കപ്പ ചലഞ്ച് വിജയം:  ജില്ലയില്‍ വിറ്റഴിച്ചത് 27 ടണ്‍ കപ്പ

കപ്പ ചലഞ്ച് വിജയം:  ജില്ലയില്‍ വിറ്റഴിച്ചത് 27 ടണ്‍ കപ്പ

കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ട്രിപ്പിള്‍ ലോക് ഡൗണും മഴക്കെടുതിയും പ്രതിസന്ധിയായപ്പോഴും ജില്ലയിലെ കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്ത് ജില്ലയില്‍ ഇതുവരെ വിറ്റഴിച്ചത്  27 ടണ്‍ കപ്പ. ജില്ലാ കൃഷി ഓഫീസറുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കപ്പ ചലഞ്ചിലൂടെയാണ് പ്രതിസന്ധിയെ മറികടന്ന് കപ്പ കര്‍ഷകര്‍ക്ക് കൃഷി വകുപ്പ് തുണയായത്. ജില്ലയിലെ സഹകരണ ബാങ്കുകളുടെയും സഹകരണ സൊസൈറ്റികളുടെയും പങ്കാളിത്തത്തോടെയായിരുന്നു കപ്പ ചലഞ്ച്. സഹകരണ സംഘങ്ങളുടെ സഹായത്തോടെ 4000 കിറ്റുകളിലായി 27 ടണ്‍ കപ്പയാണ് വിറ്റഴിക്കാനായത്. 100 രൂപയുടെയും 50 രൂപയുടെയും 4000 കിറ്റുകള്‍ ഒരുക്കിയായിരുന്നു വിപണനം. കപ്പ ചലഞ്ചിന്റെ ഉദ്ഘാടനം ജോയിന്റ് രജിസ്ട്രാര്‍ ഗ്ലാഡി ജോണ്‍ പുത്തൂര്‍ മലപ്പുറം ജില്ലാ കൃഷി ഓഫീസര്‍ ആര്‍ ശ്രീരേഖയില്‍ നിന്ന് കിറ്റ് വാങ്ങി നിര്‍വ്വഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാര്‍മാരായ എ. പി.സുമേഷ്, സുരേന്ദ്രന്‍ ചെമ്പ്ര, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബീന എന്നിവര്‍ പങ്കെടുത്തു.


കപ്പ ചലഞ്ച്; കര്‍ഷകര്‍ക്ക് കൈത്താങ്ങായി യുവജന സംഘടനകളും നാട്ടുകാരും

ജില്ലയിലെ കര്‍ഷകര്‍ക്ക് ലോക്ക്ഡൗണ്‍ കാലത്ത് കാര്‍ഷികോല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍  കൈത്താങ്ങാകുകയാണ് ജനകീയ കൂട്ടായ്്മകള്‍. സന്നദ്ധ സംഘടനകള്‍, യുവജന സംഘടനകള്‍,  രാഷ്ട്രീയ പാര്‍ട്ടികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് കര്‍ഷകര്‍ക്ക് പ്രതിസന്ധി ഘട്ടത്തില്‍ സഹായമേകുന്നത്. കര്‍ഷകരെ സഹായിക്കുന്നതിനായി കൃഷി ഭവന്‍ വഴി നടപ്പാക്കുന്ന കപ്പ ചലഞ്ചിലൂടെ   ഇതിനോടകം ടണ്‍ കണക്കിന് കപ്പയാണ് സംഘടനകളുടെയും നാട്ടുകാരുടെയും സഹായത്തോടെ വിറ്റഴിച്ചത്. കോവിഡ് 19 തുടര്‍ന്നുള്ള ലോക്ക്ഡൗണും ശക്തമായ മഴയും കാരണമാണ് ജില്ലയില്‍ കപ്പ, നേന്ത്രവാഴ തുടങ്ങിയവയുടെ വില്‍പ്പനയും വിപണനവും  തടസപ്പെട്ടത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ കൂടുതല്‍ വിസ്തൃതിയില്‍ തരിശുനിലങ്ങളില്‍ കൃഷിയിറക്കിയിരുന്നു. കര്‍ഷകര്‍ക്ക് നല്ല വിളവും ലഭിച്ചു. എന്നാല്‍ മഴ പെയ്തതോടെ പാടത്ത് വിളയിറക്കിയ ഏക്കര്‍ കണക്കിന് കപ്പ കൃഷി വെള്ളക്കെട്ടിലായി. ഇതോടെ വിളവെടുപ്പ് ഉടനെ ഒന്നിച്ച് നടത്തേണ്ട സാഹചര്യം ഉണ്ടാകുകയായിരുന്നു.  ടണ്‍ കണക്കിന് കപ്പയാണ് ഒറ്റയടിക്ക് വിറ്റഴിക്കേണ്ടി വരുന്നത്. കര്‍ഷകരെ സഹായിക്കുന്നതിനായി കൃഷി ഭവന്‍ മുഖേന പരമാവധി കാര്‍ഷികോല്‍പന്നങ്ങള്‍ ഏറ്റെടുക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വാട്ട്‌സ് ആപ്പ് കൂട്ടായ്മകള്‍ , യുവജന സംഘടനകള്‍ തുടങ്ങിയവരെല്ലാം കാര്‍ഷികോല്‍പന്നങ്ങളുടെ വിപണനത്തിന് സഹായവുമായി കൂടെയുണ്ട്. നേന്ത്രവാഴ, പൈനാപ്പിള്‍, മാങ്ങ, തണ്ണി മത്തന്‍ തുടങ്ങിയ കാര്‍ഷികോല്‍പന്നവും ഇത്തരത്തില്‍ വിപണിയിലെത്തിക്കുന്നുണ്ട്.  ജില്ലയില്‍ വേങ്ങര, വണ്ടൂര്‍, മലപ്പുറം, മഞ്ചേരി ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ കപ്പ കൃഷി ചെയ്യുന്നത്. കപ്പ വിറ്റഴിക്കാനായി ഉദ്യോഗസ്ഥര്‍ അന്തര്‍ സംസ്ഥാന വ്യാപാര കമ്പനികളുമായും ബന്ധപ്പെടുന്നുണ്ട്. ജില്ലയില്‍ 2000 ടണിലധികം കപ്പ ഇനിയും വിറ്റഴിക്കാനുണ്ട്.


