മാതൃകയാണ് മലപ്പുറത്തെ ഈ വാര്‍ഡംഗം

മാതൃകയാണ് മലപ്പുറത്തെ ഈ വാര്‍ഡംഗം

കോവിഡ് കാലത്ത് മാതൃകയാണ് മലപ്പുറത്തെ ഈ വാര്‍ഡംഗം. പിപിഇ കിറ്റിട്ട് കൈയില്‍ ഓക്സിമീറ്ററുമായി സ്‌കൂട്ടറില്‍ വാര്‍ഡിലെ കോവിഡ് രോഗികള്‍ക്കിടയിലാണ് മലപ്പുറം തേഞ്ഞിപ്പലം പഞ്ചായത്തിലെ നാലാം വാര്‍ഡംഗം ഹലീമ സംഷീര്‍. കോവിഡ് രണ്ടാം തരംഗ കാലത്ത് ആശ്വാസവാക്കുകളുമായി രോഗികള്‍ക്ക് കരുതലൊരുക്കുന്ന യാത്ര. വാര്‍ഡിലെ കോവിഡ് രോഗികളുള്ള എല്ലാ വീട്ടിലും ഹലീമയെത്തും. ശരീരത്തിലെ ഓക്‌സിജന്‍ ലെവല്‍ പരിശോധിച്ച് കുറവുണ്ടെങ്കില്‍ ആരോഗ്യ വകുപ്പധികൃതരെ അറിയിക്കും. വീടുകളില്‍ കഴിയുന്ന മിക്കവരുടെയും കൈയില്‍ ഓക്‌സിമീറ്റര്‍ ഇല്ലാത്തതാണ് മെമ്പര്‍തന്നെ സേവനം ഏറ്റെടുക്കാന്‍ കാരണം. അസുഖബാധിതര്‍ക്ക് ആത്മവിശ്വാസം പകരാമെന്ന ലക്ഷ്യവുമുണ്ട്.
സിപിഐ എം പ്രതിനിധിയാണ് ഹലീമ. ആദ്യമായാണ് പഞ്ചായത്തംഗമാകുന്നത്. വീടുകളില്‍ കയറുമ്പോള്‍ രോഗികളല്ലാത്തവരെ കോവിഡ് മാനദണ്ഡം പാലിക്കണമെന്ന് ഓര്‍മിപ്പിക്കാനും ഈ ജനകീയ മെമ്പര്‍ മറക്കുന്നില്ല. പിപിഇ കിറ്റുള്‍പ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങള്‍ സ്വന്തം ചെലവിലാണ് വാങ്ങിയിരുന്നത്. ഓക്സിമീറ്റര്‍ ആരോഗ്യ വകുപ്പ് നല്‍കി. ചൂടുകാലത്ത് പിപിഇ കിറ്റിട്ട് മണിക്കൂറുകള്‍ വെയിലത്തുള്ള യാത്ര പ്രയാസകരമാണെങ്കിലും അതൊന്നും അവര്‍ കാര്യമാക്കുന്നില്ല. മെമ്പറുടെ സേവനത്തിനുള്ള പ്രോത്സാഹനമായി സിപിഐ എം വില്ലൂന്നിയാല്‍ ബ്രാഞ്ച് ഹലീമക്ക് കഴിഞ്ഞ ദിവസം പിപിഇ കിറ്റുകള്‍ സമ്മാനിച്ചിരുന്നു. സിപിഐ എം തേഞ്ഞിപ്പലം ലോക്കല്‍ സെക്രട്ടറി സി സുനില്‍ കുമാര്‍ കിറ്റ് കൈമാറി.

 

Sharing is caring!