കടലാക്രമണം. പൊന്നാനിയില്‍ എഴുപതോളം വീടുകള്‍ തകര്‍ന്നു. ഇരുനൂറോളം വീടുകള്‍ വെള്ളത്തില്‍.

കടലാക്രമണം. പൊന്നാനിയില്‍ എഴുപതോളം വീടുകള്‍ തകര്‍ന്നു. ഇരുനൂറോളം വീടുകള്‍ വെള്ളത്തില്‍.

മലപ്പുറം: ശക്തമായ കടലാക്രമണത്തില്‍ പൊന്നാനി തീരദേശത്തെ എഴുപതോളം വീടുകള്‍ തകര്‍ന്നു. ഇരുനൂറോളം വീടുകള്‍ വെള്ളത്തിലുമായി.  കടല്‍വെള്ളം കയറി മണലും,ചെളിയും നിറഞ്ഞ് താമസയോഗ്യമല്ലാതായതോടെ നിരവധിപേര്‍ വീടുവീട്ടുപോയി.  സംഭവത്തെ തുടര്‍ന്ന് പൊന്നാനി താലൂക്കിലെ മൂന്നിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. പൊന്നാനി വില്ലേജ് പരിധിയിലും, വെളിയങ്കോട് തണ്ണിത്തുറയിലുമായാണ്  എഴുപതോളം വീടുകള്‍ തകര്‍ന്നത്.
പൊന്നാനി ലൈറ്റ് ഹൗസ്, മരക്കടവ്, മുറിഞ്ഞഴി, അലിയാര്‍ പളളി, മൈലാഞ്ചിക്കാട്, പുതുപൊന്നാനി അബു ഹുറൈറ പള്ളി പരിസരം, വെളിയങ്കോട് തണ്ണിത്തുറ, പത്തുമുറി, പെരുമ്പടപ്പ് പഞ്ചായത്തിലെ അജ്മീര്‍ എന്നീ മേഖലകളിലാണ് കടലാക്രമണം രൂക്ഷമായത്. താലൂക്കിലുടനീളം ഇരുന്നൂറിലധികം വീടുകളിലേക്കാണ് വെള്ളം കയറിയത്. മുറിഞ്ഞഴിയില്‍ കിഴക്കയില്‍ ഫസീല ,മഞ്ഞിങ്ങാന്റെ നഫീസു, ആല്യാമാക്കാന കത്ത് ഇ ബിച്ചി ബീവി, കാലത്തിന്റെ ഹാജറു, സ്രാങ്കിന്റെ താഹിറ, പുത്തന്‍പുരയില്‍ നഫീസു, ചന്തക്കാരന്റെ ശരീഫ, മാമുഞ്ഞിക്കാനകത്ത്കുഞ്ഞിപ്പാത്തു മൈലാഞ്ചിക്കാട് ഭാഗത്ത് കൊള്ളിന്റെ പാത്താന്‍ കുട്ടി, സീതിന്റെ പുരക്കല്‍ സൗദ, പഴയ പുരക്കല്‍ സിദ്ദീഖ്, മഞ്ഞാങ്ങാനെറ അശ്‌റഫ് ,പുതുപൊന്നാനി അബു ഹുറൈറ പള്ളിക്ക് സമീപം ആലിക്കുട്ടിന്റെ അലി, തണ്ണിപ്പാറന്റെ ബീരു, വെളിയങ്കോട് തണ്ണിത്തുറയില്‍ അമ്പലത്ത് വീട്ടില്‍ കയ്യ മോള്‍, തെരുവത്ത് സാലിഹ് ,കുരുക്കളത്ത് മനാഫ്, ഹാജിയാരകത്ത് അബൂബക്കര്‍ ,വടക്കേപ്പുറത്ത്  നൗഷാദ്, തണ്ടാം കോളില്‍ അലി, മാളിയേക്കല്‍ നഫീസ എന്നിവരുടെ വീടുകളുള്‍പ്പെടെയാണ് ഭാഗികമായി തകര്‍ന്നത്.