കോവിഡ് 19: അതിജീവന പാതയില്‍ മലപ്പുറം ജില്ല.

കോവിഡ് 19: അതിജീവന പാതയില്‍ മലപ്പുറം ജില്ല.

കോവിഡ് 19 വ്യാപനം രൂക്ഷമായതോടെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ മലപ്പുറം ജില്ലയില്‍ പ്രതിരോധം ഫലപ്രാപ്തിയിലേക്കടുക്കുന്നു. വ്യാഴാഴ്ച 16.82 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 12 ദിവസമായി  തുടരുന്ന ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ ജനങ്ങളുടെ പൊതു സമ്പര്‍ക്കം ഗണ്യമായി കുറക്കാനായതാണ് ജില്ലയ്ക്ക് ആശ്വാസമാകുന്നത്. ജനങ്ങളുടെ സഹകരണവും രോഗ വ്യാപനം കുറയ്ക്കാന്‍ സഹായകമായി

മെയ് 21 ന് 28.75 ശതമാനമായിരുന്ന ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് (ടി.പി.ആര്‍) 23 ന് 31.53 ശതമാനത്തിലേക്ക് ഉയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ കുറഞ്ഞുവരികയാണ്. 24 ന് 27.34, 25 ന് 26.57, 26 ന് 21.62 ശതമാനം എന്നിങ്ങനെ കുറഞ്ഞാണ് ടി.പി.ആര്‍ വ്യാഴാഴ്ച (ഇന്നലെ) 16.82 ശതമാനത്തില്‍ എത്തി നില്‍ക്കുന്നത്. വൈറസിന്റെ സമൂഹ വ്യാപനം കണ്ടെത്തി പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി മെയ് 23 മുതല്‍ ജില്ലയില്‍ പ്രതിദിന പരിശോധന വര്‍ധിപ്പിച്ചിരുന്നു. നഗരസഭകളിലും ഗ്രാമ പഞ്ചായത്തുകളിലും വാര്‍ഡ് അടിസ്ഥാനത്തില്‍ നടക്കുന്ന പ്രത്യേക പരിശോധനയില്‍ വൈറസ് ബാധിതരാകുന്നവര്‍ കുറയുന്നുവെന്ന കണ്ടെത്തലും പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ്.

പ്രതിദിനം 25,000 പേര്‍ക്കാണ് ജില്ലയില്‍ വാര്‍ഡ് തലത്തിലുള്‍പ്പടെ നടക്കുന്ന പ്രത്യേക ക്യാമ്പുകളില്‍ ആന്റിജന്‍ പരിശോധന നടത്തുന്നത്. സമൂഹത്തിന്റെ നാനാതുറകളിലുള്ളവരേയും പരിശോധനയ്ക്ക് വിധേയരാക്കുന്നതിലൂടെ വൈറസ് വ്യാപനത്തിന്റെ തോത് കണ്ടെത്തുകയും രോഗികളുമായി മറ്റുള്ളവര്‍ സമ്പര്‍ക്കത്തിലേര്‍പ്പെടുന്നത് തടയുകയും ചെയ്യുന്ന രീതിയാണ് ജില്ലയില്‍ അനുവര്‍ത്തിക്കുന്നത്. പരമാവധിയാളുകള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിലൂടെ രോഗവ്യാപനം വലിയ അളവില്‍ കുറക്കാനാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന പറഞ്ഞു.

രോഗം സ്ഥിരീകരിച്ചവര്‍ക്ക് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താന്‍ വിപുലമായ ക്രമീകരണങ്ങളാണ് നിലവിലുള്ളത്. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തവര്‍ക്ക് വീടുകളില്‍ തന്നെയാണ് പ്രത്യേക നിരീക്ഷണ സൗകര്യം ഏര്‍പ്പെടുത്തുന്നത്. ഇതിനു കഴിയാത്തവര്‍ക്ക് തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങള്‍ ആരംഭിച്ച കോവിഡ് ഗൃഹവാസ പരിചരണ കേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്തുന്നു.ഗുരുതരമായ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് ഫസ്റ്റ് ലൈന്‍, സെക്കന്‍ഡ് ലൈന്‍,കോവിഡ് ആശുപത്രികളിലും  കേന്ദ്രങ്ങളിലുമാണ് ചികിത്സ നല്‍കുന്നത്.

കോവിഡ് സമൂഹ വ്യാപന സാധ്യത തടയാന്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ തുടരുന്നത്. ഇക്കാര്യത്തില്‍ പൊതുജന സഹകരണം മാതൃകാപരമാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം പൊലീസ് ഉള്‍പ്പെടെയുള്ള വിവിധ സര്‍ക്കാര്‍ വകുപ്പുകളും ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും രോഗ നിര്‍വ്യാപന പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. കടുത്ത നിയന്ത്രണങ്ങള്‍ സമൂഹ രക്ഷയ്ക്കാണെന്ന് തിരിച്ചറിഞ്ഞുള്ള സമീപനമാണ് പൊതുജനങ്ങളില്‍ നിന്നുമുള്ളത്. ഈ രീതിയില്‍ പ്രതിരോധം തുടരുന്നതോടെ കോവിഡ് മഹാമാരിയെ അതിജീവിക്കാനാകുമെന്നു ജില്ലാ കലക്ടര്‍ കെ ഗോപാല കൃഷ്ണന്‍ പറഞ്ഞു.

Sharing is caring!