കോവിഡ് പരിശോധനാ ലാബുകളില്‍ സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധനനടത്തി

കോവിഡ് പരിശോധനാ ലാബുകളില്‍ സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധനനടത്തി

മലപ്പുറം ജില്ലയില്‍ കോവിഡ് ടെസ്റ്റ് നടത്തുന്ന സ്വകാര്യ ലാബുകളിലും ആശുപത്രികളിലും സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധനനടത്തി. കോവിഡ് ടെസ്റ്റുകള്‍ക്ക് ജില്ലയിലെ ചില സ്വകാര്യ ലാബുകള്‍ അമിത വില ഈടാക്കുന്നുവെന്ന പരാതിയിലാണ് പരിശോധന. ഡ്രഗ്‌സ് കണ്‍ട്രോള്‍, ലീഗല്‍ മെട്രോളജി, ജി.എസ്.ടി, ജില്ലാ ലാബ് ടെക്നീഷ്യന്‍ എന്നീ വകുപ്പുകള്‍ ഉള്‍പ്പെട്ട സ്‌ക്വാഡാണ് പരിശോധന നടത്തിയത്. നിലവില്‍ ജില്ലയില്‍ കോവിഡ് പരിശോധനക്ക് ആന്റിജന്‍, ആര്‍ ടി പി സി ആര്‍, ട്രൂ നാറ്റ്, എക്സ്‌പേര്‍ട്ട് നാറ്റ് എന്നീ ടെസ്റ്റുകളാണ് ചെയ്യുന്നത്. ആന്റിജന്‍ ടെസ്റ്റിന് 300 രൂപയും ആര്‍ട്ടിപിസിആര്‍ ടെസ്റ്റിന് 500 രൂപയും ട്രൂ നാറ്റ് ടെസ്റ്റിന് 1500 രൂപയും, എക്സ്‌പേര്‍ട്ട് നാറ്റ് ടെസ്റ്റിന് 2500 രൂപയുമാണ് സര്‍ക്കാര്‍ നിശ്ചയിച്ച വില. ആര്‍ട്ടിപിസിആര്‍ ടെസ്റ്റിന് മഞ്ചേരിയിലെ ഒരു സ്വകാര്യ ലാബ് 500 രൂപക്ക് പുറമെ സര്‍വ്വീസ് ചാര്‍ജിനത്തില്‍ 300 രൂപ അധികം വാങ്ങുന്നതായി പരിശോധനയില്‍ കണ്ടെത്തി. ലീഗല്‍ മെട്രോളജി വിഭാഗം 5000 രൂപ പിഴ ചുമത്തി. ചില സ്വകാര്യ ആശുപത്രികളില്‍ ആന്റിജന്‍ ടെസ്റ്റിന് പുറമെ ട്രൂനാറ്റ് ടെസ്റ്റ് മാത്രമേ ഉള്ളു എന്നതിനാല്‍ ടെസ്റ്റ് റേറ്റില്‍ ഉള്ള വ്യത്യാസം അറിയുന്നതിനായി സര്‍ക്കാര്‍ നിശ്ചയിച്ച വിലവിവരങ്ങള്‍ പൊതു ജനങ്ങള്‍ക്ക് കാണാത്തക്കവിധം പ്രദര്‍ശിപ്പിക്കാനും നിര്‍ദ്ദേശം നല്‍കി.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സ്‌ക്വാഡ് കണ്‍വീനര്‍ അറിയിച്ചു. പരിശോധനയില്‍ ജില്ലാ ഡ്രഗ്‌സ് ഇന്‍സ്പെക്ടര്‍ ഡോ. നിഷിത് എം.സി, ഡ്രഗ്‌സ്, ഇന്‍സ്പെക്ടര്‍ ആര്‍. അരുണ്‍ കുമാര്‍, ഡെപ്യൂട്ടി കണ്‍ട്രോളര്‍ ലീഗല്‍ മെട്രോളജി സുജ എസ് മണി, ഇന്‍സ്പെക്ടിങ് അസിസ്റ്റന്റ് മോഹനന്‍, സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ സജീഷ്, ജില്ലാ ലാബ് ടെക്‌നീഷ്യന്‍ കെ. പ്രമോദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Sharing is caring!