മതം പറഞ്ഞുള്ള പൗരത്വ നീക്കത്തിനെതിരെ മുസ്ലിംലീഗ് സുപ്രീംകോടതിയില്‍ ഹരജി നല്‍കി

മതം പറഞ്ഞുള്ള പൗരത്വ നീക്കത്തിനെതിരെ മുസ്ലിംലീഗ് സുപ്രീംകോടതിയില്‍ ഹരജി നല്‍കി

മലപ്പുറം: മുസ്ലിം ഇതര വിഭാഗങ്ങള്‍ക്ക് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനം അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് സുപ്രീം കോടതിയില്‍. മുസ്ലിംലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞയാഴ്ച പുറത്തിറക്കിയ വിജ്ഞാപനം അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയെ സമീപിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിവസം അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ മുസ്ലീം ഇതര വിഭാഗങ്ങള്‍ക്ക് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചിരുന്നു. ഇത് ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്ല്യതയ്ക്ക് എതിരാണെന്ന് ഹര്‍ജിയില്‍ ലീഗ് ആരോപിക്കുന്നു. മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതയുടെ ലംഘനം ആണെന്ന് അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ മുഖേനെ ഫയല്‍ ചെയ്ത അപേക്ഷയില്‍ ലീഗ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
1955 ലെ പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തില്‍ 2009 ല്‍ തയ്യാറാക്കിയ ചട്ടങ്ങള്‍ പ്രകാരമാണ് കേന്ദ്ര ആഭ്യന്ത മന്ത്രാലയം പൗരത്വത്തതിന് അപേക്ഷ ക്ഷണിച്ചത്. എന്നാല്‍ 1995 ലെ പൗരത്വ നിയമ പ്രകാരം മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കാന്‍ കഴിയില്ലയെന്ന് ലീഗ് ഫയല്‍ ചെയ്ത അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.
പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലയെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പ് ലംഘിച്ച് കൊണ്ടാണ് 2019 ലെ നിയമത്തിലെ വ്യവസ്ഥകള്‍ വളഞ്ഞ വഴിയിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും ലീഗ് ആരോപിക്കുന്നു.പൗരത്വ ഭേദഗതി നിയമം കോടതി റദ്ദാക്കിയാല്‍ ഇപ്പോള്‍ ക്ഷണിച്ച അപേക്ഷ പ്രകാരം പൗരത്വം ലഭിക്കുന്നവരില്‍ നിന്ന് അത് തിരിച്ച് എടുക്കേണ്ടി വരുമെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗുജറാത്ത്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ അഭയാര്‍ഥികളായി താമസിക്കുന്നവര്‍ക്കാണ് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചത്.
പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെയും പി.കെ കുഞ്ഞാലിക്കുട്ടി നേരത്തെ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.

Sharing is caring!