മലപ്പുറത്തെ 96റേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി

ഏറനാട് താലൂക്കില്‍ ജൂണ്‍ മാസം 62 മുന്‍ഗണനാ കാര്‍ഡുകളും (പിങ്ക്), 34 സബ്സിഡി (നീല) റേഷന്‍ കാര്‍ഡുകളും പൊതുവിഭാഗത്തിലേയ്ക്ക് മാറ്റി. ഏറനാട് താലൂക്കില്‍ 677 റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ ആധാര്‍ കാര്‍ഡ് നമ്പറുകളാണ് ബന്ധപ്പെട്ട റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ ബാക്കിയുള്ളത്. താലൂക്കിലെ 176 റേഷന്‍ കടകളില്‍, 70 കടകളില്‍ ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന ജോലി പൂര്‍ത്തിയായി. ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാതെ അനര്‍ഹമായി സബ്സിഡി റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റുന്നത് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ക്രമക്കേട് നടത്തിയ റേഷന്‍ കട ഉടമക്കെതിരെ നടപടി

പാണ്ടിക്കാട് പഞ്ചായത്തിലെ തറിപ്പടിയിലെ റേഷന്‍ കടയില്‍ നിന്ന് ഉപഭോക്താവിന് മെയ് മാസത്തെ അരിയും കിറ്റും യഥാസമയം ലഭിച്ചില്ലെന്ന പരാതിയെ തുടര്‍ന്ന് താലൂക്ക് സപ്ലൈ ഓഫീസറും സംഘവും റേഷന്‍ കടയില്‍ പരിശോധന നടത്തി ഉപഭോക്താവിന്റെ പരാതി പരിഹരിച്ചു. ഏറനാട് താലൂക്കില്‍ രണ്ട് റേഷന്‍കടകളടക്കം ആറ് വ്യാപാര സ്ഥാപനങ്ങളിലായിരുന്നു പരിശോധന. ക്രമക്കേട് കണ്ടെത്തിയ റേഷന്‍ കട ഉടമക്കെതിരെ നടപടിയെടുത്തു. പൊതുവിപണി പരിശോധനയില്‍ വിലനിലവാരം പ്രദര്‍ശിപ്പിക്കാത്തതിന് മൂന്ന് കടകള്‍ക്ക് നോട്ടീസും നല്‍കി. സാമൂഹിക അകലം പാലിക്കാത്തതിന് താക്കീത് നല്‍കുകയും ചെയ്തു. താലൂക്ക് സപ്ലൈ ഓഫീസര്‍ സി എ വിനോദ്കുമാര്‍, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ വികെ മോഹനന്‍, ജിഎ സുനില്‍ദത്ത്, കെപി അബ്ദുനാസര്‍, പി പ്രദീപ്, ടി ജീവനക്കാരനായ രഞ്ജിത്ത് എന്നിവരുടെ നേത്യത്വത്തിലായിരുന്നു പരിശോധന. പോര്‍ട്ടബിലിറ്റി സംവിധാനം നിലവിലുള്ളതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഏത് റേഷന്‍ കടകളില്‍ നിന്നും റേഷന്‍ വാങ്ങാം. എന്നാല്‍ ചില റേഷന്‍ കടക്കാര്‍ ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ സി.എ വിനോദ്കുമാര്‍ അറിയിച്ചു.

Sharing is caring!