ഇതില്‍ നിരവധി വീടുകള്‍ ഏത് നിമിഷവും കടലെടുക്കുമെന്ന സ്ഥിതിയിലുള്ളസ്ഥിയിലുള്ളത്. രാവിലെ മുതല്‍ കടല്‍ അതിരൂക്ഷമാവുകയും വീടുകള്‍ ഭാഗികമായി തകരുകയുമായിരുന്നു.പൊന്നാനിയില്‍ മുല്ലാ റോഡിനു പുറമെ മുറിഞ്ഞഴി, ലൈറ്റ് ഹൗസ് പരിസരം, മരക്കടവ്, അലിയാര്‍ പള്ളി പരിസരം എന്നിവിടങ്ങളിലും കടലാക്രമണം രൂക്ഷമായി. നിരവധി വീടുകളിലേക്ക് കടല്‍വെള്ളം കയറി മണലും,ചെളിയും നിറഞ്ഞ് താമസയോഗ്യമല്ലാതായി. കടലോരത്തെ നൂറോളം തെങ്ങുകള്‍ കടലാക്രമണത്തില്‍ കടപുഴകി. കടല്‍ഭിത്തിയില്ലാത്ത മേഖലകളിലാണ് കടലേറ്റം ശക്തമായിട്ടുള്ളത്.ഈ ഭാഗങ്ങളില്‍ തിരമാലകള്‍ നേരിട്ട് വീടുകളിലേക്ക് ആഞ്ഞടിക്കുകയാണ്. അതേ സമയം കടല്‍ വെള്ളം ഇരച്ചുകയറി തീരദേശ മേഖലയാകെ വെള്ളക്കെട്ടിലാണ്.അമ്പത് മീറ്ററിനകത്ത് താമസിക്കുന്ന വീടുകളാണ് തകര്‍ച്ചാഭീഷണിയിലുള്ളത്. കടലാക്രമണ ബാധിതരെ പുനരധിവസിപ്പിക്കാന്‍ ക്യാമ്പുകള്‍ റവന്യു വിഭാഗം തയ്യാറാക്കിയിട്ടുണ്ടെന്ന് പൊന്നാനി തഹസില്‍ദാര്‍ ടി.എന്‍.വിജയന്‍ അറിയിച്ചു. പൊന്നാനി എം.ഇ.എസ് ഹൈസ്‌കൂള്‍, വെളിയങ്കോട് ഫിഷറീസ് എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ് തുറന്നത്.എന്നാല്‍ കോവിഡിനെത്തുടര്‍ന്ന് ഭൂരിഭാഗം പേരും ക്യാമ്പുകളിലക്കെത്താന്‍ മടിക്കുകയാണ്. ചിലര്‍ ബന്ധുവീടുകളിലേക്കാണ് മാറി താമസിക്കുന്നത്. പൊന്നാനിയിലെ കടലാക്രമണ ബാധിത പ്രദേശങ്ങളില്‍ നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം സന്ദര്‍ശിച്ചു.തീരദേശ റോഡുകള്‍ പൂര്‍ണ്ണമായും വെള്ളക്കെട്ടിലായതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങളും ഏറെ ദുഷ്‌ക്കരമാണ്.കടലാക്രമണ ബാധിത പ്രദേശങ്ങള്‍ റവന്യൂ വിഭാഗം സന്ദര്‍ശിച്ചു.അതേ സമയം വള്ളിക്കുന്ന് അരിയല്ലൂര്‍ പരപ്പാല്‍ ബീച്ചില്‍  13 കുടുംബങ്ങള്‍ വലിയ ഭീഷണിയിലാണ് കഴിയുന്നത്. സര്‍ക്കാരില്‍ നിന്ന് ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല .നേരത്തെ ഒട്ടേറെ പ്രക്ഷോഭങ്ങള്‍ ജനങ്ങള്‍ നടത്തിയിരുന്നു.  ഇപ്പോള്‍ 150 മീറ്ററിലേറെ കടല്‍ കയറികഴിഞ്ഞു.

