മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സംവിധാനത്തോടെയുള്ള ഐ.സി.യു വിഭാഗം പ്രവര്‍ത്തനം തുടങ്ങി

മലപ്പുറം : മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയിൽ  ഗുരുതരാവസ്ഥയിലാവുന്ന രോഗികളെ ചികിത്സിക്കുന്നതിനായി വെൻ്റിലേറ്റർ സംവിധാനത്തോടെയുള്ള ക്രിട്ടിക്കൽ കെയർ യൂണിറ്റിൻ്റെ ( ഐ.സി.യു.)  ഉദ്ഘാടനം അഡ്വ: യു.എ. ലത്തീഫ് എം.എൽ.എ.യും കോവിഡ് രോഗം മാറിയതിന് ശേഷവും അസുഖം തുടരുന്നവർക്കായി തുടങ്ങുന്ന  പോസ്റ്റ് കോവിഡ് കെയർ ക്ലിനികിൻ്റെ ഉദ്ഘാടനം കെ.പി.എ.മജീദ് എം.എൽ.എ. യും നിർവ്വഹിച്ചു. മലപ്പുറം ജില്ലാ സഹകരണ ബാങ്കാണ് വെൻ്റിലേറ്റർ ആശുപത്രിക്ക് സംഭാവന നൽകിയത്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഗുരുതരമായി  കോവിഡ് രോഗത്താൽ പ്രയാസപ്പെടുന്നവർക്ക്  വെൻ്റിലേറ്റർ സപ്പോർട്ടോടെ ആശുപത്രിയിലെ ഐ.സി.യു. വിഭാഗത്തിൽ നിന്നും സൗജന്യമായി കിടത്തി ചികിൽസാ സേവനം ലഭിക്കും. പ്രസ്തുത വെൻ്റിലേറ്റർ ആശുപത്രി  ഉപയോഗിക്കുന്ന കാലയളവിൽ  മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ജീവനകാർക്ക് വെൻറിലേറ്റർ ബില്ലിൽ 10% ഡിസ്കൗണ്ടും ആശുപത്രി പ്രഖ്യാപ്പിച്ചിട്ടുണ്ട്.

കോവിഡ് രോഗം മാറിയതിന് ശേഷവും  അസുഖങ്ങൾ  ഉള്ളവർക്കായി പോസ്റ്റ് കോവിഡ് കെയർ ക്ലിനിക്ക് പ്രശസ്ത ചെസ്റ്റ് രോഗ സ്പെഷ്യലിസ്റ്റ് ഡോക്ടർ നൗഫൽ ചൂരിയത്തിന്റെയും സീനിയർ ഫിഷിഷ്യൻ ഡോക്ടർ വിജയന്റെ യും നേത്രത്വത്തിൽ ആശുപത്രിയിൽ ജൂൺ 18 മുതൽ തുടങ്ങുകയാണ്. ജൂൺ 18 നു സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഡോക്ടറുടെ  പരിശോധന ഫീസ്  സൗജന്യമായിരിക്കും.

മലപ്പുറം നഗരസഭ സൗജന്യമായി അനുവദിച്ച മലപ്പുറം ടൗൺ ഹാളിൽ മെയ് 22നു തുടങ്ങിയ സൗജന്യ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ 33 ബെഡിൽ 10 ഓക്സിജൻ സപ്പോർട്ട് സഹിതം നല്ല നിലയിൽ മുന്നോട്ട് പോവുന്നുണ്ട്. ഇതിനകം 46 രോഗികൾ ഓക്സിജൻ സപ്പോർട്ടോട് കൂടിയും 27 രോഗികൾ നോൺ ഓക്സിജൻ അടക്കം ഇത് വരെ 73 കോവിഡ് രോഗികൾക്ക് പൂർണ്ണമായും സൗജന്യമായ കിടത്തി ചികിത്സ നൽകി. സ്വകാര്യ ആശുപത്രിയിൽ 10000 രൂപ മുതൽ 50,000 രൂപ വരെ ബില്ല് വരുന്ന ചികിത്സയാണ് സൗജന്യമായി ഇവിടെ നൽകി വരുന്നത്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു സഹകരണ ആശുപത്രി കോവിഡ് രോഗികൾക്ക് പൂർണ്ണമായും മരുന്ന്, ലാബ് ടെസ്റ്റ്, എക്സറെ, ഇ.സി.ജി. ഉൾപ്പെടെ  സൗജന്യമായ കിടത്തി ചികിത്സ നൽകുന്നത്. കൂടാതെ ഗവണ്മെന്റിന്റെ നിർദ്ദേഷം വന്നത് മുതൽ 50% ബെഡ്ഡ് കോവിഡ് രോഗികൾക്ക് മാറ്റിവെച്ചിരുന്നു  ഇത് വരെ 102 രോഗികളെ കിടത്തി ചികിത്സയും 40 ഓളം രോഗികളെ ഒബ്സർവേഷൻ ആയും ഗവണ്മെന്റ് നിശ്ചയിച്ച ചാർജിനെക്കാളും കുറഞ്ഞ നിരക്കിൽ മെച്ചപ്പെട്ട ചികിത്സ നൽകി വരുന്നുണ്ട്.

ചടങ്ങിൽ ആശുപത്രി വൈസ് പ്രസിഡന്റ് എം അബ്ദുള്ള മാസ്റ്റർ, ജില്ലാ ബാങ്ക് ജനറൽ മാനേജർ ഫിറോസ് ഖാൻ, ആശുപത്രി ഡയറക്ടർ മാരായ സി എം ഹാഷിം, നൗഷാദ് മണ്ണിശ്ശേരി,ഇമ്പിച്ചി കോയ തങ്ങൾ ഒ.എം, സെക്രട്ടറി സഹീർ കാലടി,ആശുപത്രി സി എം ഓ  ഡോ.കെ എ പരീദ്, ഡോ. കെ വിജയൻ തുടങ്ങിയവർ സംബന്ധിച്ചു

Sharing is caring!