ക്വാർട്ടേഴ്സിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 40 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു

തിരൂർ ആലുങ്ങൽ എന്ന സ്ഥലത്ത് വിൽപ്പനക്കായി ക്വാർട്ടേഴ്സിൽ സൂക്ഷിച്ചിരുന്ന 40 കിലോഗ്രാം കഞ്ചാവ് പിടികൂടി. തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുമേഷിൻ്റെ നേതൃത്ത്വത്തിൽ കുറ്റിപ്പുറം പരപ്പനങ്ങാടി എക്സൈസ് റെയ്ഞ്ച് ഓഫീസ്, കമ്മീഷണർ സ്ക്വാഡ് എന്നിവർ ചേർന്ന് നടത്തിയ സംയുക്ത റെയ്ഡിലാണ് ലോക്ക് ഡൗൺ കാലത്ത് ക്വാർട്ടേഴ്സ് വാടകക്കെടുത്ത്  വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം സ്റ്റേറ്റ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പാലക്കാട് ജില്ലയിലെ തൃത്താലയിൽ നിന്ന് സർക്കിൾ ഇൻസ്പെക്ടർ അനികുമാറിൻ്റെ നേതൃത്ത്വത്തിൽ 80 കിലോഗ്രാം കഞ്ചാവ് ഫാമിൽ സൂക്ഷിച്ചത് കേസെടുത്ത് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലെ പ്രതിയെ ചോദ്യം ചെയ്തതിൽ അയൽ ജില്ലയായ മലപ്പുറത്തേക്ക് കഞ്ചാവ് എത്തിച്ചിരുന്നതായി വിവരം ലഭിച്ചത് അന്വേഷിക്കുന്നതിനായി പ്രത്യേക ടീമിനെ മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഉണ്ണികൃഷ്ണൻ നായർ ചുമതലപ്പെടുത്തിയിരുന്നു. ആന്ദ്രാപ്രദേശിലെ നരസിപ്പട്ടണം എന്ന സ്ഥലത്ത് നിന്ന് ഇത്തരത്തിൽ പച്ചക്കറിയുടെ മറവിൽ കഞ്ചാവ് വ്യാപകമായി ലോക്ക് ഡൗൺ ആനുകൂല്യത്തിൽ എത്തിച്ചിരുന്നതായി പ്രത്യേക സംഘം കണ്ടെത്തിയിരുന്നു. രണ്ട് ദിവസങ്ങളായി ഈ ടീം നടത്തിയ രഹസ്യാന്വേഷണത്തിൽ പൊന്നാനി തിരൂർ പരപ്പനങ്ങാടി മേഖലകളിലെ നിരവധി കഞ്ചാവ് കടത്തുകാരെ ചോദ്യം ചെയ്യുകയും ബാച്ച് തിരിഞ്ഞ് വ്യാപക തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു. തുടർന്ന് ലഭിച്ച നിരവധി വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് 4ഠ കിലോയോളം കഞ്ചാവ് കണ്ടെടുത്തത്. തിരൂർ കുട്ടന്നൂർ ഹോസ്പിറ്റൽ പടി തൊട്ടിവളപ്പിൽ മുഹമ്മദ് കുട്ടി മകൻ  നവാസിനെ പ്രതിയാക്കി എക്സൈസ് കേസെടുത്തു. ജില്ലയിലെ റെയ്ഡിൽ കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ സജീവ് കുമാർ, പരപ്പനങ്ങാടി എക്സൈസ്  ഇൻസ്പെക്ടർ സാബു ആർ ചന്ദ്ര, പ്രിവൻ്റീവ് ഓഫീസർ ഉമ്മർ കുട്ടി, ലതീഷ് പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് പ്രദീപ് കുമാർ, ഷിബു ശങ്കർ സിളഒ മാരായ നിതിൻ ചൊമാരി, അരുൺ, രഞ്ജിത്ത്, ദിദിൻ, അനൂപ്, രാകേഷ്, ധനേഷ്, ശിവകുമാർ , ശ്രീജ, അബ്ദുറഹ്മാൻ, പ്രമോദ് എന്നിവർ പങ്കെടുത്തു. ഈ കേസിൽ കൂടുതൽ പ്രതികളെ പിടികൂടാനുണ്ടെന്നും അന്വേഷണം ഊർജിതപ്പെടുത്തുമെന്നും അസി. എക്സൈസ് കമ്മീഷണർ അനിൽ കുമാർ അറിയിച്ചു.

Sharing is caring!