മലപ്പുറം ജില്ലയില്‍ ആയിരത്തിലധികം വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി

മലപ്പുറം ജില്ലയില്‍ ആയിരത്തിലധികം വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി

അവശ്യ വസ്തുക്കളുടെ ലഭ്യത, അമിത വില ഈടാക്കല്‍, കോവിഡ് പെരുമാറ്റച്ചട്ട ലംഘനം എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ സ്‌ക്വാഡുകള്‍ 1,003 വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. റേഷന്‍ കടകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, എല്‍.പി.ജി ഔട്ട് ലെറ്റുകള്‍, പച്ചക്കറി പലവ്യഞ്ജന കടകള്‍ എന്നിവിടങ്ങളിലാണ് സംഘം പരിശോധന നടത്തുന്നത്.

റേഷന്‍ കടകളില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയ തിരൂര്‍ താലൂക്കിലെ രണ്ട് റേഷന്‍ കടകളാണ് സസ്പെന്റ് ചെയ്തത്. ഉപഭോക്താക്കള്‍ക്ക് സാനിറ്റൈസര്‍, കൈകഴുകുന്നതിനായി സോപ്പ് എന്നിവ ഏര്‍പ്പെടുത്താത്തവര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കുന്നതിനായി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തിട്ടുണ്ട്. ക്രമക്കേടുകള്‍ കണ്ടെത്തിയ ഇതര റേഷന്‍ കടകള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ച് വരികയാണ്. പൊതു വിപണിയിലും, റേഷന്‍ കടകളിലും വരും ദിവസങ്ങളിലും പരിശോധന ഊര്‍ജ്ജിതമാക്കാനാണ് വകുപ്പ് തീരുമാനം.

ഏറനാട് താലൂക്കില്‍ പരിശോധന നടത്തിയത് 15 വ്യാപാര സ്ഥാപനങ്ങളില്‍

ഏറനാട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്‌ക്വാഡ് വെള്ളിയാഴ്ച എട്ട് റേഷന്‍ കടകളക്കം 15 വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. എളങ്കൂര്‍, മഞ്ഞപ്പറ്റ, കാരായ, മംഗലശ്ശേരി, പേലേപ്പുറം എന്നിവിടങ്ങളിലാണ് പരിശോധന  നടത്തിയത്. അഞ്ച് റേഷന്‍ കടകളില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് നടപടിയെടുത്തു. റേഷന്‍ കടകളില്‍ മെയ് മാസത്തെ കിറ്റുകളുടെ വിതരണം ഉറപ്പാക്കിയതോടൊപ്പം ഭക്ഷ്യധാന്യങ്ങളുടെയും, മണ്ണെണ്ണ, പഞ്ചസാര എന്നിവയുടെയും ലഭ്യത സംഘം പരിശോധിച്ചു.

പൊതുവിപണിയിലെ പരിശോധനയില്‍ വിലനിലവാരം പ്രദര്‍ശിപ്പിക്കാത്തതിന് മൂന്ന് കടകള്‍ക്കും സാമൂഹിക അകലം പാലിക്കാത്തതിന് നാല് കടകള്‍ക്കും നോട്ടീസ് നല്‍കി. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ സി.എ. വിനോദ്കുമാര്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ സുനില്‍ദത്ത്, മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.

Sharing is caring!