കപ്പ കര്‍ഷകര്‍ക്ക് ആശ്വാസമേകി സഹകരണ ബാങ്കുകള്‍

കപ്പ കര്‍ഷകര്‍ക്ക് ആശ്വാസമായി ജില്ലയിലെ സഹകരണ ബാങ്കുകള്‍. കൃഷി വകുപ്പു മുഖേനെ കപ്പ കിറ്റുകള്‍ സംഭരിച്ച് കര്‍ഷകര്‍ക്ക് സഹായിക്കുകയാണ് ജില്ലയിലെ സഹകരണ ബാങ്കുകള്‍. കിറ്റുകള്‍ ശേഖരിച്ച് ആവശ്യക്കാരിലെത്തിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് ന്യായ വില ലഭിക്കുന്നു. കനത്ത മഴയെ തുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് ഇത് ഏറെ ആശ്വാസകരമാണ്. 100 രൂപയുടെ എട്ട്് കിലോ കിറ്റ്, 50 രൂപയുടെ നാല് കിലോ കിറ്റ് എന്നിങ്ങനെയാണ് വിപണനം.  ബാങ്കുകള്‍ കിറ്റുകളായാണ് കപ്പ സംഭരിക്കുന്നത്.  ഇതിലൂടെ ഒരു കിലോ കപ്പക്ക് 10 രൂപ വരെ കര്‍ഷകന് ലഭിക്കും.ട്രിപ്പിള്‍ ലോക് ടൗണിനെ തുടര്‍ന്ന് ജില്ലയില്‍ കപ്പ വാങ്ങാന്‍ ആളില്ലാത്ത അവസ്ഥ ഉണ്ടാകുകയും കിലോക്ക് നാല് രൂപ വരെയായി കുറയുകയും ചെയ്തിരുന്ന സാഹചര്യത്തില്‍ സഹകരണ ബാങ്കുകളുടെ പിന്തുണ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസകരമാണ്. കൊണ്ടോട്ടിയില്‍ സഹകരണ മേഖലയിലെ  12 ബാങ്കുകളും,  പെരിന്തല്‍മണ്ണയില്‍ 31 ബാങ്കുകളുമാണ് കര്‍ഷകര്‍ക്ക് കൈത്താങ്ങാകുന്ന സന്നദ്ധ പ്രവര്‍ത്തനം ഏറ്റെടുത്തിരിക്കുന്നത്. ഇതിനൊപ്പം നിലമ്പൂരില്‍ 68 ബാങ്കുകളും മഞ്ചേരിയില്‍ 26 ബാങ്കുകളും തിരൂരില്‍ 19 ബാങ്കുകളും കര്‍ഷകരെ സഹായിക്കുന്ന പ്രവര്‍ത്തനത്തിലാണ്. തിരൂരങ്ങാടിയില്‍ ഒന്‍പത് സഹകരണ ബാങ്കുകളാണ് കര്‍ഷകര്‍ക്ക് കൈത്താങ്ങാകുന്നത്. ശക്തമായ മഴയും ട്രിപ്പിള്‍ ലോക്ക്ഡൗണും കപ്പ കര്‍ഷകര്‍ക്ക് തിരിച്ചടിയായപ്പോള്‍ കൃഷി വകുപ്പിന്റെ സഹായത്തോടെ മികച്ച പ്രവര്‍ത്തനമാണ് ജില്ലയിലെ സര്‍വ്വീസ് സഹകരണ ബാങ്കുകള്‍ നടത്തുന്നത്.


