ടോക്കിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയ ഇര്‍ഫാനും ജാബിറിനും മലപ്പുറത്തിന്റെ സ്‌നേഹാദരം

ജപ്പാനില്‍ നടക്കുന്ന ടോക്കിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയ ഇര്‍ഫാനും ജാബിറിനും മലപ്പുറത്തിന്റെ സ്‌നേഹാദരം. കേരളത്തില്‍ നിന്ന് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഒമ്പത് താരങ്ങളില്‍ ജില്ലയില്‍ നിന്നുള്ള കെ.ടി. ഇര്‍ഫാന്‍, എം.പി. ജാബിര്‍ എന്നിവരെയാണ് ജില്ലാ സ്‌പോര്‍ട്‌സ്് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഒരു രാജ്യത്തിന്റെ മുഴുവന്‍ പ്രതീക്ഷകളുമായാണ് മലപ്പുറത്ത് നിന്നും ഇരുവരും ഒളിമ്പിക്്‌സില്‍ പങ്കെടുക്കാനായി പോകുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച മന്ത്രി പറഞ്ഞു. മലപ്പുറത്തിന്റെ അഭിമാന നിമിഷമാണിത്. മെഡലുകള്‍ വാരിക്കുട്ടുന്നതിലുപരിയായി ഒളിമ്പിക്‌സില്‍ രാജ്യത്തിന്റെ സാന്നിധ്യമാവുക എന്നത് തന്നെ മികച്ച നേട്ടമായാണ് സര്‍ക്കാര്‍ കാണുന്നത്. ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന മുഴുവന്‍ മലയാളി താരങ്ങള്‍ക്കും അഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ പാരിതോഷികമായി നല്‍കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ കായികമേഖലിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1000 കോടിയോളം രൂപയുടെ നിര്‍മാണ പ്രവൃത്തികളാണ് നടന്ന് വരുന്നത്. കായിക രംഗത്തിന് ഉണര്‍വേകുന്നതിനും മികച്ച കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതിനായി നിരവധി നൂതന പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. ഒളിമ്പിക്‌സിലെ മലയാളി സാനിധ്യം തിരിച്ച് കൊണ്ട് വരുന്നതിനായുള്ള കൂട്ടായ പ്രവര്‍ത്തനങ്ങളാണ് ആവശ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജില്ലാ കലക്്ടറും സ്‌പോര്‍സ് കൗണ്‍സില്‍ ചെയര്‍മാനുമായ കെ. ഗോപാലകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അഞ്ച്് രൂപ കൂടാതെ ജില്ലാ ഭരണകൂടവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും ചേര്‍ന്ന് ഒരു ലക്ഷം രൂപ വീതവും ഇരു കായിക താരങ്ങള്‍ക്കും പാരിതോഷികമായി നല്‍കുമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ മലയാളി പുരുഷ താരമാണ് പന്തല്ലൂര്‍ സ്വദേശി ജാബിര്‍. 2017-ല്‍ ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെങ്കലം നേടിയിരുന്നു. 2019-ല്‍ ദോഹയില്‍ സ്ഥാപിച്ച 49.13 സെക്കന്റാണ് 400 മീറ്റര്‍ ഹര്‍ഡില്‍സിലെ മികച്ച സമയം. ടോക്കിയോ ഒളിമ്പിക്‌സിനുള്ള യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റ് എന്ന നേട്ടം സ്വന്തം പേരില്‍ കുറിച്ചാണ് കീഴുപറമ്പ് സ്വദേശി ഇര്‍ഫാന്‍ ജപ്പാനിലേക്ക് തിരിക്കുന്നത്.

അന്താരാഷ്ട്ര ഫുട്‌ബോളറായ യു.ഷറഫലി, കേരള അത്‌ലറ്റിക് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.അന്‍വര്‍ അമീന്‍, കാലിക്കറ്റ് സര്‍വകലാശാല കായികവകുപ്പ് മേധാവി ഡോ. വി.പി.സക്കീര്‍ ഹുസൈന്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു. മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ.ശ്രീകുമാര്‍, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് യു.തിലകന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് വി.പി.അനില്‍, ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ പ്രസിഡന്റ് മജീദ് ഐഡിയല്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍മാരായ ആഷിഖ് കൈനിക്കര, കെ.മനോഹരകുമാര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യുട്ടീവ് മെമ്പര്‍മാരായ പി. ഋഷികേശ്കുമാര്‍, കെ.എ.നാസര്‍, സി.സുരേഷ്, വത്സല, ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി കെ.കെ.രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Sharing is caring!