മുസ്ലിം സംഘടന നേതാക്കള്‍ സംയുക്തമായി മുഖ്യമന്ത്രിക്ക് നിവേദനം നല്കി.

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് സംബന്ധിച്ച് ബഹു. കേരള ഹൈക്കോടതിയുടെ 28-05-2021 (WP(C)No: 24355/2020) വിധിയുടെ പശ്ചാത്തലത്തില്‍ മുസ്ലിം സംഘടന നേതാക്കള്‍ സംയുക്തമായി മുഖ്യമന്ത്രിക്ക് നിവേദനം നല്കി.
(നിവേദനത്തിന്റെ കോപ്പി താഴെ)
To,
ശ്രീ. പിണറായി വിജയന്
ബഹു. മുഖ്യമന്ത്രി കേരള
ഗവ. സെക്രട്ടറിയേറ്റ്, തിരുവനന്തപുരം
സര്,
വിഷയം : മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളുടെ ആനുകൂല്യം സംബന്ധിച്ച്.
സൂചന : 1) ബഹു. കേരള ഹൈക്കോടതിയുടെ 28.05.2021 (WP(C)No: 24355/2020) വിധി പ്രസ്താവം
2) സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരിപ്പിക്കുന്ന തെറ്റായ സന്ദേശങ്ങള്‍
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് സംബന്ധിച്ച് ബഹു. കേരള ഹൈക്കോടതിയുടെ 28.05.2021 ന് വിധി പ്രസ്താവം മുസ്ലിം സമുദായത്തിനിടയില്‍ വലിയ ആശങ്കയുണ്ടാക്കിയിരിക്കുന്നു.
വിദ്യാഭ്യാസപരമായും സാമ്പത്തികമായും മറ്റും ബഹുദൂരം പിന്നിലായ രാജ്യത്തെ മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും പഠനങ്ങള്‍ നടത്തി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ജസ്റ്റിസ് രജീന്ദ്രസിംഗ് സച്ചാര്‍ കമ്മീഷനെ നിയമിച്ചിരുന്നു. മുസ്ലിം സമുദായത്തിന്റെ പരിതാപകരമായ അവസ്ഥ വെളിപ്പെടുത്തുന്നതായിരുന്നു രജീന്ദ്രസിംഗ് സച്ചാറിന്റെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ചില പദ്ധതികള്‍ പ്രഖ്യാപിക്കുകയും അവ ഫലപ്രദമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ വി.എസ്. അച്ചുതാനന്ദന് സര്‍ക്കാര്‍ പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലുള്ള ഒരു സമിതിയെ നിശ്ചയിക്കുകയും പ്രസ്തുത സമിതി സച്ചാര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ ചുവട് പിടിച്ച് ചില പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള സ്കോളര്‍ഷിപ്പ് പദ്ധതിയില്‍ പിന്നീട് സര്‍ക്കാറുകള്‍ 80:20 എന്ന അനുപാതത്തിലൂടെ മാറ്റങ്ങള്‍ വരുത്തുകയുണ്ടായി. ഇത് പ്രകാരം സ്കോളര്‍ഷിപ്പില്‍ 20% ലത്തീന്‍ കത്തോലിക്ക, പരിവര്‍ത്തിത കൃസ്ത്യന്‍ എന്നീ വിഭാഗങ്ങളെ കൂടി കൂട്ടിച്ചേര്‍ത്തു. ഇതിലൂടെ 100% മുസ്ലിം വിഭാഗത്തിനു ലഭിക്കേണ്ട ആനുകൂല്യം 20% നഷ്ടപ്പെടുത്തുകയാണ് ചെയ്തത്.
ബഹു. കേരള ഹൈക്കോടതി വിധിയും മുസ്ലിം സമുദായത്തിന് അനര്‍ഹമായ പലതും ലഭിച്ചു എന്ന രീതിയില്‍ സോഷ്യല്‍മീഡിയയിലും മറ്റും തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നതും വലിയ തോതില്‍ അസ്വസ്ഥത ഉണ്ടാക്കുകയും സമുദായങ്ങള്‍ തമ്മിലുള്ള സൗഹൃദങ്ങള്‍ക്ക് മുറിവേല്‍പ്പിക്കുകയും ചെയ്യുന്നു.
