സ്മാര്‍ട്ട്‌ഫോണ്‍ ചലഞ്ചിന്റെ വിജയം മലയാളികളുടെ മാതൃക സ്‌നേഹ കൂട്ടായ്മ ; മന്ത്രി വി. അബ്ദുറഹിമാന്‍

സ്മാര്‍ട്ട്‌ഫോണ്‍ ചലഞ്ചിന്റെ വിജയം മലയാളികളുടെ മാതൃക സ്‌നേഹ കൂട്ടായ്മ ; മന്ത്രി വി. അബ്ദുറഹിമാന്‍

കോവിഡ് മഹാമാരി കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി അവരെയും ചേര്‍ത്തുപിടിക്കാനുള്ള മലയാളികളുടെ മഹാമനസ്‌കതയാണ് സ്മാര്‍ട്ട് ഫോണ്‍ ചലഞ്ച് പോലുള്ള പരിശ്രമങ്ങളെ വിജയിപ്പിക്കുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. താനുര്‍ ദേവധാര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്മാര്‍ട്ട് ഫോണ്‍ വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താനൂര്‍ ദേവധാര്‍ സ്‌കൂളിന്റെ ആദരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു മന്ത്രി സ്മാര്‍ട്ട് ഫോണ്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചത്. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെ ആസ്ഥാനം ദേവധാര്‍ സ്‌കൂളില്‍ തുടങ്ങും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ദേവധാര്‍ സ്‌കൂളില്‍ മികച്ച വികസന പ്രവര്‍ത്തനങ്ങളാണ് ഇതിനകം നടത്തിയത്. വിദ്യാഭ്യാസ രംഗത്തെ മികവിനായി തുടര്‍ന്നും ജനകീയ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 110 മീറ്റര്‍ ഹഡില്‍സില്‍ ലോക റാങ്കിംഗില്‍ മുന്നാം സ്ഥാനം കരസ്ഥമാക്കിയ ദേവധാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി മുഹമ്മദ് ഹനാനെ ചടങ്ങില്‍ മന്ത്രി അനുമോദിച്ചു.പി.ടി. എ പ്രസിഡന്റ് ഇ അനോജ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം ഷാഫി, താനാളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക, സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി.സതീശന്‍ , അംഗം കെ. ലിജു, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി.എ. കാദര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം. ഗണേഷന്‍, പ്രധാനാധ്യപകന്‍ കെ.അബ്ദു സലാം . എസ്.എം.സി ചെയര്‍മാന്‍ അനില്‍ തലപ്പള്ളി, ഹയര്‍ സെക്കന്‍ഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറി എം.ഹംസ എന്നിവര്‍ സംസാരിച്ചു.

Sharing is caring!