കേരളത്തിലെ കോവിഡ് കെയര്‍ ഉപകാരണങ്ങളുടെ ലഭ്യത കുറവ് പരിഹരിക്കാന്‍ പ്രവാസലോകത്തെ ഏറ്റവും വലിയ സാമൂഹിക കൂട്ടായ്മയായ യു.എ.ഇ കെ.എം.സി.സിയും

കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ കേരളം അഭിമുഖീകരിക്കാന്‍ ഇടയുള്ള കോവിഡ് കെയര്‍ ഉപകാരണങ്ങളുടെ ലഭ്യത കുറവ് പരിഹരിക്കാന്‍ യു.എ.ഇ കെ.എം.സി.സിയും പ്രവര്‍ത്തനം ആരംഭിച്ചു. നാട്ടില്‍ സംഭവിച്ചേക്കാവുന്ന മെഡിക്കല്‍ എമര്‍ജന്‍സി കൈകാര്യം ചെയ്യുന്നതില്‍ കേരളാസര്‍ക്കാറിനെ സഹായിക്കാനാണ് നോര്‍ക്കയുമായി സഹകരിച്ചു കെ.എം.സി.സി യു.എ.ഇ നാഷണല്‍ കമ്മിറ്റിയുടെ നീക്കം. പ്രവാസലോകത്തെ ഏറ്റവും വലിയ സാമൂഹിക കൂട്ടായ്മയായ കെ.എം.സി.സി മെഡിക്കല്‍ ഉപകരണങ്ങള്‍ സമാഹരിച്ചു നല്‍കാനായി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു മണിക്കൂറുകള്‍ക്കുള്ളിലാണ് അഞ്ഞൂറ് പള്‍സ് ഓക്‌സിമീറ്ററുകളും രണ്ടു വെന്റിലേറ്ററുകളും തയ്യാറായത്.ഈ ദൗത്യത്തിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ സമാഹരിച്ച ഉപകരണങ്ങള്‍ കേരള മെഡിക്കല്‍ സര്‍വ്വീസ് കോ.ഓപ്പറേഷന് എത്തിക്കുന്നതിനായി നോര്‍ക്ക ഡയറക്ടര്‍ ഒ.വി മുസ്ഥഫക്കു കൈമാറിയതായി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് പുത്തൂര്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി അന്‍വര്‍ നഹ എന്നിവര്‍ അറിയിച്ചു.
കോവിഡ് രോഗികള്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യത മുന്‍ കൂട്ടി ഉറപ്പാക്കുന്നതിനു കേരള ഗവണ്മെന്റ് ശ്രമമാരംഭിച്ചിട്ടുണ്ട്. ഇതിനായി കെ.എം.സി.സി ഉള്‍പ്പെടെ പ്രവാസി സംഘടനകളുടെ സഹകരണം മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. കോവിഡ് രൂക്ഷമായേക്കാവുന്ന സാഹചര്യത്തില്‍ കേരളത്തിലെ ഓക്‌സിജന്‍ പ്ലാന്റുകളെല്ലാം ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുകയാണ്. കൂടുതല്‍ സുരക്ഷാസന്നാഹങ്ങള്‍ ഒരുക്കിയിരിക്കുക എന്നതാണ് നമ്മുടെ മുന്നിലെ വഴി. ഇക്കാര്യത്തില്‍ കേരള ഗവണ്മെന്റിനു ആവശ്യമായ സഹായങ്ങള്‍ സമാഹരിച്ചു നല്‍കാന്‍ കെ.എം.സി.സി പദ്ധതികള്‍ ആവിഷ്‌കരിച്ചുവരികയാണെന്നും പുത്തൂര്‍ റഹ്മാന്‍ വിശദീകരിച്ചു. നിലവില്‍ സമാഹരിച്ച വെന്റിലേറ്ററുകളും ഓക്‌സിമീറ്ററുകളും നോര്‍ക്ക ഡയരക്ടര്‍ക്കു കൈമാറുന്ന ചടങ്ങില്‍ യു.എ.ഇ കെ.എം.സി.സി നേതാക്കളായ ശംസുദ്ദീന്‍ ബിന്‍ മുഹിയിദ്ദീന്‍,പുത്തൂര്‍ റഹ്മാന്‍, അന്‍വര്‍ നഹ, അന്‍വര്‍ അമീന്‍ , ജാബിര്‍ വഹാബ് എന്നിവര്‍ സംബന്ധിച്ചു.

 

Sharing is caring!