ന്യൂട്രിഫിറ്റ് മലപ്പുറം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

ന്യൂട്രിഫിറ്റ് മലപ്പുറം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും സൂക്ഷ്മ പോഷണക്കുറവ് പരിഹരിക്കുന്നതിനും കോവിഡ്  കാലത്ത് പ്രതിരോധ ശക്തി ഉറപ്പ് വരുത്തുന്നതിനുമുളള  ന്യൂട്രിഫിറ്റ് മലപ്പുറം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. സുരക്ഷിത ഭക്ഷണം സമ്പൂര്‍ണ്ണ പോഷണം അങ്കണവാടികളിലൂടെ എന്ന ലക്ഷ്യത്തോട് കൂടി, വനിതാ ശിശു വികസന വകുപ്പ് ജില്ലാതല ഐ സി ഡി എസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കുമായി പ്രത്യേകമായി തയ്യാറാക്കപ്പെട്ട ഭക്ഷ്യ മിശ്രിതം വിതരണത്തിനൊരുങ്ങി. മൈക്രോ ന്യൂട്രിയന്റ്‌സിന്റെ  അപര്യാപ്തത പരിഹരിക്കാനും  ഗുണഭോക്താക്കള്‍ മാത്രമായി ഉപയോഗിക്കും എന്ന് ഉറപ്പ്  വരുത്തുകയും ചെയ്യാന്‍ കഴിയുന്ന രീതിയിലാണ്  ഈ പോഷണ മിശ്രിതം തയ്യാറാക്കിയിരിക്കുന്നത്. ഗ്രാവി- പ്രൊ (gravi-pro)എന്ന പേരില്‍ ഗര്‍ഭിണികള്‍ക്കും, ന്യുട്രി- മാം (nutri-mom) എന്ന പേരില്‍ പാലൂട്ടുന്ന അമ്മമാര്‍ക്കുമാണ് ഈ  സമ്പൂര്‍ണ പോഷകാഹാരം വിതരണം ചെയ്യുന്നത്. കാസര്‍ഗോഡ്    സി പി സി ആര്‍ ഐ യുടെ സാങ്കേതിക സഹായത്തോടെ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ യൂണിറ്റുകളാണ്  ഭക്ഷ്യ മിശ്രിതങ്ങള്‍  തയ്യാറാക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍  പൊന്നാനി ബ്ലോക്കിലെ    മുഴുവന്‍ പഞ്ചായത്തുകളിലും അരീക്കോട് ബ്ലോക്കിലെ ഊര്‍ങ്ങാട്ടിരി  പഞ്ചായത്തിലെ പട്ടിക വര്‍ഗ്ഗ  ഗുണഭോക്താക്കള്‍ക്കുമിടയില്‍, സെപ്റ്റംബര്‍  ആദ്യവാരം മുതല്‍ പൈലറ്റ് അടിസ്ഥാനത്തില്‍ ഗര്‍ഭിണികള്‍ക്ക് ഗ്രാവി -പ്രൊ പോഷണ്‍ മിക്‌സും മുലയൂട്ടുന്ന അമ്മമാര്‍ക്ക് ന്യുട്രി -മാം  പോഷണ്‍ മിക്‌സും വിതരണം ചെയ്തിരുന്നു. ഗുണഭോക്താക്കളില്‍ നിന്നും നേരിട്ട് ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച നല്ല പ്രതികരണങ്ങള്‍ കണക്കിലെടുത്താണ് ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നത്. ഐ സി ഡി എസ് ഗുണഭോക്താക്കളുടെ പോഷകാഹാര പ്രശ്‌നത്തില്‍ കൃത്യമായ ഇടപെടല്‍ നടത്തി ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാനാവും എന്ന ശുഭ പ്രതീക്ഷയിലാണ് മലപ്പുറം ജില്ലാ ഐ സി ഡി എസ്  ടീം .

Sharing is caring!