പരിശോധനാ ഫലം വരുന്നത് വരെ വീടുകളില്‍ നിരീക്ഷണത്തിന് നിര്‍ദേശം നല്‍കണമെന്ന് കലക്ടര്‍

പരിശോധനാ ഫലം വരുന്നത് വരെ വീടുകളില്‍ നിരീക്ഷണത്തിന് നിര്‍ദേശം നല്‍കണമെന്ന് കലക്ടര്‍

കോവിഡ് 19 രണ്ടാം തരംഗം ജില്ലയില്‍ അതി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്വകാര്യ ലാബുകളിലും ആശുപത്രികളിലും കോവിഡ് രോഗ നിര്‍ണ്ണ പരിശോധനക്കായി എത്തുന്നവര്‍ക്ക് നിരീക്ഷണ കാലാവധി സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് ജില്ലാ ദുരന്തനിവരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഉത്തരവിട്ടു. കോവിഡ് പരിശോധനക്ക് എത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതോടൊപ്പം പരിശോധന ഫലം ലാബ്സിസ് പോര്‍ട്ടലില്‍ രേഖപ്പെടുത്താനും നിര്‍ദേശമുണ്ട്.

ജില്ലയിലെ എല്ലാ ലാബുകളും ആശുപത്രികളും പ്രസ്തുത സ്ഥാപനങ്ങളില്‍ കോവിഡ് പരിശോധനക്ക് വരുന്ന എല്ലാ വ്യക്തികളുടെയും പേര്, വയസ്, ലിംഗം, വിലാസം, പഞ്ചായത്ത് അല്ലെങ്കില്‍ മുനിസിപ്പാലിറ്റി, മൊബൈല്‍ നമ്പര്‍, എസ്.ആര്‍.എഫ് ഐഡി, പരിശോധനാഫലം എന്നിവ രേഖപ്പെടുത്തിയ രജിസ്റ്റര്‍ സൂക്ഷിക്കണം. പരിശോധനക്ക് വരുന്ന വ്യക്തികളുടെ ഫോണ്‍ നമ്പര്‍, പഞ്ചായത്ത് അല്ലെങ്കില്‍ മുനിസിപ്പാലിറ്റി എന്നിവ കൃത്യമായി ലാബ്സിസ് പോര്‍ട്ടലില്‍ രേഖപ്പെടുത്തുകയും തുടര്‍ന്ന് പരിശോധനയുടെ ഫലം പോസിറ്റീവായാലും, നെഗറ്റീവായാലും അത് കൃത്യമായി പ്രസ്തുത പോര്‍ട്ടലില്‍ രേഖപ്പെടുത്തുകയും ചെയ്യണം.

കൂടാതെ കോവിഡ് പരിശോധനക്കായി വരുന്ന വ്യക്തിയുടെ പരിശോധനാ ഫലം അറിയുന്നതുവരെ അവരെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ബന്ധമായും ബന്ധപ്പെട്ട സ്ഥാപനം നിര്‍ദ്ദേശിക്കേണ്ടതാണ്. പരിശോധനാ ഫലം വന്നതിനുശേഷം നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കില്‍ ആ കാലയളവ് പൂര്‍ത്തിയാക്കുവാനും വ്യക്തികള്‍ക്ക് നിര്‍ദ്ദേശം നല്‍കണം. ഈ വിവരങ്ങള്‍ ലാബില്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ 1997 ലെ പകര്‍ച്ചവ്യാധി തടയല്‍ നിയമം, 2021 ലെ കേരള പകര്‍ച്ചവ്യാധി രോഗ ഓര്‍ഡിനന്‍സ്, ദുരന്ത നിവാരണ നിയമം 2005, എന്നിവ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

സഞ്ചരിക്കുന്ന മെഡി ക്ലിനിക് പര്യടനം ആരംഭിച്ചു

പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ സഞ്ചരിക്കുന്ന മെഡിക്ലിനിക് പര്യടനം ആരംഭിച്ചു. പതിനൊന്നാം വാര്‍ഡ് പള്ളിപ്പടിയിലാണ് കോവിഡ് രോഗികളുടെ  വീടുകളിലേക്ക്  ഡോക്ടര്‍മാരും നഴ്സും അടങ്ങുന്ന മെഡിക്കല്‍ സംഘത്തിന്റെ സേവനമെത്തിക്കുന്നത്.

കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍  കൂടുതല്‍ കോവിഡ് രോഗികളും  വീടുകളില്‍ തന്നെയാണ് കഴിയുന്നത്. ഇവരുടെ രോഗ വിവരങ്ങള്‍ അന്വേഷിക്കാനും ചികിത്സ ആവശ്യമെങ്കില്‍  നിര്‍ദേശിക്കുന്നതിനുമാണ് മെഡിക്കല്‍ സംഘത്തിന്റെ സേവനം ലഭ്യമാക്കുന്നത്. ക്വാറന്റീനില്‍ ഇരിക്കുന്നവരുടെ മാനസിക പിരിമുറുക്കം കുറക്കുന്നതിനും യഥാസമയം ചികിത്സ നല്‍കുന്നതിനും  ഡോക്ടര്‍ അടക്കമുള്ളവരുടെ സാന്നിധ്യം ഉപകരിക്കും

മെഡിക്ലിനിക്ക് പര്യടനത്തിന്റെ ഉദ്ഘാടനം  മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹ്‌മാന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഇസ്മായില്‍ മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ വി പി സുമയ്യ, ഡോ. അബൂബക്കര്‍ സി പി, ഡോ. മുഹമ്മദ് ഷഹീന്‍ പി, ഡോ. റിസ്ഫല്‍, ഡോ. അനസ് കെ പി,    സ്റ്റാഫ് നഴ്‌സ് സഫിയ എന്‍ എന്നിവരും ആര്‍. ആര്‍. ടി വളന്റിയര്‍മാരായ എന്‍ പി അക്ബര്‍, ഷുഹൈബ് കെ, ഷനൂഫ് എന്‍ പി, അന്‍സില്‍ കെ കെ, ആബിദ് എന്‍ തുടങ്ങിയവരാണു  സംഘത്തിലുള്ളത്.

Sharing is caring!