സമസ്ത ഓണ്‍ലൈന്‍ മദ്‌റസ ഓണ്‍ലൈന്‍ പഠനത്തിന് മാതൃകയാവുന്നു

സമസ്ത ഓണ്‍ലൈന്‍ മദ്‌റസ ഓണ്‍ലൈന്‍ പഠനത്തിന് മാതൃകയാവുന്നു

 സമസ്ത ഓണ്‍ലൈന്‍ മദ്‌റസ ഓണ്‍ലൈന്‍ പഠനത്തിന് മാതൃകയാവുന്നു. കോവിഡ്-19 പശ്ചാത്തലത്തില്‍ കഴിഞ്ഞ അധ്യയനവര്‍ഷം പൂര്‍ണമായും ഓണ്‍ലൈന്‍ മദ്‌റസ പഠനം നടത്തിയ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ഓണ്‍ലൈന്‍ പഠനം അക്കാദമിക സമൂഹത്തിന്റെ പ്രശംസ നേടിയിരുന്നു. ഈ വര്‍ഷവും മദ്‌റസ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജൂണ്‍ 2 മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ മദ്‌റസ പഠനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ആവിഷ്‌കരിച്ച പരിപാടികളാണ് മാതൃകയാവുന്നത്. കുട്ടികള്‍ തുടക്കത്തില്‍ കാണിക്കുന്ന താല്‍പര്യം ക്രമേണ കുറഞ്ഞുവരുന്നതായാണ് മിക്ക ഓണ്‍ലൈന്‍ പഠനത്തിന്റെയും അനുഭവം. എന്നാല്‍ അവതരണമികവ്, സാങ്കേതിക വിദ്യയുടെ മേന്മ, മോണിറ്ററിംഗ്, അധ്യാപകരുടെ ഇടപെടല്‍, മുഫത്തിശുമാരുടെ പരിശോധന, മദ്‌റസ കമ്മിറ്റി ഭാരവാഹികളുടെ ശക്തമായ പിന്തുണ എന്നിവകൊണ്ടെല്ലാം സമസ്ത ഓണ്‍ലൈന്‍ മദ്‌റസ ക്ലാസിനെ ശ്രദ്ധേയമാക്കുന്നുണ്ട്.
മുഅല്ലിംകള്‍ അതാത് ക്ലാസിലെ കുട്ടികള്‍ക്ക് വാട്ട്‌സ്ആപ്പ്, ഗൂഗ്ള്‍ മീറ്റ്, സൂം തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിച്ച് നിത്യവും ഓണ്‍ലൈന്‍ ക്ലാസിന് അനുബന്ധമായ പഠന പ്രവര്‍ത്തനങ്ങളും പരിശോധനയും നടക്കുന്നതിലൂടെ കുട്ടികളുടെ പഠനം കൂടുതല്‍ കാര്യക്ഷമമാകുന്നുണ്ട്. ചേളാരി സമസ്താലയത്തില്‍ ഇതിനായി പ്രത്യേകം രണ്ട് സ്റ്റുഡിയോകള്‍ സ്ഥാപിച്ചിട്ടുണ്ട്. 30 പേരടങ്ങുന്ന വിദഗ്ദരായ അധ്യാപകരും 12 അംഗ പരിശോധകരും ടെക്‌നിക്കല്‍ സ്റ്റഫും ഉള്‍കൊള്ളുന്ന ഒരു ടീമാണ് ഓണ്‍ലൈന്‍ ക്ലാസിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഒന്നു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളില്‍ 60 ഓളം വിഷയങ്ങള്‍ക്കുപുറമെ ഖുര്‍ആന്‍, ഹിഫഌ ക്ലാസുകളും അറബി തമിഴ്, ഉറുദു, ഹനഫി ഫിഖ്ഹ് എന്നീ വിഷയങ്ങളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. ദിവസവും രാവിലെ 6 മണി മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന്റെ ലിങ്ക് ലഭിക്കും. സമസ്ത ഓണ്‍ലൈന്‍ ചാനല്‍ വഴി യൂട്യൂബ്, മൊബൈല്‍ ആപ്പ്, ദര്‍ശന ടി.വി. എന്നിവയില്‍ കൂടിയാണ് ക്ലാസുകള്‍ ലഭ്യമാകുന്നത്. ലക്ഷക്കണക്കിന് രൂപയാണ് സമസ്ത കേരള ഇസ്്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഓണ്‍ലൈന്‍ മദ്‌റസ പഠനത്തിന് വേണ്ടി വിനിയോഗിക്കുന്നത്. ഓണ്‍ലൈന്‍ മദ്‌റസ ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ പൊതുസമൂഹത്തിനും പഠിക്കാന്‍ ഉപകരിക്കുന്നുണ്ട്.

Sharing is caring!