പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പാണക്കാട് തങ്ങളെ സന്ദര്‍ശിച്ചു

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പാണക്കാട് തങ്ങളെ സന്ദര്‍ശിച്ചു

മലപ്പുറം: പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു. സൗഹൃദ സന്ദര്‍ശനം ആണെന്നും നിയമസഭാ സമ്മേളനവും ലോക്ക്ഡൗണും കാരണമാണ് സന്ദര്‍ശനം വൈകിയതെന്നും, തങ്ങളുടെ അനുഗ്രഹം വാങ്ങാന്‍ കൂടിയാണ് വന്നത് എന്നും വി. ഡി. സതീശന്‍ പറഞ്ഞു.
‘പ്രതിപക്ഷ നേതാവായ ഉടനെ വരേണ്ടതായിരുന്നു. കെ. കരുണാകരന്‍ തുടങ്ങി എല്ലാ മുതിര്‍ന്ന നേതാക്കളും അങ്ങനെയാണ് ചെയ്തിരുന്നത്. എനിക്ക് ഇപ്പോഴാണ് വരാന്‍ സാധിച്ചത്. ‘

പി. കെ. കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങള്‍, എ. പി. അനില്‍കുമാര്‍, പി. വി. അബ്ദുല്‍ വഹാബ്, പി. എം. എ. സലാം, മുന്നവ്വരലി ശിഹാബ് തങ്ങള്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. മരംവെട്ട്, ന്യൂനപക്ഷ സ്‌കോളര്‍ഷിപ് തുടങ്ങിയ സമകാലിക വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. അതിനുശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വി. ഡി. സതീശനും പി. കെ. കുഞ്ഞാലിക്കുട്ടിയും ഇക്കാര്യങ്ങള്‍ വ്യക്തമാക്കി.

‘ജനകീയ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ കൊണ്ടുവരാന്‍ പ്രതിപക്ഷത്തിന് സാധിച്ചു. ക്രിയാത്മക പ്രതിപക്ഷം എന്നല്ല, സര്‍ഗാത്മക പ്രതിപക്ഷം എന്നാണ് പറയാന്‍ ആഗ്രഹിക്കുന്നത്. ഉയര്‍ന്നു വന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട വിഷയം വയനാട് മരംമുറിയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണ്. ആരുടെ തലയിലാണ് ഉത്തരവാദിത്തം കെട്ടിവേക്കേണ്ടതെന്ന് സര്‍ക്കാരിനറിയില്ല. വനംവകുപ്പും റവന്യു വകുപ്പും പരസ്പരം പറയുന്നു. സി.പി.എം., സി.പി.ഐ. മൗനം തുടരുക ആണ്. ഈ രണ്ട് വകുപ്പും കൈകാര്യം ചെയ്ത പാര്‍ട്ടി എന്ന നിലയില്‍ സി.പി.ഐ. കുറേക്കൂടി വ്യക്തത വരുത്തണം. വനംകൊള്ളക്ക് പിന്നില്‍ ഗൂഢസംഘങ്ങള്‍ ഉണ്ട്. സംസ്ഥാനത്ത് കേട്ടുകേള്‍വി ഇല്ലാത്ത വിധത്തിലുള്ള വനംകൊള്ളയാണ് നടന്നത്. യു.ഡി.എഫ്. സംഘം വനംകൊള്ള നടന്ന ഇടങ്ങള്‍ സന്ദര്‍ശിക്കും,’ വി. ഡി. സതീശന്‍ പറഞ്ഞു.

 

‘ഇത് കര്‍ഷകരെ ബാധിക്കുന്ന പ്രശ്‌നമാണ്. ചന്ദനം ഒഴികെ മറ്റ് മരങ്ങള്‍ മുറിക്കാന്‍ അവരെ അനുവദിക്കണം. ഇതാണ് യു.ഡി.എഫ്. സഭയില്‍ പറഞ്ഞത്. എന്നാല്‍ ഇതിന്റെ മറവില്‍ വന്‍ കൊള്ള നടന്നു. ഇപ്പൊള്‍ കേസ് എടുത്തത് ആദിവാസികള്‍ക്കും കര്‍ഷകര്‍ക്കും എതിരെയാണ്. മരം വെട്ടിയ കൊള്ളക്കാര്‍ക്ക് എതിരെ ഒരു നടപടിയും ഇല്ല. ചില നീക്കങ്ങള്‍ കാണുമ്പോള്‍ യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണോ എന്ന് സംശയം തോന്നും. ജുഡീഷ്യല്‍ അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്,’ സതീശന്‍ വ്യക്തമാക്കി.

കോവിഡ് വ്യാപനത്തെ നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാര്‍ എടുക്കുന്ന ക്രിയാത്മക നടപടികള്‍ക്ക് പ്രതിപക്ഷം പിന്തുണ നല്‍കുന്നുണ്ട്. പക്ഷേ ഇപ്പൊള്‍ 38 ദിവസമായി ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ജനജീവിതം അതീവ ദുരിതത്തിലാണ്. അതുകൊണ്ട് ലോക്ക്ഡൗണ്‍ ഇതേ രീതിയില്‍ തുടരണോയെന്ന് സര്‍ക്കാര്‍ ആലോചിക്കണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് പ്രതിപക്ഷം കത്ത് നല്‍കിയിട്ടുണ്ട്.

‘പ്രതിപക്ഷ നേതാവ് എവിടെ പോകണമെന്ന് തീരുമാനിക്കെണ്ടത് എ.കെ.ജി. സെന്ററില്‍ നിന്നല്ല. ലീഗ് പതിറ്റാണ്ടുകളായി കൂടെയുള്ള കക്ഷിയാണ്. അനുഗ്രഹം കൂടി തേടിയാണ് ഇവിടെ എത്തിയത്.’ മുന്‍പ് എ. വിജയരാഘവന്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പാണക്കാട് വന്നതിനെ വിമര്‍ശിച്ച കാര്യം പരാമര്‍ശിച്ചുള്ള ചോദ്യത്തിന് മറുപടിയായി വി. ഡി. സതീശന്‍ പറഞ്ഞു. മുതിര്‍ന്ന നേതാവ് ആര്യാടന്‍ മുഹമ്മദിനെയും അന്തരിച്ച ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശിന്റെ കുടുംബത്തേയും പ്രതിപക്ഷ നേതാവ് സന്ദര്‍ശിച്ചു.

 

Sharing is caring!