മലപ്പുറം ജില്ലക്ക് പ്രത്യേക വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിക്കാത്തത് വിദ്യാർത്ഥികളോടുള്ള വെല്ലുവിളി: എം.എസ്.എഫ്

മലപ്പുറം: പുതിയ അദ്ധ്യായന വർഷം ആരംഭിച്ച് എസ്.എസ്.എൽ.സി, പ്ലസ്‌ടു ഫലം പുറത്ത് വരാനിരിക്കെ കഴിഞ്ഞ കാലങ്ങളിലെ പോലെ തുടർ പഠനത്തിന് സീറ്റുകൾ കുറവായിട്ടും അധിക ബാച്ചുകളും കോഴ്സുകളും ഉൾപ്പെടെയുള്ള പ്രത്യേക വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിക്കാത്തത് ജില്ലയിലെ വിദ്യാർത്ഥികളോട്ടുള്ള കടുത്ത വെല്ലുവിളിയാണെന്ന് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. സംസ്ഥാന സർക്കാരിന്റെ ഒന്നാം ബജറ്റ് അവതരണത്തിൽ ജില്ലയിലെ വിദ്യാർത്ഥികൾ ഏറെ പ്രതീക്ഷയിലായിരുന്നു. സംസ്ഥാന തലത്തിൽ തന്നെ കൂടുതൽ വിദ്യാർത്ഥികളും രണ്ട് സർവ്വകലാശാലകളുടെ ആസ്ഥാനം ഉൾകൊള്ളുന്നതുമായ ജില്ലയിൽ ഒരു മന്ത്രിയുണ്ടായിട്ടും വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകാത്തത് വിദ്യാർത്ഥികളും രക്ഷിതാക്കളും ഏറെ നിരാശയിലാണ്.
കോവിഡിൽ താളം തെറ്റി ഏറെ രക്ഷിതാക്കളും സാമ്പത്തിക ചുറ്റുപാടിൽ പ്രയാസപ്പെടുമ്പോൾ ഓൺലൈൻ ക്ലാസുകളിൽ പഠിക്കാൻ സൗകര്യമില്ലാതെ കഷ്ടപ്പെടുന്ന വിദ്യാർത്ഥികളെ ചേർത്തുപിടിക്കാനുള്ള പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്താത്തത് വിദ്യാഭ്യാസ മേഖലയിൽ എൽ.ഡി.എഫ് സർക്കാറിന്റെ പിടിപ്പുകേടാണ് ചൂണ്ടി കാണിക്കുന്നത്. ഓരോ ബജറ്റ് വരുമ്പോഴും വിദ്യാഭ്യാസ മേഖലയിൽ വാനോളമുയരുന്ന വിദ്യാർത്ഥികളുടെ പ്രതീക്ഷകൾ ബജറ്റ് ചിത്രം തെളിയുന്നതോട് കൂടി മങ്ങി പോവുകയാണ്.
മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ മേഖലയോട് സർക്കാർ കാണിക്കുന്ന ചിറ്റമ്മനയം അവസാനിപ്പിച്ചില്ലെങ്കിൽ വരുംനാളുകളിൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളേയും അണിനിരത്തി എം.എസ്.എഫ് ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പും ജനറൽ സെക്രട്ടറി വി.എ.വഹാബും പറഞ്ഞു.

Sharing is caring!