മലപ്പുറത്തെ ‘പ്രാണവായു’ പദ്ധതി നടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു

മലപ്പുറത്തെ ‘പ്രാണവായു’ പദ്ധതി  നടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു

മലപ്പുറം: പൊതുജന പങ്കാളിത്തത്തോടെ മലപ്പുറം ജില്ലയിലെ എല്ലാ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലേയും തീവ്ര പരിചരണ ചികില്‍സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ജില്ലാ ഭരണകൂടം മുന്‍കയ്യെടുത്ത് നടപ്പാക്കുന്ന ‘പ്രാണവായു’ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്‍ ഭരത് മമ്മൂട്ടി ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു.

ജില്ലയിലെ ജനങ്ങള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനും നിലവിലുള്ള കോവിഡ് മഹാമാരി അതിജീവിക്കുന്നതിനും ഭാവിയില്‍ ഇത്തരം രോഗങ്ങളുണ്ടാവുമ്പോള്‍ ആവശ്യമായ പ്രതിരോധ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുന്നതിനുമാണ് ‘പ്രാണവായു’ പദ്ധതി ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ 20 കോടി രൂപ വില വരുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം. ഇതിനകം തന്നെ ഉദാരമതികളായ ആളുകളും സ്ഥാപനങ്ങളും സംഘടനകളും സഹായം നല്‍കിത്തുടങ്ങിയിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ലക്ഷ്യം പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷ.

ജില്ലയിലെ ജനങ്ങളുടെയും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിവിധ ട്രേഡ് യൂണിയനുകള്‍, സന്നദ്ധ സംഘടനകള്‍, ചാരിറ്റി സംഘടനകള്‍, വിദേശ രാജ്യങ്ങളിലെ ചാരിറ്റി സംഘടനകള്‍ തുടങ്ങിയവരുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഓക്സിജന്‍ ജനറേറ്ററുകള്‍, ക്രയോജനിക്ക് ഓക്സിജന്‍ ടാങ്ക്, ഐ.സി.യു ബെഡുകള്‍, ഓക്സിജന്‍ കോണ്‍സന്റെറേറ്റര്‍, ആര്‍.ടി.പി.സി.ആര്‍ മെഷീന്‍സ്, മള്‍ട്ടി പാരാമീറ്റര്‍ മോണിറ്റര്‍, ഡി ടൈപ്പ് ഓക്സിജന്‍ സിലണ്ടറുകള്‍, സെന്റെര്‍ ഓക്സിജന്‍ പൈപ്പ് ലൈന്‍, ബയോസേഫ്റ്റി കാബിനറ്റ്, ക്രയോജനിക്ക് ടാങ്ക് ട്രാന്‍സ്പോര്‍ട്ടിങ് വാഹനം എന്നിവയാണ് പദ്ധതിയിലേക്ക് വേണ്ടി വരുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍

ചടങ്ങില്‍ മലപ്പുറം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ അഞ്ജു കെ. എസ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ മുഖ്യാഥിതിയായിരുന്നു. ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന, പ്രസ് ക്ലബ് സെക്രട്ടറി കെ. പി. എം റിയാസ്, എ.ഡി.എം എന്‍.എം മെഹറലി, വിവിധ സര്‍വീസ് സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

Sharing is caring!