ഇഎംഎസ് മെമ്മോറിയല്‍ ആശുപത്രിക്ക് എക്സലന്‍സ് അവാര്‍ഡ്

ഇഎംഎസ് മെമ്മോറിയല്‍ ആശുപത്രിക്ക് എക്സലന്‍സ് അവാര്‍ഡ്

2021 ലെ സഹകരണ വകുപ്പിന്‍റെ എക്സലന്‍സ് അവാര്‍ഡ് ഇഎംഎസ് സഹകരണ ആശുപത്രി കരസ്ഥമാക്കി. ആരോഗ്യ രംഗത്ത് ഇഎംഎസ് ആശുപ്രത്രിയില്‍ നടപ്പിലാക്കി വരുന്ന അട്ടപ്പാടി സമഗ്രആരോഗ്യ സുരക്ഷാ പദ്ധതി, രോഗീസൗഹൃദവായ്പാ പദ്ധതി എന്നിവയെ മുന്‍നിര്‍ത്തിയാണ് എക്സലന്‍സ് അവാര്‍ഡ് ലഭിച്ചത്.
സംസ്ഥാന സഹകരണ വകുപ്പും ഇഎംഎസ് മെമ്മോറിയല്‍ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ & റിസര്‍ച്ച് സെന്‍ററും സംയുക്തമായി ചേര്‍ന്ന് കേരളത്തിലെ ഏറ്റവും വലിയ ഗോത്രവിഭാഗ പ്രദേശമായ അട്ടപ്പാടിയിലെ എസ്/എസ്.ടി ജനവിഭാഗത്തിന്‍റെ സമഗ്ര ആരോഗ്യ ചികിത്സാ പദ്ധതി, ഒരു പൈലറ്റ് പ്രൊജക്ട് ആയിട്ടാണ് നടപ്പിലാക്കുന്നത്. സൂപ്പര്‍ സ്പെഷ്യാലിറ്റി രോഗിചികിത്സയ്ക്ക് പുറമെ, മെഡിക്കല്‍ ക്യാമ്പ്, ആരോഗ്യ പരിശീലന പരിപാടികള്‍, ബോധവല്‍ക്കരണ പരിപാടികള്‍ ശിശുമരണനിരക്ക് കുറച്ചുകൊണ്ടുവരുന്നതിനുള്ള ഇടപെടല്‍ എന്നിവ ഈ പദ്ധതിയിലൂടെ സാധ്യമായി.
സാമ്പത്തിക വൈഷമ്യം അനുഭവിക്കുന്ന രോഗികള്‍ക്ക് അവരുടെ ചികിത്സാബില്ല് അടക്കുന്നതിന് 4 മാസം വരെ സാവകാശം ലഭിക്കുന്നതാണ് രോഗീസൗഹൃദ വായ്പാപദ്ധതി ഈ പദ്ധതി പ്രകാരം രോഗികളോ അവരുടെ ബന്ധുക്കളോ അംഗങ്ങളായിട്ടുള്ള സഹകരണ വായ്പാ സംഘങ്ങളില്‍നിന്നും ബാങ്കുകളില്‍ നിന്നും നാല് മാസക്കാലത്തേക്ക് 3 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുകയും വായ്പാ തുകയുടെ പലിശ ആശുപത്രി അടവാക്കുകയും ചെയ്യും. കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ സഹകരണ മേഖലയില്‍ നടപ്പിലാക്കിവരുന്ന അതിജീവനപദ്ധതി എന്ന നിലക്ക് സംസ്ഥാനത്താദ്യമായാണ് സഹകരണ വകുപ്പിന്‍റെ അനുമതിയോടെ ഇത്തരം ഒരു പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കിവരുന്നത്.
തിരുവനന്തപുരത്ത് വെച്ച് നടന്ന അന്താരാഷ്ട്ര സഹകരണ ദിനാഘോഷം സഹകരണ മന്ത്രി ശ്രീ.വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങില്‍ സഹകരണ വകുപ്പ് സെക്രട്ടറി ശ്രീമതി. മിനി ആന്‍റണി ഐ.എ.എസ് അവാര്‍ഡ് പ്രഖ്യാപിച്ചു. 2020ലെ പ്രവര്‍ത്തനമികവ് കണക്കിലെടുത്താണ് സഹകരണ മേഖലയിലെ വിവിധ വിഭാഗങ്ങളിലുള്ള സംഘങ്ങള്‍ക്ക് അവാര്‍ഡ് നല്‍കിയത്. ബഹു.ഗതാഗത വകുപ്പ് മന്ത്രി ശ്രീ.ആന്‍റണി രാജു അധ്യക്ഷതവഹിച്ച ചടങ്ങില്‍ ശ്രീ.പി.ജോയി എം.എല്‍.എ., സഹകരണ രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.

Sharing is caring!