വിദ്യാഭ്യാസ മേഖലയിലെ വിവേചനങ്ങള്‍ പരിഹരിക്കാന്‍ മലപ്പുറം ജില്ലാ വിഭജനം യാഥാര്‍ഥ്യമാക്കണമെന്ന് കാംപസ് ഫ്രണ്ട്

മലപ്പുറം: വിദ്യാഭ്യാസ മേഖലയിലെ വിവേചനങ്ങള്‍ പരിഹരിക്കാന്‍ മലപ്പുറം ജില്ലാ വിഭജനം യാഥാര്‍ഥ്യമാക്കണമെന്ന് കാംപസ് ഫ്രണ്ട് മലപ്പുറം സെന്‍ട്രല്‍ ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. സര്‍ക്കാര്‍ ആനുകൂല്യങ്ങളോരോന്നും അനുവദിക്കുമ്പോഴും വിതരണത്തിന്റെ മാനദണ്ഡം ജില്ലയെന്നതാകുമ്പോള്‍ മലപ്പുറത്തിന്റെ നാലില്‍ ഒന്ന് ജനസംഖ്യയുള്ള ജില്ലകള്‍ക്കും മലപ്പുറത്തിനും ഒരേ തോതിലാണ് ലഭിക്കുക. മലപ്പുറം ജില്ലയുടെ പിന്നോക്കാവസ്ഥയുടെ അടിസ്ഥാന കാരണവും ഇതു തന്നെയെന്നതില്‍ സംശയമില്ല. ജില്ലയുടെ വിദ്യാഭ്യാസ മേഖലയിലും ഈ അവഗണന പ്രതിഫലിക്കുന്നത് വിദ്യാര്‍ത്ഥികളുടെ ഭാവിയെപ്പോലും ആശങ്കയുടെ നിഴലിലാക്കുകയാണ്. നിലവിലെ അവസ്ഥ പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളുള്ള ജില്ലയായിട്ട് പോലും മലപ്പുറത്ത് എഞ്ചിനീയറിംഗ്, ബിഎഡ്, ലോ, ഡെന്റല്‍, ഹോമിയോപ്പതി, നഴ്‌സിംഗ്, അഗ്രികള്‍ച്ചര്‍ തുടങ്ങിയ സര്‍ക്കാര്‍ കോളേജുകള്‍ ഒന്നുപോലുമില്ല. എസ്എസ്എല്‍സി കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനാവശ്യമായ സീറ്റുകളോ വിദ്യാര്‍ത്ഥി ആനുപാതികമായി സര്‍ക്കാര്‍ കോളേജുകളോ ജില്ലയിലില്ല. മുസ്ലിം ന്യൂനപക്ഷത്തിന്റെ പിന്നോക്കവസ്ഥക്ക് പരിഹാരമെന്നോണം സച്ചാര്‍ കമ്മീഷന്‍ നിര്‍ദേശിച്ച അലിഗഡ് ഓഫ് കാംപസ്, ഇഫ്‌ലൂ എന്നിവയും സര്‍ക്കാരുകളുടെ പിടിപ്പുകേടുമൂലം യാഥാര്‍ഥ്യമായില്ല. മലപ്പുറം ജില്ലയോട് തുടരുന്ന വിവേചനവും അവഗണനയും അവസാനിപ്പിക്കാതിരിക്കുന്നത് ഒരു വിഭാഗത്തോട് മാത്രം ലക്ഷ്യംവെച്ചുള്ള അനീതിയാണെന്നും എത്രയും പെട്ടന്ന് തന്നെ ജില്ലാ വിഭജനത്തിന് വേണ്ട നടപടികള്‍ കൈകൊള്ളണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

 

Sharing is caring!