പൊന്നാനി താലൂക്കിലെ മൂന്നിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. പൊന്നാനി നഗരസഭ പൊന്നാനി എം.ഇ.എസ് ഹൈസ്‌കൂളിലും, വെളിയങ്കോട്ട് ഗ്രാമപഞ്ചായത്ത് ഗവ.ഫിഷറീസ് എല്‍.പി  സ്‌കൂളിലും, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പാലപ്പെട്ടി ഗവ. ഫിഷറീസ് യു.പി.സ്‌കൂളിലുമാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചത്.പൊന്നാനിയിലെ ക്യാമ്പില്‍ 5 കുടുംബങ്ങളെയും, വെളിയങ്കോട് ഗവ. ഫിഷറീസ് എല്‍.പി സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മൂന്ന് കുടുംബങ്ങളെയും,പാലപ്പെട്ടി ഗവ. ഫിഷറീസ് യു.പി.സ്‌കൂളില്‍ ആറ് കുടുംബങ്ങളെയും പ്രവേശിപ്പിച്ചു.വെളിയങ്കോട് വില്ലേജില്‍ 60 കുടുംബങ്ങളെയും
പെരുമ്പടപ്പ് വില്ലേജില്‍ 26 കുടുംബങ്ങളെയും
പൊന്നാനി നഗരം വില്ലേജില്‍ 68 കുടുംബങ്ങളെയും ബന്ധു വീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു.ക്യാമ്പില്‍ ഭക്ഷണത്തിന് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.കൂടുതല്‍ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യം വന്നാല്‍ കൂടുതല്‍  സ്‌കൂളുകള്‍ കൂടി ദുരിതാശ്വാസ ക്യാമ്പായി തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു

സംസ്ഥാനത്ത് ഇന്ന് മുതല്‍ മൂന്ന് ദിവസം അതി ശക്തമായ കാറ്റും മഴയും  ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് കോവിഡ് ചികിത്സ ലഭ്യമാകുന്ന ആശുപത്രികളിലും ഓക്സിജന്‍ ലഭ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും വൈദ്യുതി തടസ്സമില്ലാതിരിക്കാന്‍  ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി.
കോവിഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ജനറേറ്റര്‍ അല്ലെങ്കില്‍ റിഡന്റന്റ് പവര്‍ സോഴ്സുകള്‍ സ്ഥാപിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. വൈദ്യുത ബന്ധത്തിന് തകരാര്‍ വരുന്ന മുറയ്ക്ക് യുദ്ധകാല അടിസ്ഥാനത്തില്‍ പരിഹാരം കണ്ടെത്താനാവശ്യമായ തയ്യാറെടുപ്പുകള്‍, ആവശ്യമായ ടാസ്‌ക് ഫോഴ്സുകള്‍ തുടങ്ങിയവ മുന്‍കൂട്ടി സജ്ജമാക്കുന്നതിന് വൈദ്യുതി ബോര്‍ഡിനോടും നിര്‍ദേശിച്ചിട്ടുണ്ട്. ബന്ധപ്പെട്ട   സ്ഥാപനങ്ങളില്‍ വൈദ്യുതി മുടങ്ങുന്നില്ലെന്ന് വൈദ്യുതി വകുപ്പും ആരോഗ്യ വകുപ്പും ഉറപ്പുവരുത്തണമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവില്‍ പറയുന്നു.
ഇതിനൊപ്പം ദുരന്തനിവരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമുകള്‍, മറ്റ് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ എന്നിവിടങ്ങളിലും വൈദ്യുത തടസ്സം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് നിര്‍ദ്ദേശമുണ്ട്. ജില്ലാ തലത്തിലും താലൂക്ക് തലത്തിലുമുള്ള കണ്‍ട്രോള്‍ റൂമുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുണ്ടെന്ന് ബന്ധപ്പെട്ട നോഡല്‍ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവില്‍ പറയുന്നു.

Sharing is caring!