ഷഹ്‌മ ബീഗവും എം.സി.ഷരീഫും ജേതാക്കൾ; എം.എസ്.എഫ് പ്രകൃതി സൗഹൃദ വിദ്യാർത്ഥി അവാർഡ്

മലപ്പുറം: എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി പരിസ്ഥിതി വാരത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ പ്രകൃതി സൗഹൃദ വിദ്യാർത്ഥി അവാർഡിന് ജില്ലയിൽ ഷഹ്‌മ ബീഗം മാറാക്കരയും എം.സി.ഷരീഫ് പെരുവള്ളൂരും അർഹരായി.
പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള പാഴ്‌വസ്തുക്കളിൽ നിന്ന് അലങ്കാര വസ്തുക്കളും മറ്റു ഉപയോഗ വസ്തുക്കളും നിർമ്മിക്കുകയും പേപ്പർ ബാഗ്, പേപ്പർ പേന, പ്ലാസ്റ്റിക് റീ യൂസ്, ബോട്ടിൽ ആർട്ട്  എന്നിവയിൽ കേരളത്തിനകത്തും പുറത്തുമുള്ള വിദ്യാർഥികൾക്ക് ഓൺലൈനായും ഓഫ്‌ലൈനായും പരിശീലനം നൽകുകയും ചെയ്യുന്ന ഇ.എം.ഇ.എ ബി.എഡ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയാണ് ഷഹ്‌മ.
പെരുവള്ളൂർ കാക്കത്തടം അങ്ങാടിയിൽ പാതയോരത്ത് നയന മനോഹരമായ ഉദ്യാനം സ്വന്തം കരവിരുതിൽ ഒരുക്കി യാത്രകാർക്കും മറ്റും കണ്ണിന് കുളിർമയേകുന്ന നിത്യ ഹരിത ഭംഗി നാടിന് സമർപ്പിച്ച് നിത്യേന അതിനെ പരിപാലിക്കുന്ന ഷരീഫിന്റെ ഈ ഉദ്യാന സൃഷ്ടിപ്പിൽ ആകൃഷ്ടരായ പഞ്ചായത്ത് അധികൃതർ ഇത് പഞ്ചായത്തിലുടനീളം നടപ്പിലാക്കാൻ ഒരുങ്ങുകയാണ്.
  പേപ്പർ കവർ നിർമ്മാണം, വിദ്യാർത്ഥി തൊട്ടങ്ങൾ, കടലാസ് പേനകൾ, കൃഷി തുടങ്ങിയ പ്രകൃതിക്ക് ഒപ്പം നിൽക്കുന്ന വ്യത്യസ്ത പ്രവർത്തനങ്ങളിൽ വ്യാപൃതരായ വിദ്യാർത്ഥി – വിദ്യാർത്ഥി കൂട്ടായ്മകളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. ജില്ലയിലെ നൂറിൽ അധികം അപേക്ഷയിൽ നിന്ന് പ്രവർത്തനങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും കൃത്യമായി അയച്ചു തന്നവരിൽ പ്രത്യേക അന്വേഷണം നടത്തിയാണ് വിജയികളെ തിരഞ്ഞെടുത്തത്. വിവിധ ജില്ലകളിൽ ജേതാക്കളായവരിൽ നിന്ന്  ഏറ്റവും മികച്ച പ്രവർത്തനത്തിന് സംസ്ഥാന തല അവാർഡും നൽകുന്നുണ്ട്. വിജയികളെ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പും ജനറൽ സെക്രട്ടറി വി.എ.വഹാബും അഭിനന്ദിച്ചു.

Sharing is caring!