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തെ സ്റ്റേഡിയങ്ങളുടെ പരിപാലനം യഥാസമയം നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. ഇതിനായി സര്‍ക്കാറിനു കീഴില്‍ രൂപീകരിക്കുന്ന സ്പോര്‍ട്സ് കേരള ലിമിറ്റഡ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തും. അടുത്ത മാസം സ്പോര്‍ട്സ് കേരള ലിമിറ്റഡ് പ്രവര്‍ത്തനം ആരംഭിക്കും. കായിക വകുപ്പിനു കീഴിലുള്ള സ്റ്റേഡിയങ്ങളുടേയും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകള്‍ നിര്‍ദേശിക്കുന്ന സ്റ്റേഡിയങ്ങളുടേയും മികച്ച നിലവാരം കൃത്യമായ പരിചരണത്തിലൂടെ ഉറപ്പു വരുത്താനാകുമെന്നും മന്ത്രി പറഞ്ഞു.

അഡ്വ. യു.എ. ലത്തീഫ് എം.എല്‍.എ, നഗരസഭാധ്യക്ഷ വി.എം. സുബൈദ, കൗണ്‍സിലര്‍മാരായ പി. അബ്ദുറഹീം, സമീന ടീച്ചര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍, സെക്രട്ടറി മുരുകന്‍ രാജ്, വൈസ് പ്രസിഡന്റ് വി.പി. അനില്‍, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം കെ. മനോഹരകുമാര്‍, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ഋഷികേശ് കുമാര്‍, സി. സുരേഷ്, കെ.എ. നാസര്‍, ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ഡോ. പി.എം. സുധീര്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Sharing is caring!