മലപ്പുറം ജില്ലയില്‍ ജൂണ്‍ അഞ്ച് മുതല്‍ ആറു വരെ ജില്ലയില്‍ ഡ്രൈ ഡേ

മലപ്പുറം ജില്ലയില്‍  ജൂണ്‍ അഞ്ച് മുതല്‍ ആറു വരെ ജില്ലയില്‍ ഡ്രൈ ഡേ

മഴക്കാലം തുടങ്ങുന്നതോടെ  ജലജന്യ, കൊതുകുജന്യ രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാന്‍ സാധ്യത ഏറെയായതിനാല്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. മഴ തുടങ്ങിയതോടെ ജില്ലയുടെ പല ഭാഗങ്ങളിലും ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയ സാഹചര്യത്തിലാണ് മുന്‍കരുതല്‍ നിര്‍ദേശം.  ജില്ലയില്‍ മുന്‍കാലങ്ങളില്‍ ഉണ്ടായ രോഗബാധയുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ വര്‍ഷം ഡെങ്കിയും എലിപ്പനിയും കൂടുതലാകാനുള്ള സാധ്യതയുള്ളതിനാല്‍ കരുതിയിരിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി. ജില്ലയിലെ ഭൂരിഭാഗം ആശുപത്രികളും കോവിഡ് രോഗികള്‍ക്കായി മാറ്റിവച്ചിരിക്കുന്നതിനാല്‍ പകര്‍വ്വവ്യാധികള്‍ കൂടുന്നത് സ്ഥിതിഗതികള്‍ രൂക്ഷമാക്കും. പകര്‍ച്ചവ്യാധി മരണങ്ങള്‍ കൂടുന്നതിനും സാധ്യത ഏറെയാണ്. അതിനാല്‍ പരിസര ശുചീകരണം അടക്കമുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വളരെ കൃത്യമായി നടത്തി എലി, കൊതുക്, ഈച്ച മുതലായവ വളരുന്നതിനുള്ള സാഹചര്യം ഒഴിവാക്കണം. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂണ്‍ 5, 6 തീയതികളില്‍ വീടും ചുറ്റുപാടുകളും തൊഴിലിടങ്ങളും പൊതുസ്ഥലങ്ങളും മാലിന്യം നീക്കം ചെയ്ത് ശുചീകരിക്കണം. എല്ലാ വെള്ളിയാഴ്ചകളിലും തൊഴിലിടങ്ങളിലും, ശനിയാഴ്ചകളില്‍ പൊതുസ്ഥലങ്ങളിലും, ഞായറാഴ്ചകളില്‍ വീടുകളിലും ഡ്രൈ ഡേ ആചരിക്കണം. കൊതുകിന്റെ ഉറവിടം നശിപ്പിക്കുക, കൊതുകുകള്‍ വളരാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുക എന്നിവയ്ക്ക് പ്രാധാന്യം നല്‍കണം. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നിര്‍ബന്ധമായും കോവിഡ് പ്രോട്ടോകോള്‍  പാലിക്കണം. എലിപ്പനി സാധ്യതയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് എലിപ്പനി പ്രതിരോധത്തിനായി ഡോക്‌സിസൈക്ലിന്‍ ഗുളികയും കഴിയ്ക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.


ഡെങ്കിപ്പനി

കൊതുക് ജന്യരോഗമായ ഡെങ്കിപ്പനി ഒരുവൈറസ് രോഗമാണ്.  ഈഡിസ് വിഭാഗത്തില്‍പെട്ട പെണ്‍കൊതുകുകള്‍ ആണ് ഈ രോഗം പടര്‍ത്തുന്നത്. കോവിഡിന്റെ പല ലക്ഷണങ്ങളും ഡെങ്കിപ്പനിയില്‍ ഉണ്ടാവുന്നതിനാല്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാവുന്നു. നേരത്തെ തിരിച്ചറിഞ്ഞ് ഫലപ്രദമായ ചികില്‍സ നല്‍കിയില്ലെങ്കില്‍ രോഗി അപകടാവസ്ഥയിലാകുന്നതിനും മരണംസംഭവിക്കാനും ഇടയാക്കും.


എലിപ്പനി:

സ്‌പൈറൊക്കീറ്റ്‌സ് വിഭാഗത്തില്‍പെട്ട ബാക്റ്റീരിയ മൂലമാണ് എലിപ്പനിയുണ്ടാകുന്നത്. പ്രധാനമായും എലികളുടെ മൂത്രത്തിലൂടെ ജലാശയങ്ങളില്‍ എത്തുന്ന രോഗാണു ജലവുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ ശരീരത്തില്‍ എത്തി അവര്‍ രോഗബാധിതരാകുന്നു. പനി, തലവേദന, മൂത്രത്തിന് നിറവ്യത്യാസം തുടങ്ങിയവയാണു പ്രധാന രോഗലക്ഷണങ്ങള്‍. എലിപ്പനി ബാധിതരില്‍ മഞ്ഞപ്പിത്ത രോഗ ലക്ഷണങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ ശരിയായ രോഗനിര്‍ണയവും ചികില്‍സയും നടത്താതിരുന്നാല്‍ സ്ഥിതി ഗുരുതരമാകും. മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരാതെ ശ്രദ്ധിക്കുക, വെള്ളത്തില്‍ ഇറങ്ങേണ്ടി വന്നാല്‍ കാലുകള്‍ സോപ്പ ്ഉപയോഗിച്ച് ചൂടുവെള്ളത്തില്‍ കഴുകുക, കാലിലെ മുറിവുകള്‍ ശരിയായി ഡ്രസ്സ്‌ചെയ്തതിനു ശേഷം മാത്രം വെള്ളത്തില്‍ ഇറങ്ങുക, ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കുക, എലി പെറ്റുപെരുകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നിവയാണു പ്രധാന പ്രതിരോധ മാര്‍ഗങ്ങള്‍.


മഞ്ഞപ്പിത്തം

ജലത്തിലൂടെ പകരുന്ന വൈറസ് രോഗമാണിത്. രോഗിയുടെ മലത്തിലൂടെ പുറത്തുവരുന്ന രോഗാണു എതെങ്കിലും മാര്‍ഗത്തിലൂടെ വെള്ളത്തിലോ, ഭക്ഷണസാധനങ്ങളിലോ എത്തിപ്പെടുകയും, അതിലൂടെ മറ്റൊരു വ്യക്തിയില്‍ എത്തുകയും ചെയ്യുന്നു. മലവിസര്‍ജനം കക്കൂസുകളില്‍ മാത്രമാക്കുക, കൈകള്‍ ശരിയായി കഴുകുക, ഭക്ഷണ സാധനങ്ങള്‍ അടച്ചുവെക്കുക, തണുത്തതും തുറന്നുവെച്ചിരിക്കുന്നതുമായ ഭക്ഷണം ഒഴിവാക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഈച്ച വളരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നിവയാണു പ്രതിരോധമാര്‍ഗങ്ങള്‍.

Sharing is caring!