മലപ്പുറം ജില്ലയില്‍ ആരോഗ്യ ജാഗ്രത ഫലപ്രാപ്തിയിലേക്ക്

മലപ്പുറം ജില്ലയില്‍ കോവിഡ് വ്യാപനം തുടരുന്നതിനിടയിലും കൃത്യമായ ഇടപെടലുകളോടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നു. 2020 മാര്‍ച്ച് 16 ന് ഉംറ കഴിഞ്ഞെത്തിയ രണ്ട് തീര്‍ഥാടകര്‍ക്ക് ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ച ശേഷം ഇതുവരെ വൈറസ് ബാധിതരായവരുടെ എണ്ണം മൂന്ന് ലക്ഷം പിന്നിട്ടു. ഒരു വര്‍ഷത്തിനും രണ്ട് മാസങ്ങള്‍ക്കുമിടയില്‍ ഇതുവരെ 3,01,586 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 2,64,521 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തരായത്. രോഗബാധിതര്‍ ഈവിധം കൂടുന്നതിനിടയിലും പരമാവധി പേരെ രോഗമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനാകുന്നത് ജില്ലക്ക് നേട്ടമാകുകയാണ്. മരണ നിരക്കും കുറച്ചുകൊണ്ടുവരാനായി. 860 പേരാണ് കോവിഡ് ബാധയെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങളാല്‍ മരിച്ചത്.

രോഗബാധിതര്‍ വര്‍ധിക്കുന്നതിന് ആനുപാതികമായിതന്നെ മികച്ച പരിചരണത്തിലൂടെ വൈറസ് ബാധിതരെ രോഗമുക്തരാക്കാനും സാധിച്ചു എന്നത് വൈറസിന്റെ രണ്ടാം തരംഗ വ്യാപന വേളയില്‍ ആശ്വാസകരമാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. മരണ നിരക്കും വലിയതോതില്‍ തടയാനായി എന്നത് വലിയ നേട്ടമാണ്. കോവിഡ് വൈറസിന്റെ സാനിധ്യം തിരിച്ചറിഞ്ഞതുമുതല്‍ കൃത്യമായ ഇടപെടലും ആരോഗ്യജാഗ്രതയും ഉറപ്പാക്കി സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും ഇതര സര്‍ക്കാര്‍ വകുപ്പുകളും തുടരുന്ന പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഫലമാണിതെന്നും കോവിഡ് പ്രതിരോധത്തില്‍ പൊതു ജനങ്ങളില്‍ നിന്നുള്ള സഹകരണം മാതൃകാപരമാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

കോവിഡ് ബാധിതര്‍ക്ക് ചികിത്സയും നിരീക്ഷണവും ഉറപ്പാക്കാന്‍ വിപുലമായ സംവിധാനങ്ങളാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികള്‍ക്ക് പുറമെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും കോവിഡ് രോഗികളുടെ ചികിത്സക്കായി സജ്ജമാണ്. ഇതിനു പുറമെ വീടുകളില്‍ പ്രത്യേക നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ഡൊമിസിലിയറി കെയര്‍ സെന്ററുകളും പ്രവര്‍ത്തിക്കുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുറമെ ഭക്ഷണ വിതരണത്തിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കാനും ജാഗ്രാതാ ലംഘനം തടയാനും ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായുള്ള പ്രതിരോധ കവചമാണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്.

വലിയതോതില്‍ വര്‍ധിച്ച കോവിഡ് വ്യാപനം കൃത്യമായ ഇടപെടലോടെ കുറക്കാനായെങ്കിലും ആരോഗ്യ ജാഗ്രത ഒരു കാരണവശാലും കൈവിടരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീനയും ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയിലെത്തിക്കാന്‍ ജനകീയ സഹകരണം അനിവാര്യമാണ്. അത്യാവശ്യ ഘട്ടങ്ങളില്ലാതെ ഒരു കാരണവശാലും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും വീടുകളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Sharing is caring!