നാലോ അഞ്ചോ പേരുടെ അധികാര വീതംവയ്പ്പിന്റെ കേന്ദ്രമായി ലീഗ് ഉന്നതാധികാരസമിതി മാറി: യൂത്ത്‌ലീഗ്

നാലോ അഞ്ചോ പേരുടെ  അധികാര വീതംവയ്പ്പിന്റെ  കേന്ദ്രമായി ലീഗ് ഉന്നതാധികാരസമിതി മാറി: യൂത്ത്‌ലീഗ്

മുസ്ലിം ലീഗ് നേതൃത്വത്തിനെതിരേ യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ രൂക്ഷ വിമര്‍ശനം. നേതാക്കന്‍മാര്‍ക്ക് ചുറ്റും ഉപചാപക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും നാലോ അഞ്ചോ പേരുടെ അധികാര വീതംവയ്പ്പിന്റെ കേന്ദ്രമായി പാര്‍ട്ടി ഉന്നതാധികാര സമിതി മാറിയതായും വിമര്‍ശനം ഉയര്‍ന്നു. ആശയപരമായ ചര്‍ച്ചകളുടെ വാതില്‍ നേതാക്കള്‍ കൊട്ടിയടച്ചു. പകരം നടക്കുന്നത് ഗൂഡാലോചനയാണ്. ഉപചാപക സംഘങ്ങളും ആജ്ഞാനുവര്‍ത്തികളായ ജില്ലാ നേതാക്കളും പാര്‍ട്ടിയെ പരാജയത്തിലേക്ക് തള്ളിവിട്ടെന്നും ചില ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് മാതൃസംഘടനാ നേതൃത്വത്തിനെതിരെ വിമര്‍ശനമുണ്ടായത്. പാര്‍ട്ടി ഘടകങ്ങളില്‍ ചര്‍ച്ച ചെയ്യാതെയാണ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇത് തിരിച്ചടിയായി. അധികാരത്തിന് നേതാക്കള്‍ നടത്തിയ നെട്ടോട്ടം പാര്‍ട്ടിയെ അപഹാസ്യമാക്കിയെന്ന് സംസ്ഥാന വൈസ് പ്രസിഡന്റുമാരില്‍ ഒരാള്‍ പറഞ്ഞു. പാര്‍ട്ടി ഉന്നതാധികാര സമിതിയെ ഭൂരിഭാഗം ഭാരവാഹികളും ചോദ്യം ചെയ്തു. ഭരണഘടനാപരമല്ലാത്ത ഈ സമിതി എടുക്കുന്ന തീരുമാനങ്ങള്‍ പാര്‍ട്ടിയെ പ്രതിസന്ധിയാക്കുന്നതാണെന്ന് വിമര്‍ശനം ഉയര്‍ന്നു. നാലോ അഞ്ചോ പേരുടെ അധികാര വീതംവയ്പ്പിന്റെ കേന്ദ്രമായി ഉന്നതാധികാരസമിതി മാറി. ഇതിനെ ചോദ്യം ചെയ്യുന്നവരെ തളര്‍ത്താന്‍ അധാര്‍മികമായ ഇടപെടലും സ്വാധീനവും നടത്തുന്നു.

കെ.എം ഷാജി ചാനല്‍ അഭിമുഖത്തില്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ ശരിയാണെങ്കിലും പാര്‍ട്ടി വേദിയിലായിരുന്നു ഇത് പറയേണ്ടിയിരുന്നത്. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ന്യൂനപക്ഷ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയാതെ പാപ്പരായി. ഡല്‍ഹിയില്‍ പാര്‍ട്ടിക്ക് ഓഫിസ് ഉണ്ടാക്കുമെന്ന് പറഞ്ഞവര്‍ കോഴിക്കോട്ടെ ലീഗ് ഹൗസ് മിനുക്കി നടക്കുകയാണെന്നും വിമര്‍ശനമുണ്ടായി.
പുതിയ തലമുറക്ക് പ്രതീക്ഷ നല്‍കുന്ന ഒരു പദ്ധതിയും പാര്‍ട്ടിയില്‍ നിന്നുണ്ടാവുന്നില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എസ്.ഡിപി.ഐയുമായി നടത്തിയ ചര്‍ച്ചയും തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ സഖ്യവും പൊതുസമൂഹത്തോട് നേതാക്കള്‍ ചെയ്ത കുറ്റകൃത്യമാണെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. ചൊവ്വാഴ്ചവൈകിട്ട് തുടങ്ങിയ ഭാരവാഹി യോഗം രാത്രി ഒരു മണി വരെ നീണ്ടു.

Sharing is caring!