കര്‍ഷകര്‍ക്ക് ആശ്വാസം: നിലമ്പൂരിലും സഹകരണ സ്ഥാപനങ്ങള്‍ കപ്പ സംഭരിക്കും

നിമ്പൂരിലെ കര്‍ഷകരില്‍ നിന്നും കിലോയ്ക്ക് 12 രൂപ നിരക്കില്‍ സഹകരണ സംഘങ്ങള്‍ കപ്പ സംഭരിച്ച് വില്‍പ്പന നടത്തും.സുഭിഷ കേരളം പദ്ധതിയിലൂടെ കപ്പ കൃഷി ചെയ്ത കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് തീരുമാനം.സുഭിഷ കേരളം പദ്ധതിയില്‍ കപ്പ കൃഷിക്ക് ഇറങ്ങിയവര്‍ക്ക് വിലയിടിവ് ഉണ്ടായാല്‍ ന്യായ വിലയ്ക്ക് വിപണനം നടത്താന്‍ സൗകര്യമൊരുക്കുമെന്ന സര്‍ക്കാര്‍ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൃഷി വകുപ്പ് കര്‍ഷകരില്‍ നിന്നും 10 രൂപക്ക് ശേഖരിച്ച് പാക്കറ്റുകളാക്കി സഹകരണ സംഘങ്ങള്‍ക്ക് നല്‍കും.  രണ്ടു രൂപ വീതം, ഹോര്‍ട്ടി കോര്‍പ്പ് പീന്നീട് കര്‍ഷകരുടെ ബാങ്ക്് അക്കൗണ്ടിലേക്ക് നല്‍കും. നിലമ്പൂര്‍ മേഖലയില്‍ മാത്രം 45 സഹകരണ സംഘങ്ങള്‍ കര്‍ഷകരില്‍ നിന്നും കപ്പ വാങ്ങും. എട്ട് കിലോയുടെയും, നാല്  കിലോയുടെയും പാക്കറ്റുകളാക്കിയാണ് കൃഷി വകുപ്പ് സഹകരണ സംഘങ്ങളില്‍ എത്തിക്കുക.വനിതാ സഹകരണ സംഘങ്ങളില്‍ ഉള്‍പ്പെടെ കപ്പ നല്‍കാം. ട്രിപ്പിള്‍ ലോക് ടൗണിനെ തുടര്‍ന്ന് ജില്ലയില്‍ കപ്പ വാങ്ങാന്‍ ആളില്ലാത്ത അവസ്ഥ ഉണ്ടാകുകയും കിലോക്ക് നാല് രൂപ വരെയായി വില കുറയുകയും ചെയ്ത സാഹചര്യത്തിലാണ് കര്‍ഷകരെ സഹായിക്കാനുള്ള തീരുമാനമുണ്ടായത്.


മരച്ചീനി കര്‍ഷകര്‍ക്ക് കൈത്താങ്ങായി ബ്ലോക്ക് ഡിവിഷന്‍

ശക്തമായ മഴയില്‍ പ്രതിസന്ധിയിലായ മരച്ചീനി കര്‍ഷകര്‍ക്ക് സഹായവുമായി ബ്ലോക്ക് ഡിവിഷന്‍. പെരിന്തല്‍മണ്ണ ബ്ലോക്ക് പട്ടിക്കാട് ഡിവിഷനാണ് കര്‍ഷകരില്‍ നിന്ന് മരിച്ചീനി ഏറ്റെടുത്ത് ഡിവിഷനിലെ കുടുംബങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മുസ്തഫ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
ട്രി്പ്പിള്‍ ലോക് ഡൗണും മഴക്കെടുതിയും കാരണം കര്‍ഷകര്‍ ബുദ്ധിമുട്ടിലായതോടെ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പട്ടിക്കാട് ഡിവിഷന്‍ അംഗവും സ്ഥിരം സമിതി അധ്യക്ഷനുമായ അസീസ് പട്ടിക്കാടിന്റെ നേതൃത്വത്തില്‍ കര്‍ഷകരില്‍ നിന്ന് മരച്ചീനി വിലയ്ക്ക് വാങ്ങി കുടുംബങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമിട്ടത്. ചടങ്ങില്‍ വൈസ് പ്രസിഡന്റ് വനജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയ തൊടി, സ്ഥിരം സമിതി അധ്യക്ഷരായ എന്‍.കെ.ബഷീര്‍, ബിന്ദു വടക്കേകോട്ട, ലത്തീഫ്, രജീഷ്, ജാഫര്‍, പി.യുസഫ്, കെ.ടി നജ്മല്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Sharing is caring!