എമര്‍ജന്‍സി മെഡിസിന്‍ കുറഞ്ഞ ചിലവില്‍ ജൂലൈ ഒന്ന് മുതല്‍ മലപ്പുറത്തും ലഭിക്കും

എമര്‍ജന്‍സി മെഡിസിന്‍ കുറഞ്ഞ ചിലവില്‍ ജൂലൈ ഒന്ന് മുതല്‍ മലപ്പുറത്തും ലഭിക്കും

മലപ്പുറം: മലപ്പുറം ജില്ലാ സഹകരണ ആശുപത്രി കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ജൂലൈ ഒന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനായുള്ള ധാരണാ പത്രം സഹകരണ ആശുപത്രി പ്രസിഡന്റ് കെ.പി.എ. മജീദ് എം.എല്‍.എ ആസ്റ്റര്‍ മിംസ് കേരള സി.ഇ.ഒ. ഫര്‍ഹാന്‍ യാസീന്‍ എന്നിവര്‍ ചേര്‍ന്ന് ഒപ്പ് വെച്ചു.
മിതമായ ചികിത്സാ നിരക്കില്‍ ഗുണമേന്മയുള്ള ചികിത്സ മലപ്പുറത്ത് ലഭ്യമാക്കുന്നതിനായാണ് ഈ പുതിയ ഉദ്യമം എന്ന് ആശുപത്രി അധ്കൃതര്‍ പറഞ്ഞു.

മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയില്‍ ആസ്റ്റര്‍ മിംസിന്റെ ലോകോത്തര നിലവാരത്തിലുള്ള എമര്‍ജന്‍സി മെഡിസിന്‍ ശൃംഖലയുടെ സേവനം ഇതോടെ ലഭ്യമാകും.വെന്റിലേറ്റര്‍, ഫോക്കസ് അള്‍ട്രാ സൗണ്ട് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളയോടെയുള്ളഎമര്‍ജന്‍സി ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്, 24 മണിക്കൂറും എമര്‍ജന്‍സി ഫിസിഷ്യന്‍സിന്റെ സേവനവും, ടെലി ക ഇ ഡ സംവിധാനവും ഉണ്ടാകും.

സദാ സജ്ജമായ മെഡിക്കല്‍,ഓര്‍ത്തോ, സര്‍ജ്ജിക്കല്‍ അത്യാഹിത സേവനങ്ങള്‍,അപകടം,അക്രമം, വീഴ്ച എന്നിവ മൂലം ഉണ്ടാകുന്ന പരിക്കുകള്‍ക്കുള്ള ചികിത്സയുംഇവിടെ ലഭിക്കും.

വിഷബാധ മൂലമുണ്ടാകുന്ന അത്യാഹിതങ്ങള്‍ക്കുള്ള വിദഗ്ദ്ധ ചികിത്സയും ഇനി മുതല്‍ ഉണ്ടാവും.

ഹൃദയ ശസ്ത്രക്രിയക്കായി കാത്ത് ലാബ്, കാര്‍ഡിയാക്ക് സെന്റര്‍ കൂടാതെ സി.ടി.സ്‌കാന്‍ സംവിധാനം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ മലപ്പുറം സഹകരണ ആശുപത്രിയില്‍ ആഗസ്റ്റ് അവസാനത്തോടെ ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് ആശുപത്രി പ്രസിഡന്റ് കെ.പി.എ.മജീദ് എം.എല്‍.എ. പറഞ്ഞു.

ആതുര സേവനരംഗത്തു 35 വര്‍ഷത്തെ അംഗീകാരവുമായി മുന്നേറുന്ന മലപ്പുറം ജില്ലാ സഹകരണ ആശുപത്രി ഒരു മാസമായി മലപ്പുറം ടൗണ്‍ ഹാളില്‍ സൗജന്യ കോവിഡ് ചികിത്സാ കേന്ദ്രം നടത്തി വരുന്നുണ്ട്. കോവിഡ് രോഗികള്‍ക്ക് പൂര്‍ണമായും സൗജന്യ കിടത്തി ചികിത്സ നല്‍ക്കുന്ന സംസ്ഥാനത്തെ ഏക സഹകരണ ആശുപത്രിയാണ്. മാത്രമല്ല കോവിഡ് രോഗം മാറിയവര്‍ക്കുള്ള പോസ്റ്റ് കോവിഡ് ക്ലിനിക്കും ആരംഭിച്ചിട്ടുണ്ട്. കാരുണ്യ ആരോഗ്യ ഇന്‍ഷൂറന്‍സ് ഉള്ളവര്‍ക്ക് സൗജന്യ ചികിത്സയും ലഭിക്കും.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപയോളം ചെലവ് വരുന്ന ആധുനിക നിര്‍മ്മാണ രീതിയായ പ്രീ ഫ്രാബ്രിക്കേറ്റഡ് സ്റ്റീല്‍ സ്‌ട്രെക്ച്ചര്‍ രീതിയിലുള്ള പുതിയ ബ്ലോക്കിന്റെ വര്‍ക്കും ആഗ്സ്റ്റ് അവസാനം പൂര്‍ത്തീകരിക്കും.

മലപ്പുറത്തിന്റെ പിറന്നാളിനുള്ള അേെലൃ ങകങട ന്റെ സമ്മാനമാണ് സഹകരണ ആശുപത്രിയില്‍ ചുരുങ്ങിയ ചെലവില്‍ എമര്‍ജന്‍സി മെഡിസിന്‍ സേവനം ലഭ്യമാക്കുക എന്ന പദ്ധതി തുടങ്ങിയിട്ടുള്ളതെന്നും കൂടാതെ യൂറോളജി, ന്യൂറോ, ഗ്യാസ്‌ട്രോ എന്നീ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാര്‍ ആഴ്ചയില്‍ ഒരുദിവസം വിസിറ്റിംഗ് കണ്‍സള്‍ ട്ടേഷനും ജില്ലാ സഹകരണ ആശുപത്രിയില്‍ തുടര്‍ന്ന് ലഭ്യമാക്കുമെന്നും ആസ്റ്റര്‍ മിംസ് കേരള സി.ഇ.ഒ ഫര്‍ഹാന്‍ യാസീന്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ സഹകരണ ആശുപത്രി വൈസ് പ്രസിഡന്റ് അബ്ദുള്ള മാസ്റ്റര്‍, മിംസ് എമര്‍ജന്‍സി മെഡിസിന്‍ ഡയറക്ടര്‍ ഡോ. വേണുഗോപാല്‍,ഡോ. നൗഫല്‍ ബഷീര്‍,കെ.എന്‍.എ ഹമീദ് മാസ്റ്റര്‍, നൗഷാദ് മണ്ണിശ്ശേരി, കെ.കെ.അബ്ദുള്ള, പരേടത്ത് മുഹമ്മദ് ഹാജി, .ഇമ്പിച്ചി കോയ തങ്ങള്‍ ഒ എം,സെക്രട്ടറി സഹീര്‍ കാലടി തുടങ്ങിയവര്‍ സംബന്ധിച്ചു

Sharing is caring!