ബഹു. മുഖ്യമന്ത്രി താഴെ പറയുന്ന കാര്യങ്ങളില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
1. ബഹു. കേരള ഹൈക്കോടതിയുടെ 28.05.2021ലെ (WP(C)No: 24355/2020) വിധി ദുര്‍ബലപ്പെടുത്താന്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുക. മുസ്ലിം സമുദായത്തിന് ലഭിക്കേണ്ടണ്ട 100% ആനുകൂല്യങ്ങളും ലഭിക്കാന്‍ നടപടി സ്വീകരിക്കുക.
2. സംസ്ഥാനത്ത് മദ്റസ അദ്ധ്യാപകര്‍ക്ക് ശമ്പള ഇനത്തിലും മറ്റും കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ വിതരണം ചെയ്യുന്നു എന്നത് ഉള്‍പ്പെടെ സാമൂഹിക മാധ്യമങ്ങളിലും മറ്റും നടക്കുന്ന തെറ്റായ പ്രചരണത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തുക. വര്‍ഗീയ പ്രചാരണം നടത്തുന്നവര്‍ ക്കെതിരെ നിയമ നപടി സ്വീകരിക്കുക.
3. മുസ്ലിം ന്യൂനപക്ഷത്തിന് ലഭിക്കേണ്ട സംവരണം ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായും ലഭിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുക.
4. വ്യത്യസ്ഥ വിഭാഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ആനുകൂല്യങ്ങള്‍ സംബന്ധിച്ചും മറ്റും വ്യക്തമാക്കുന്ന ധവളപത്രം പ്രസിദ്ധീകരിക്കുക.
എന്ന്,
വിവിധ മുസ്ലിം സംഘടനകള്‍ക്ക് വേണ്ടി
1. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പാണക്കാട് (ഒപ്പ്)
2. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (ഒപ്പ്)
(പ്രസിഡണ്ട്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ)
3. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് (ഒപ്പ്)
(ജനറല്‍ സെക്രട്ടറി, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ)
4. തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി (ഒപ്പ്)
(ജനറല്‍ സെക്രട്ടറി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ)
5. ടി.പി. അബ്ദുല്ലക്കോയ മദനി (ഒപ്പ്)
(പ്രസിഡണ്ട്, കേരള നദ്വത്തുല് മുജാഹിദീന്‍)
6. സി.പി. ഉമ്മര്‍ സുല്ലമി (ഒപ്പ്)
(പ്രസിഡണ്ട്, കെ.എന്‍.എം. മര്‍ക്കസുദ്ദഅ്വ)
7. ടി.കെ. അശ്റഫ് (ഒപ്പ്)
(വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന്)
8. എം.ഐ. അബ്ദുല്‍ അസീസ് (ഒപ്പ്)
(അമീര്‍, ജമാഅത്തെ ഇസ്ലാമി, കേരള)
9. എ. നജീബ് മൗലവി (ഒപ്പ്)
(ജനറല്‍ സെക്രട്ടറി, കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ)
10. വി.എച്ച്. അലിയാര് ഖാസിമി (ഒപ്പ്)
(ജനറല്‍ സെക്രട്ടറി, ജംഇയ്യത്തുല്‍ ഉലമാ ഹിന്ദ്)
11. ഡോ. പി.എ. ഫസല്‍ ഗഫൂര്‍ (ഒപ്പ്)
(പ്രസിഡണ്ട്, എം.ഇ.എസ്)
12. ടി.കെ. അബ്ദുല്‍ കരീം (ഒപ്പ്)
(ജനറല്‍ സെക്രട്ടറി, എം.എസ്.എസ്)
13. എന്‍.കെ. അലി (ഒപ്പ്)
(ജനറല്‍ സെക്രട്ടറി, മെക്ക)
കോഴിക്കോട്
തിയ്യതി: 31/05/2021
RECENT NEWS

ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബർ അബു താഹിർ
തിരൂർ: കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബറും കാരാത്തോട് സ്വദേശിയുമായ പി കെ അബൂ താഹിർ. ഈ മാസം ഇരുപതിനാണ് താഹിറും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം വിനോദസഞ്ചാരത്തിനായി കാശ്മീരിലേക്ക് [...]