ഓണ്‍ലൈന്‍ ക്ലാസ് കേള്‍ക്കാന്‍ കൊടുംകാട്ടില്‍ കുടുയും ചൂടി മലപ്പുറം പുത്തനഴിയില്‍ നിരവധി വിദ്യാര്‍ഥികള്‍

ഓണ്‍ലൈന്‍ ക്ലാസ് കേള്‍ക്കാന്‍ കൊടുംകാട്ടില്‍ കുടുയും ചൂടി മലപ്പുറം പുത്തനഴിയില്‍ നിരവധി വിദ്യാര്‍ഥികള്‍

മലപ്പുറം: മൊബൈല്‍ റേഞ്ച് ലഭിക്കാതായതോടെ ഓണ്‍ലൈന്‍ ക്ലാസ് കേള്‍ക്കാന്‍ കൊടുംകാട്ടില്‍ കുടുയും ചൂടി നിരവധി വിദ്യാര്‍ഥികള്‍. മലപ്പുറം പുത്തനഴി കൊടക്കാടന്‍ ചോലയിലാണ് മൊബൈല്‍ നെറ്റ് വര്‍ക്കില്ലാത്തതിനെ തുടര്‍ന്ന് കുട്ടികള്‍ കൊടും കാടില്‍ കുടയും ചൂടി പഠനം നടത്തുന്നത് നിരവധി കുട്ടികള്‍. മൊബൈല്‍ റേഞ്ചിന് പുറത്തായ സ്ഥലമായതിനാല്‍ സ്‌കൂള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാനാവുന്നില്ല. മഴക്കാലത്ത് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നതിനാലും ടിവി ഭൂരിഭാഗം വീടുകളില്‍ ഇല്ലാത്തത് കൊണ്ടും ക്ലാസുകളില്‍ കൃത്യമായി ഇവിടങ്ങളില്‍ ആര്‍ക്കും പങ്കെടുക്കാനാവുന്നില്ല. എന്നാല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഫോണ്‍ വഴിയുള്ള ഓണ്‍ലൈന്‍ ക്ലാസല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല. ഒന്നിലധികം വിദ്യാര്‍ത്ഥികളുള്ള വീടുകളില്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ മാത്രമുള്ളതും പ്രശ്നമാണ്. രാവിലെ സമസ്തയുടെ മദ്റസ ഓണ്‍ ലൈന്‍ ക്ലാസുകളും കുട്ടികള്‍ക്ക് കേള്‍ക്കാനാകുന്നില്ല.
ഗ്രാമത്തില്‍ മതിയായ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഇല്ലാത്തതിനാല്‍ ദിവസവും കുന്നുകള്‍ കയറി പാറപ്പുറങ്ങളില്‍ ഇരുന്നാണ് വിദ്യാര്‍ത്ഥികള്‍ അവരുടെ ഓണ്‍ലൈന്‍ ക്ലാസ് കേള്‍ക്കുന്നത്.
”ഗ്രാമത്തില്‍ നെറ്റ്വര്‍ക്ക് ഇല്ല, ഈ പ്രശ്നം പരിഹരിക്കാന്‍ ഞങ്ങള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു” ഡിഗ്രി വിദ്യാര്‍ത്ഥിയായ അത്തിക്കാടന്‍ സല്‍മാന്‍ പറഞ്ഞു.
വിക്ടേഴ്‌സ് ചാനലിലെ ക്ലാസിന് പുറമേ ഓണ്‍ലൈനായും ലൈവായും ക്ലാസുകള്‍ക്ക് തുടക്കം കുറിച്ച സഹചര്യത്തില്‍ ധാരാളം വിദ്യാര്‍ഥികളുള്ള ഈ പ്രദേശങ്ങളില്‍ പ്രസ്തുത സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയാത്തതില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും വലിയ പ്രയാസത്തിലാണ്.
ഈ പ്രദേശങ്ങളിലുള്ള വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും റെയ്ഞ്ച് കിട്ടുന്നതിനുവേണ്ടി സിം കാര്‍ഡുകള്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റി പല പരീക്ഷണം നടത്തിയെങ്കിലും എല്ലാം പരാജയപ്പെട്ടു.
മാസാമാസമുള്ള ഇന്റര്‍നെറ്റ് റീചാര്‍ജിംഗാണ് രക്ഷിതാക്കള്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധി. മാസം 200 രൂപയിലധികം റീചാര്‍ജിംഗിനായി വേണ്ടിവരുന്നത് കൊവിഡ് സാഹചര്യത്തില്‍ അധിക ബാധ്യതയാണ്. കുടുംബശ്രീ വഴി കെ.എസ്.എഫ്.ഇയുടെ സഹകരണത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് നല്‍കുന്ന കഴിഞ്ഞ സര്‍ക്കാരിന്റെ പദ്ധതിയും എങ്ങുമെത്തിയിട്ടില്ല.
അതേസമയം നെറ്റ്വര്‍ക്ക് മെച്ചപ്പെടുത്താനുള്ള ഇടപെടല്‍
സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഡിഗ്രി ക്ലാസുകളിലെ ചില വിഷയങ്ങള്‍ രാത്രി കാലത്ത് നടക്കുമ്പോള്‍ രാത്രിയിലും കൊടും കാട്ടില്‍ കയറി ക്ലാസ് കേള്‍ക്കേണ്ട അവസ്ഥയാണ്.
ഓണ്‍ലൈന്‍ പഠനത്തിന്റെ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ഇന്റര്‍നെറ്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍, വാക്കിലൊതുക്കാതെ കാര്യമായ ഇടപെടലുകള്‍ നടത്തണമെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യം.

 

 

Sharing is caring!