മലപ്പുറം നഗരസഭ സര്‍ക്കാര്‍ പദ്ധതി സ്വന്തംപേരിലാക്കിയതായി സി.പി.എം

മലപ്പുറം നഗരസഭ സര്‍ക്കാര്‍ പദ്ധതി സ്വന്തംപേരിലാക്കിയതായി സി.പി.എം

മലപ്പുറം: മലപ്പുറം നഗരസഭ സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പദ്ധതികള്‍ സ്വന്തം പേരിലാക്കിയതായി സി.പി.എം ആരോപണം. ഭിന്നശേഷിക്കാര്‍ക്ക് വാക്സിന്‍ നല്‍കാനുള്ള സര്‍ക്കാര്‍ പദ്ധതിയാണ് നഗരസഭ തനത് പരിപാടിയായി ഉയര്‍ത്തിക്കാട്ടുന്നതെന്നാണ് സി.പി.എം ആരോപിക്കുന്നത്. ഇതുസംബന്ധിച്ചു വാര്‍ത്ത പാര്‍ട്ടിമുഖപത്രമായ ദേശാഭിമാനിയിലും പ്രസിദ്ദീകരിച്ചു.
കൂടാതെ കിടപ്പ് രോഗികള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി വാക്സിന്‍ നല്‍കുന്ന പദ്ധതിയും സ്വന്തം അക്കൗണ്ടിലാക്കാനുള്ള ശ്രമത്തിലാണ് മുസ്ലിംലീഗ് നേതൃത്വത്തിലുള്ള യുഡിഎഫ് ഭരണസമിതിയെന്നും സി.പി.എം ആരോപിക്കുന്നു. ഭിന്നശേഷിക്കാരെയും കിടപ്പ് രോഗികളെയും സര്‍ക്കാര്‍ വാക്സിന്‍ വിതരണത്തിന്റെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ ഈ വിഭാഗങ്ങള്‍ക്ക് വാക്സിന്‍ വിതരണം പുരോഗമിക്കുമ്പോഴാണ് സംസ്ഥാനത്തുതന്നെ ആദ്യമായി ഭിന്നശേഷിക്കാര്‍ക്ക് വാക്സിന്‍ നല്‍കുന്നതെന്ന അവകാശവാദവുമായി മലപ്പുറം നഗരസഭ ബുധനാഴ്ച ക്യാമ്പ് സംഘടിപ്പിച്ചതെന്ന് സി.പി.എം ആരോപിച്ചു.
ആരോഗ്യ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിതാ – ശിശുവികസന വകുപ്പ്, സാമൂഹ്യ സുരക്ഷ മിഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് വിവിധയിടങ്ങളില്‍ വാക്സിന്‍ വിതരണം പുരോഗമിക്കുന്നത്.
എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വാക്സിന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന നിര്‍ദേശവും ആരോഗ്യ വകുപ്പ് നല്‍കിയിട്ടുണ്ട്. ഇത് നിലനില്‍ക്കേയാണ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നഗരസഭയുടെ ശ്രമമെന്ന സി.പി.എം ആരോപണം പാര്‍ട്ടി പത്രത്തിലും പ്രസിദ്ദീകരിക്കുകയുണ്ടായി.

 

Sharing is caring!